21 March Thursday

മെക‌്സിക്കൻ മതിൽ: ചർച്ചയിൽനിന്ന‌് ട്രംപ‌് ഇറങ്ങിപ്പോയി

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019

വാഷിങ‌്ടൺ > മെക‌്സിക്കൻ മതിൽ സംബന്ധിച്ച‌് പ്രതിപക്ഷമായ ഡെമോക്രാറ്റുകളുമായുള്ള ചർച്ചയിൽനിന്ന‌് അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌് ഇറങ്ങിപ്പോയി. മതിലിന‌് പണം അനുവദിക്കാത്തതിന്റെ പേരിൽ അമേരിക്കയിൽ ഉടലെടുത്ത ഭരണപ്രതിസന്ധി പരിഹരിക്കാനായാണ‌് പ്രസിഡന്റ‌് ട്രംപും ഡെമോക്രാറ്റുകളും മധ്യസ്ഥരുടെ സാന്നിധ്യത്തിൽ ചർച്ച വച്ചിരുന്നത‌്. മെക‌്സിക്കോയോട‌് ചേർന്ന അമേരിക്കൻ അതിർത്തിയിൽ മതിൽ നിർമിക്കാൻ പണം അനുവദിക്കില്ലെന്ന‌് ഡെമോക്രാറ്റുകൾ ചർച്ചയുടെ തുടക്കത്തിൽ നിലപാ‌ട‌് വ്യക്തമാക്കി. തുടർന്ന‌്, ഇത‌് സമയം മെനക്കെടുത്താനുള്ള ചർച്ചമാത്രമാണെന്ന‌് പറഞ്ഞ‌് ട്രംപ‌് ഇറങ്ങിപ്പോകുകയായിരുന്നു.

ട്രംപ‌ിന്റേത‌് ദുർവാശിയാണെന്ന‌് ഡെമോക്രോറ്റുകൾ ആരോപിച്ചു. വാഷിങ‌്ടണിലെ വെസ്റ്റ‌്‌വിങ‌് ബേസ്‌മെന്റിലെ കോൺഫറൻസ‌് സെന്ററിലായിരുന്നു ചർച്ച. ചർച്ച തുടങ്ങിയ ഉടനെ മതിലിന‌് പണം അനുവദിക്കുമോ ഇല്ലയോ എന്ന‌് സ‌്പീക്കർ നാൻസി പെലൊസിയോട‌് ട്രംപ‌് ചോദിച്ചു. സ‌്പീക്കർ ഫണ്ട‌് അനുവദിക്കില്ല എന്നു പറഞ്ഞതോടെ, എന്നാൽ നമുക്ക‌് മറ്റൊന്നും ചർച്ച ചെയ്യാനില്ലല്ലോ എന്ന‌് പറഞ്ഞ‌് ട്രംപ‌് ഇറങ്ങിപ്പോകുകയായിരുന്നു. സ‌്പീക്കർ നാൻസിയുമായും മുതിർന്ന ഡെമോക്രാറ്റിക്‌ സെനറ്റർ ഷക്ക‌് ഷൂമറുമായുള്ള കൂടിക്കാഴ‌്ച സമയനഷ്ടമുണ്ടാക്കിയെന്ന‌് പിന്നീട‌് ട്രംപ‌് ട്വീറ്റ‌് ചെയ‌്തു. ഇതോടെ മെക‌്സിക്കൻ അതിർത്തിയിലെ ഉരുക്കുമതിൽനിർമാണവുമായി ബന്ധപ്പെട്ട‌് അമേരിക്കയിൽ ഉടലെടുത്ത ഭരണ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. 19 ദിവസമായി സർക്കാർ ഓഫീസുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top