26 September Saturday

ബോട്‌‌സ്വാനയിൽ ആനകൾ ചത്തൊടുങ്ങുന്നു; കാരണമറിയാതെ ശാസ്‌ത്രജ്ഞർ

അശ്വതി ജയശ്രീ Updated: Thursday Jul 30, 2020


ജോഹന്നാസ്‌ബർഗ്‌ > ആഫ്രിക്കൻ രാജ്യമായ ബോട്‌‌സ്വാനയിൽ ആനകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. ഒക്‌‌വാംഗോ ഡെൽറ്റ പ്രകൃതി സംരക്ഷിത മേഖലയിൽ‌ 350ഓളം കാട്ടാനകളുടെ ജഡം കണ്ടെത്തി‌.

അന്താരാഷ്‌ട്ര വിമാനസർവീസുകൾ നിർത്തലാക്കിയ സാഹചര്യത്തിൽ ആനകളുടെ സാമ്പിൾ ശേഖരിച്ച്‌ അന്താരാഷ്‌ട്ര ഏജൻസികൾക്ക്‌ കൈമാറാൻ കഴിയാത്ത സാഹചര്യമാണുള്ളത്‌.
മെയ്‌ മാസം ആദ്യമാണ്‌ ആനകൾ ചത്തൊടുങ്ങുന്നത്‌ ആകാശ ദൃശ്യത്തിലൂടെ വൃക്തമായത്‌.  ജലാശയങ്ങൾക്കു സമീപമാണ്‌ ജഡം കണ്ടെത്തിയത്‌. അതിനാൽ വിഷം കലർന്ന വെള്ളമാകാം മരണകാരണമെന്നാണ്‌ ആദ്യം കരുതിയത്‌. എന്നാൽ, മറ്റു ജന്തുക്കൾ ചത്തൊടുങ്ങുന്നതായി റിപ്പോർട്ടുകളില്ല. ജൂലൈ വരെയും പല സമയങ്ങളിലായി മൃതദേഹങ്ങൾ കണ്ടെത്തി. വൃത്താകൃതിയിൽ നടന്നശേഷം പൊടുന്നനെ ആനകൾ നിലം പതിക്കുന്നതായാണ്‌ കണ്ടെത്തിയത്‌. അതിനാൽ നാഡീസംബന്ധമായ രോഗമായിരിക്കാമെന്ന അനുമാനത്തിലാണ്‌ ശാസ്‌ത്രജ്ഞർ.

അനധികൃത വേട്ടയാണെന്ന അനുമാനവും അധികൃതർ തള്ളി. കാരണം മൃഗങ്ങളുടെ കൊമ്പുകൾ ജഡത്തിൽ തന്നെയുണ്ടായിരുന്നു. ആനകൾ കൂടുതലുള്ള ദക്ഷിണാഫ്രിക്കയിലും നമീബിയയിലും സമാന സംഭവങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടില്ല. ലോകത്ത്‌ ഏറ്റവും കൂടുതൽ ആനകളുള്ള രാജ്യമാണ്‌ ബോട്‌‌സ്വാന. 2013ലെ ആകാശനിരീക്ഷണത്തിൽ 1,56,000 ആനകളെയാണ്‌ ബോട്‌‌സ്വാനയിൽ കണ്ടെത്തിയത്‌. ആന്ത്രാക്സ്‌ ബാധിച്ച്‌ കഴിഞ്ഞവർഷം നൂറോളം ആനകൾ ചത്തൊടുങ്ങിയിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top