23 January Wednesday

ആർത്തവപ്പുരയിൽ പുക ശ്വസിച്ച‌് അമ്മയും മക്കളും മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019

കാത‌്മണ്ഡു > ജനലില്ലാത്ത ആർത്തവപ്പുരയിൽ പുക ശ്വസിച്ച‌് അമ്മയും രണ്ട‌് മക്കളും മരിച്ചു. വെസ്റ്റേൺ ബാജുര ജില്ലയിലെ അംബ ബോഹാര (35) യും 11ഉം 12ഉം വയസുള്ള രണ്ട‌്  ആൺകുട്ടികളുമാണ‌് പുക ശ്വസിച്ച‌് മരിച്ച‌ത‌്. രാത്രി തണുപ്പിൽ നിന്നും രക്ഷനേടാൻ ഇവർ കുടിലിന‌് സമീപം തീകൂട്ടിയിരുന്നു. രാവിലെ അംബയുടെ ഭർതൃമാതാവ‌് കുടിലിന്റെ വാതിൽ തുറന്നപ്പോഴാണ‌് ദുരന്തം അറിയുന്നത‌്. നേപ്പാളിൽ ആർത്തവസമയത്ത‌് സ‌്ത്രീകളെ ഒറ്റയ‌്ക്ക‌ാക്കുന്ന ദുരാചാരമായ ചൗപദിയുടെ ഒടുവിലത്തെ ഇരയാണ‌് അംബയും മക്കളും.

സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന‌് പൊലീസ‌് മേധാവി ഉദ്ദബ‌് സിങ് പറഞ്ഞു. ആർത്തവസമയത്ത‌് സ‌്ത്രീകൾ ചൗഗോത്ത‌് എന്ന പരമ്പരാഗത കുടിലിൽ ഒറ്റയ‌്ക്കാണ‌് കഴിയേണ്ടത‌്. മതപരമായ കാര്യങ്ങൾക്കും വിലക്കുണ്ട‌്. കഴിഞ്ഞവർഷം ആർത്തവസമയത്ത‌് ഇങ്ങനെ കഴിഞ്ഞ പെൺകുട്ടി പാമ്പുകടിയേറ്റ‌് മരിച്ചിരുന്നു. തുടർന്ന‌് കഴിഞ്ഞ വർഷം പാർലമെന്റ‌് ചൗപദി ക്രിമിനൽ കുറ്റമാക്കിയിരുന്നു‌. മൂന്നുമാസം തടവും 3000 രൂപ പിഴയുമാണ‌് ശിക്ഷ. എന്നാൽ പ്രാകൃതമായ ഈ ദുരാചാരം തുടരുന്നതിന്റെ തെളിവാണ‌് അംബയുടെ മരണം. നിയമം നടപ്പാക്കുന്നതിൽ പൊലീസ‌് കൂടുതൽ ശ്രദ്ധിക്കണമെന്ന‌് മനുഷ്യാവകാശ കമീഷൻ ആവശ്യപ്പെട്ടു.


പ്രധാന വാർത്തകൾ
 Top