24 May Friday

പോംപിയോയെ നീക്കണം: ഉത്തരകൊറിയ

വെബ് ഡെസ്‌ക്‌Updated: Friday Apr 19, 2019

പ്യോങ്‌യാങ‌്
അസംബന്ധം പറയുന്ന യു‌എസ‌് സ‌്റ്റേറ്റ‌് സെക്രട്ടറി മൈക‌് പോംപിയോയെ ആണവ ചർച്ചകളിൽനിന്ന‌് ഒഴിവാക്കണമെന്ന‌് ഉത്തരകൊറിയ. കൂസലില്ലാതെ അസംബന്ധം പറയുന്നയാളാണ‌് പോംപിയോ എന്നും അദ്ദേഹത്തെവച്ച‌ുള്ള ആണവചർച്ച മുന്നോട്ടുപോകില്ലെന്നും ഉത്തരകൊറിയൻ വിദേശമന്ത്രാലയ ഉദ്യോഗസ്ഥൻ ക്വോൻ ജോങ‌് ഗൻ പറഞ്ഞു. പകരം കൂടുതൽ ശ്രദ്ധാലുവായ മറ്റൊരാളെ നിയോഗിക്കണം. ഹനോയി ഉച്ചകോടി പരാജയപ്പെട്ടതിന‌ു കാരണം പോംപിയോ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
 
കഴിഞ്ഞ ആഴ‌്ച നടന്ന യുഎസ‌് സെനറ്റ‌് സബ‌്കമിറ്റി യോഗത്തിൽ കിം ജോങ‌് അന്നിനെ പോംപിയോ ഏകാധിപതിയെന്ന‌് വിളിച്ചിരുന്നു. കിം ജോങ‌് അന്നുമായി നേരിട്ടുള്ള ചർച്ചയ‌്ക്കടക്കം കഴിഞ്ഞ വർഷം നാലുതവണയാണ‌് പോംപിയോ ഉത്തരകൊറിയ സന്ദർശിച്ചത‌്. ജൂലൈയിൽ പ്യോ ങ‌്‌യാങ്ങിൽ നടന്ന ചർച്ചയിൽ മൈക‌് പോംപിയോ പ്രകടിപ്പിച്ച ഗുണ്ടാ പ്രകൃതത്തിനെതിരെയും വിമർശമുയർന്നിരുന്നു.
പുതിയ ആയുധം പരീക്ഷിച്ചെന്ന‌്

ഉത്തരകൊറിയ പുതിയ ആയുധം പരീക്ഷിച്ചതായി ദേശീയ മാധ്യമം കൊറിയൻ സെൻട്രൽ ന്യൂസ‌് ഏജൻസി റിപ്പോർട്ട്‌ ചെയ‌്തു. അമേരിക്കയുമായി നടന്ന ചർച്ച പരാജയപ്പെട്ട ശേഷം ആദ്യമായാണ‌് ആയുധപരീക്ഷണം നടത്തുന്നത‌്. ഈ ആയുധം യുഎസിന‌് ഭീഷണിയായ ദീർഘദൂര മിസൈൽ ആകാൻ സാധ്യത കുറവാണെന്ന‌് വിദഗ‌്ദ്ധർ അഭിപ്രായപ്പെട്ടു.  പരീക്ഷണം കിം നേരിട്ട‌് വീക്ഷിച്ചതായി വാർത്തയിൽ പറയുന്നു.


പ്രധാന വാർത്തകൾ
 Top