18 February Monday

മെക‌്സിക്കോയിൽ ഇന്ധനക്കുഴൽ പൊട്ടിത്തെറിച്ച‌് 66 മരണം

വെബ് ഡെസ്‌ക്‌Updated: Sunday Jan 20, 2019

മെക‌്സിക്കോ സിറ്റി> മെക‌്സിക്കോയിൽ അനധികൃത ഇന്ധനക്കുഴൽ പൊട്ടിത്തെറിച്ച‌് 66പേർ മരിച്ചു. 78 പേർക്ക‌് പൊള്ളലേറ്റു.  മരിച്ചവരിൽ മൂന്നു സ്‌ത്രീകളും ഒരുകുട്ടിയുമുണ്ട്‌. വെള്ളിയാഴ‌്ച കുഴലിൽനിന്ന‌് ഗാസൊലീൻ ശേഖരിക്കാൻ ബക്കറ്റും കാനുമായി എത്തിയവരാണ‌് ദുരന്തത്തിനിരയായത‌്. അഗ്‌നിശമനസേനയുടെ നിരവധി ഫയർ ടാങ്കുകളെത്തിയാണ്‌ തീയണച്ചത്‌.

നിരവധിപേർ അപകട സമയം പ്രദേശത്തുണ്ടായിരുന്നതായി ദൃക‌്സാക്ഷികൾ പറഞ്ഞു. മെക‌്സിക്കോ സിറ്റിയിൽനിന്ന‌് 105 കിലോമീറ്റർ അകലെ ഹിഡാൽഗോയിലാണ‌് ദുരന്തം. പ്രസിഡന്റ‌് ആന്ദ്രെ  മാനുവൽ ലോപ്പസ‌് ഒബ്രഡോർ സ്ഥലം സന്ദർശിച്ചു. ദുരന്തത്തിനിരയായവർക്ക‌ും കുടുംബാംഗങ്ങ‌ൾക്കും എല്ലാ സഹായങ്ങളും അദ്ദേഹം പ്രഖ്യാപിച്ചു. മെക‌്സിക്കൻ സമയം വെള്ളിയാഴ‌്ച അർധരാത്രിയോടെ തീ നിയന്ത്രണ വിധേയമായതായി സുരക്ഷാ മന്ത്രി അൽഫോൺസോ അറിയിച്ചു.

ക്വറട്ടറോയിൽ മറ്റൊരു പൈപ‌്‌ലൈൻകൂടി പൊട്ടിത്തെറിച്ചതായും ആളപായം ഇല്ലെന്നും പൊതുമേഖലാ എണ്ണക്കമ്പനിയായ പെമെക‌്സ‌് അറിയിച്ചു. ശക്തരായ മയക്കുമരുന്നു സംഘങ്ങളും അഴിമതിക്കാരും നേതൃത്വം നൽകുന്ന ഇന്ധനക്കൊള്ള രാജ്യത്ത‌് പൈപ‌്‌ലൈൻ ദുരന്തങ്ങൾ തുടർക്കഥയാക്കിയിരിക്കുകയാണ‌്.   അഴിമതിക്കും കൊള്ളയ്ക്കുമെതിരെ ഇടതുപക്ഷക്കാരനായ  ഒബ്രഡോർ നയിക്കുന്ന മെക‌്സിക്കൻ സർക്കാർ ശക്തമായ നടപടികളാരംഭിച്ച ഘട്ടത്തിലാണ‌് ദുരന്തം.

 കനത്ത സുരക്ഷയിൽ പ്രധാന ഇന്ധനക്കുഴലുകൾ സർക്കാർ അടച്ചുപൂട്ടുകയും പകരം ടാങ്കർ സംവിധാനം ഏർപ്പെടുത്തുകയും ചെയ‌്തിരുന്നു. എന്നാലിത‌് ഇന്ധനക്ഷാമത്തിലേക്ക‌് നയിച്ചതായും ആരോപണമുണ്ട‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top