26 May Tuesday

മസ്‌ക്കത്തില്‍ ഏപ്രില്‍ 10 മുതല്‍ 12 ദിവസത്തേക്ക് ലോക് ഡൗണ്‍

അനസ് യാസിന്‍Updated: Wednesday Apr 8, 2020

മനാമ> കൊറോണ വൈറസ് വ്യാപനം തടയാനുള്ള ശ്രമത്തിന്റെ ഭാഗാമായി ഒമാന്‍ തലസ്ഥാനമായ മസ്‌ക്കത്ത് ഏപ്രില്‍ 10 മുതല്‍ 22 വരെ അടച്ചിടും. ഏപ്രില്‍ 10 ന് രാവിലെ 10 മുതല്‍ ലോക്ഡൗണ്‍ ആരംഭിക്കും. റോഡുകളില്‍ എല്ലായിടത്തും ചെക്ക് പോയ്ന്റുകള്‍ ഉണ്ടാകും.

മറ്റ് ഗവര്‍ണറേറ്റിലെ ചെക്ക് പോയിന്റുകളും തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചു. ഓണ്‍ലൈന്‍ പഠനത്തിന് മുന്‍തൂക്കം നല്‍കാന്‍ സമിതി നിര്‍ദേശിച്ചു.

ആഭ്യന്തര മന്ത്രി സയ്യിദ് ഹമൗദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊറോണവൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സുപ്രീംകമ്മിറ്റി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. മസ്‌ക്കത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്നാണ് നടപടി.

ബുധനാഴ്ച രോഗം സ്ഥിരീകരിച്ച 48 ല്‍ 41 പേരും മസ്‌കത്ത് മേഖലയില്‍ നിന്നുള്ളവരാണ്. ഇതോടെ മസ്‌ക്കത്തില്‍  രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 334 ആയി ഉയര്‍ന്നു. ഇതില്‍ 34 പേര്‍ രോഗമുക്തി നേടി. കോവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ ഒന്നുമുതല്‍ മത്ര വിലായാത്ത് അടച്ചിട്ടിരിക്കയാണ്. അമീറാത്ത്, സീബ്, ബോഷര്‍, മസ്‌കത്ത്, മത്ര, ഖുറിയാത്ത് എന്നീ ജില്ലകള്‍  ഉള്‍പ്പെട്ടതാണ് മസ്‌കത്ത് ഗവര്‍ണറേറ്റ്.

ഒമാനില്‍ ബുധനാഴ്ച 48 പേര്‍ക്ക് കൂടി കൊറോണവൈറസ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 419 ആയി ഉയര്‍ന്നു. ഇതില്‍ 72 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതുവരെ രണ്ട് പേര്‍ മരിച്ചു.




 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top