22 October Tuesday

പാകിസ്ഥാനിൽ ആക്രമണം വേണ്ടിവരുമെന്ന്‌ മൻമോഹനും പറഞ്ഞിരുന്നു: ഡേവിഡ്‌ കാമറൺ

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019

ലണ്ടൻ
ഇന്ത്യയിൽ മറ്റൊരു ഭീകരാക്രമണമുണ്ടായാൽ പാകിസ്ഥാനിൽ സൈനികനടപടി വേണ്ടിവരുമെന്ന്‌  മുൻ  പ്രധാനമന്ത്രി മൻമോഹൻസിങ്‌ പറഞ്ഞിരുന്നതായി മുൻ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറൺ. വ്യാഴാഴ്‌ച പുറത്തിറക്കിയ  ‘ഫോർ ദി റെക്കോഡ്‌’ എന്ന ഓർമക്കുറിപ്പുകളിലാണ്‌ അൻപത്തിരണ്ടുകാരനായ കാമറൺ ഇക്കാര്യം വെളിപ്പെടുത്തിയത്‌.

തനിക്ക്‌ മൻമോഹൻസിങ്ങുമായി ഉണ്ടായിരുന്ന അടുപ്പം വിവരിച്ച കാമറൺ ഒരു സാധുവായാണ്‌ അദ്ദേഹത്തെ വിശേഷിപ്പിച്ചത്‌. എന്നാൽ, ഇന്ത്യ നേരിടുന്ന  വെല്ലുവിളികളുടെ കാര്യത്തിൽ അദ്ദേഹം കർക്കശമായിരുന്നു.  മുംബൈയിൽ 2008ലും 2011ലും ഉണ്ടായതുപോലെ മറ്റൊരു ഭീകരാക്രമണം ഉണ്ടായാൽ പാകിസ്ഥാനിൽ സൈനികനടപടി വേണ്ടിവരുമെന്ന്‌ മൻമോഹൻസിങ്‌ തന്നോട്‌ പറഞ്ഞതായാണ്‌ കാമറൺ ഓർക്കുന്നത്‌.

2013ൽ കാമറൺ അമൃത്‌സറിലെ സുവർണക്ഷേത്രത്തിലേക്ക്‌ നടത്തിയ യാത്രയും ജാലിയൻവാലാബാഗ്‌  കൂട്ടക്കൊലയുടെ പേരിൽ നടത്തിയ  ചരിത്രപ്രസിദ്ധമായ ഖേദപ്രകടനവും  ഓർമക്കുറിപ്പുകളിലുണ്ട്‌. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള ബന്ധവും വിവരിക്കുന്നു. 2016ൽ നടന്ന ഹിതപരിശോധനയിൽ  ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നതിന്‌ അനുകൂലമായി ജനങ്ങൾ വോട്ട്‌ ചെയ്‌തതിന്‌ പിറ്റേന്നാണ് കാമറൺ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ രാജിവച്ചത്‌.


പ്രധാന വാർത്തകൾ
 Top