18 June Friday

മരണക്കയത്തില്‍ ഇന്ത്യ: മോഡിക്ക് വിദേശമാധ്യമങ്ങളുടെ കുറ്റപത്രം

വെബ് ഡെസ്‌ക്‌Updated: Monday Apr 26, 2021

ലണ്ടന്‍ > ഇന്ത്യയിലെ കോവിഡ് വ്യാപനം ഇത്രയും വഷളാക്കിയതില്‍ മോഡി സര്‍ക്കാരിന്റെ പിടിപ്പുകേട് തുറന്നുകാട്ടി  വിദേശ മാധ്യമങ്ങള്‍. ദി ഗാര്‍ഡിയന്‍, വാള്‍ സ്ട്രീറ്റ് ജേണല്‍, ടൈം മാഗസിന്‍, ബിബിസി, ദി ഇക്കണോമിസ്റ്റ്, അല്‍ ജെസീറ, ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ്, ഫിനാന്‍ഷ്യല്‍ ടൈംസ്, ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ മാധ്യമങ്ങളെല്ലാം ബിജെപി സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിച്ച് രംഗത്ത് വന്നു. പിടിപ്പുകേടുകള്‍  തുടര്‍ന്നാല്‍ ചരിത്രം മോഡിയെ പൊതുജനാരോഗ്യത്തെ വിനാശത്തിലേക്ക് നയിച്ച ആള്‍ എന്ന് വിലയിരുത്തുമെന്നും മാധ്യമങ്ങള്‍ ഓര്‍മപ്പെടുത്തി.

ദി ഗാര്‍ഡിയന്‍

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അമിത ആത്മവിശ്വാസം രാജ്യത്തെ വിനാശകരമായ സ്ഥിതിയിലേക്ക് എത്തിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് ദി ഗാര്‍ഡിയന്‍ എഡിറ്റോറിയല്‍ എഴുതി. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്പോള്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ മോഡിയെ ഡോണള്‍ഡ് ട്രംപിനോടാണ് ഉപമിക്കുന്നത്. ഇന്ത്യയെ ഫാര്‍മ ഹബ്ബാക്കാന്‍ വിദേശ രാജ്യങ്ങള്‍ സഹായിച്ചെങ്കിലും അത് കൃത്യമായി ഉപയോഗിച്ചില്ല. മോഡിയുടെ അമിത ആത്മവിശ്വാസവും വിനയായി.തന്റെ കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ മോഡി സംസ്ഥാന സര്‍ക്കാരുകളോടാണ് ആവശ്യപ്പെടുന്നത്.

ടൈം മാസിക


ഇത് നരകമാണ് എന്ന തലക്കെട്ടിലാണ് ഇന്ത്യയുടെ കോവിഡ് പ്രതിസന്ധിയിലേക്ക് നയിച്ച മോഡിയുടെ വീഴ്ചകളെക്കുറിച്ച് ടൈം മാസിക ലേഖനം പ്രസിദ്ധീകരിച്ചത്. കോവിഡിന്റെ രണ്ടാം തരംഗത്തിനിടയിലും ബിജെപി നേതൃത്വവും സര്‍ക്കാരുകളും കുംഭമേള നടത്താന്‍ ആഹ്വാനം ചെയ്തു.ഓക്‌സിജന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സ്വീകരിച്ചില്ല. മരണം മറച്ചുവയ്ക്കുന്നുവെന്ന് തെളിവ് സഹിതം ലേഖനം തുറന്നു കാട്ടുന്നു.130 കോടി ജനങ്ങളുടെ സേവകന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന എന്നാല്‍, ഒരു ക്രിമിനലിനെപ്പോലെ തന്റെ കടമകള്‍  ഉപേക്ഷിച്ച മോഡിക്കാണ് രാജ്യത്തിന്റെ ഈ അവസ്ഥയുടെ ഉത്തരവാദിത്തം.

ദി ടൈംസ്

രണ്ടാം തരംഗത്തെ വിലകുറച്ചു കണ്ട മോഡിയുടെ അലംഭാവവും നിഷേധ സമീപനവും വിനയായി. മോഡി രാജ്യത്തെ കോവിഡ് പ്രതിസന്ധിയിലേക്ക് തള്ളി വിടുകയായിരുന്നുവെന്നും  ടൈംസ് വിമര്‍ശിച്ചു.സര്‍ക്കാരില്‍ നിന്നുണ്ടായ നിരന്തരമായ വീഴ്ചകള്‍ ഇന്ത്യയില്‍ കോവിഡ് സുനാമിയിലേക്ക് വഴിവച്ചു. ബംഗാളില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് നടത്തിയ റാലിയെ മോഡി തന്നെ അഭിനന്ദിച്ചതും പത്രം എടുത്തുപറയുന്നു.

ഫിനാന്‍ഷ്യല്‍ ടൈംസ്


തയ്യാറെടുപ്പുകളുടെ അലംഭാവമാണ് ഈ വിനാശകരമായ സാഹചര്യത്തിലേക്ക് നയിച്ചത്. ഇത് ആരോഗ്യ പ്രതിസന്ധിക്കും ഇന്ത്യയില്‍ മനുഷ്യ ദുരന്തത്തിനും ഇടയാക്കി.

വാഷിങ്ടണ്‍ പോസ്റ്റ്


 നിയന്ത്രണങ്ങളില്‍ വേഗത്തില്‍ ഇളവ് നല്‍കിയതും ഇഴഞ്ഞ് നീങ്ങുന്ന വാക്‌സിനേഷന്‍ ക്യാമ്പെയ്നും സ്ഥിതി മോശമാക്കി. വിവിധ സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ ക്ഷാമത്തെക്കുറിച്ചും പത്രം ചൂണ്ടിക്കാട്ടുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top