29 February Saturday

രോഹിൻഗ്യകളുടെ വംശഹത്യ മ്യാൻമർ തടയണം: യുഎൻ കോടതി

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

ഹേഗ്‌>  രോഹിൻഗ്യൻ ജനതയ്‌ക്കെതിരെയുള്ള വംശഹത്യ തടയാൻ മ്യാൻമർ സർക്കാരിന്റെ അധികാരമനുസരിച്ചുള്ള എല്ലാ നടപടിയും സ്വീകരിക്കാൻ അന്താരാഷ്ട്ര കോടതി ഉത്തരവിട്ടു. രോഹിൻഗ്യൻ വംശജരെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള  ഈ ഇടക്കാല ഉത്തരവ്‌ നടപ്പാക്കാൻ മ്യാൻമർ ബാധ്യസ്ഥമാണെന്നും യുഎൻ കോടതി വ്യക്തമാക്കി. കേസിൽ അന്തിമ വിധിക്ക്‌ വർഷങ്ങളെടുത്തേക്കും.

അമ്പത്തേഴ്‌ രാഷ്ട്രങ്ങൾ അംഗമായ ഇസ്ലാമിക സഹകരണ സംഘടനയ്‌ക്കുവേണ്ടി ആഫ്രിക്കൻ രാജ്യമായ ഗാമ്പിയ സമർപ്പിച്ച ഹർജിയിൽ യുഎൻ കോടതിയിലെ 17 ജഡ്‌ജിമാരടങ്ങിയ സമിതി ഏകകണ്ഠമായാണ്‌ ഇടക്കാല ഉത്തരവിട്ടത്‌. മ്യാൻമറിലെ രോഹിൻഗ്യകൾ ഇപ്പോഴും കടുത്ത ആക്രമണസാധ്യത നേരിടുകയാണെന്നാണ്‌ അന്താരാഷ്ട്ര കോടതിയുടെ അഭിപ്രായമെന്ന്‌ സമിതി തലവനായ ജഡ്‌ജി അബ്ദുൾഖാവി അഹ്‌മദ്‌ യൂസുഫ്‌ പറഞ്ഞു.

വ്യാഴാഴ്‌ച ഒരുമണിക്കൂർ നീണ്ട സിറ്റിങ്ങിനുശേഷമാണ്‌ ഉത്തരവ്‌ നൽകിയത്‌. ഇത്‌ നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ സംബന്ധിച്ച്‌ മ്യാൻമർ നാലു മാസത്തിനകം റിപ്പോർട്ട്‌ നൽകണം. തുടർന്ന്‌ ഓരോ ആറു മാസം കൂടുമ്പോഴും റിപ്പോർട്ട്‌ നൽകണം.

മ്യാൻമറിലെ രോഹിൻഗ്യകൾ തിങ്ങിപ്പാർക്കുന്ന രാഖിനെ സംസ്ഥാനത്ത്‌ അവർക്കെതിരെ 2017ൽ ഉണ്ടായ സൈനിക നടപടിയാണ്‌ കേസിന്‌ ഇടയാക്കിയത്‌. സ്‌ത്രീകളും കുട്ടികളും വയോധികരും ഭിന്നശേഷിക്കാരും ഗർഭിണികളുമെല്ലാം നിഷ്‌ഠുരമായ അതിക്രമങ്ങൾക്ക് ഇരയായി.

 തലമുറകളായി മ്യാൻമറിൽ കഴിയുന്ന 10 ലക്ഷത്തിലധികം രോഹിൻഗ്യകളിൽ ഏഴ്‌ ലക്ഷത്തിൽപ്പരമാളുകൾ ബംഗ്ലാദേശിലേക്ക്‌ പലായനം ചെയ്‌തു. ഇന്ത്യ അവർ കടക്കുന്നത്‌ തടഞ്ഞിരുന്നു. ബംഗ്ലാദേശിൽനിന്നുള്ള ബംഗാളികളാണ്‌ രോഹിൻഗ്യകൾ എന്നാണ്‌  മ്യാൻമർ നിലപാട്‌.


പ്രധാന വാർത്തകൾ
 Top