18 September Wednesday

പ്രധാനമന്ത്രി മോഡി ഗള്‍ഫില്‍; പര്യടനം 3 ദിവസം

അനസ് യാസിന്‍Updated: Saturday Aug 24, 2019

മനാമ> പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഗള്‍ഫ് പര്യടനത്തിന് വെള്ളിയാഴ്ച രാത്രി തുടക്കമായി.  മൂന്നു ദിവസം നീളുന്ന പര്യടനത്തില്‍ യുഎഇയിലെയും ബഹ്‌റൈനിലെയും വിവിധ പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഇരു രാജ്യങ്ങളിലെയും ഭരണനേതാക്കളുമായി മോഡി ചര്‍ച്ചനടത്തും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പ്രധാനമന്ത്രിക്കൊപ്പമുണ്ട്.

ഫ്രാന്‍സില്‍നിന്നും വെള്ളിയാഴ്ച രാത്രി 9.45-ന് മോദി അബുദാബിയിലെത്തും. ശനിയാഴ്ച രാവിലെ പത്തിന് യുഎഇ ഹോട്ടല്‍ എമിറേറ്റ്സ് പാലസില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യയുടെ റുപേ കാര്‍ഡിന്റെ ഗള്‍ഫ് തല ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും. വാണിജ്യ-വ്യാവസായിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. ഉച്ചക്ക് 12ന് അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ നടക്കുന്ന ചടങ്ങില്‍ യുഎഇയുടെ ഉയര്‍ന്ന ബഹുമതിയായ സായിദ് മെഡല്‍ പ്രധാനമന്ത്രി ഏറ്റു വാങ്ങും.

അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉള്‍പ്പെടെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക സ്റ്റാമ്പ് പ്രധാനമന്ത്രിയും അബുദബി കിരീടവകാശിയും ചേര്‍ന്ന് പുറത്തിറക്കും.

തുടര്‍ന്നു ശനിയാഴ്ച ഉച്ചക്ക് ഒന്നിന് ബഹ്റൈനില്‍ എത്തും. ബഹ്‌റൈന്‍ ഭരണകര്‍ത്താക്കളും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും സ്വീകരിക്കും. ബഹ്‌റൈനില്‍ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനമാണ്. ബഹ്‌റൈന്‍ രാജാവ്, പ്രധാനമന്ത്രി എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും. വൈകീട്ട് അഞ്ചിന് ഇസാ ടൗണ്‍ സ്‌റ്റേഡിയത്തില്‍ പൊതു സമ്മേളനത്തില്‍ പ്രധാനമന്ത്രി സംസാരിക്കും. രാത്രി രാജാവിനൊപ്പം അത്താഴ വിരുന്ന്. ഞായറാഴ്ച രാവിലെ മനാമയിലെ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ നവീകരണപരിപാടി ഉദ്ഘാടനംചെയ്യും. വൈകീട്ടോടെ ഫ്രാന്‍സിലേക്ക് തിരിക്കും. ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് യാത്ര.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top