09 August Tuesday

ഹജ്ജ് തീര്‍ഥാടനം 
നാളെ തുടങ്ങും ; എട്ടു ലക്ഷത്തോളംപേർ മക്കയിൽ എത്തി

അനസ് യാസിന്‍Updated: Wednesday Jul 6, 2022

മനാമ> ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനം വ്യാഴാഴ്ച തടങ്ങും. രണ്ടു വര്‍ഷത്തെ കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ ശേഷം നടക്കുന്ന ഏറ്റവും വിപുലമായ ഹജ്ജാണ് ഇത്തവണ നടക്കുക. വിദേശികളും സ്വദേശികളും അടക്കം 10 ലക്ഷം തീര്‍ഥാടകരാണ്  ഹജ്ജിനെത്തുക. എട്ടു ലക്ഷത്തോളം തീര്‍ഥാടകര്‍ ചൊവ്വാഴ്ചവരെ മക്കയില്‍ എത്തി. രണ്ടു വര്‍ഷത്തിനുശേഷമാണ് ഇത്രയും തീര്‍ഥാടകര്‍ ഹജ്ജിനെത്തുന്നത്.

കോവിഡില്‍നിന്ന് പൂര്‍ണമായും ലോകം മുക്തരാകാത്ത സാഹചര്യത്തില്‍ വാക്‌സിന്‍ എടുത്ത 65-നു താഴെ പ്രായമുള്ള 10 ലക്ഷം പേര്‍ക്കു മാത്രമാണ് ഇത്തവണ ഹജ്ജിന് അനുമതി. കര്‍ശനമായ മുന്‍കരുതലുകള്‍ പാലച്ചാകും ഹജ്ജ്. കോവിഡ് കാരണം, 2020ല്‍ രാജ്യത്തിനകത്തെ 10,000 തീര്‍ഥാടകര്‍ക്ക് മാത്രമായിരുന്നു ഹജിന് അനുമതി. 2021ല്‍ രാജ്യത്ത് നിന്ന് കോവിഡ് വാക്‌സിഷന്‍ സ്വീകരിച്ച 60,000 പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമായിരുന്നു അനുമതി. 2019ല്‍ ഏതാണ്ട് 25 ലക്ഷം പേരാണ് ഹജ്ജ് നിര്‍വ്വഹിച്ചത്.
ബുധനാഴ്ച രാത്രിയോടെ തീര്‍ഥാടകര്‍ മിനയിലേക്ക് പുറപ്പെടും. വ്യാഴാഴ്ച വൈകീട്ടോടെ തീര്‍ഥാടകര്‍ മക്കയില്‍ തിരികെ എത്തും. വെള്ളിയാഴ്ചയാണ് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം. ശനിയാഴ്ച സൗദിയില്‍ ബലിപെരുന്നാള്‍ ആഘോഷിക്കും.

എല്ലാ ഒരുക്കവും പൂര്‍ത്തിയതായി സൗി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. കനത്ത സുരക്ഷയിലായിരിക്കും ഇത്തവണ ഹജ്ജ്. ഹെലികോപ്റ്റര്‍, ഫീല്‍ഡ് ആശുപത്രികള്‍, നൂതന സങ്കേതങ്ങള്‍, കവചിത വാഹനങ്ങള്‍ എന്നിവയുമായി കമണ്ടോകള്‍ ഉള്‍പ്പെടെ വിവിധ സൈനിക യൂനിറ്റുകള്‍ സുരക്ഷിതവും സമാധാനപരവുമായ ഹജ്ജ് ഉറപ്പു വരുത്തും. സുരക്ഷാ ഒരുക്കങ്ങള്‍ ഞായറാഴ്ച ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍ നേരിട്ട് വിലയിരുത്തി. സുരക്ഷ ഉറപ്പുവരുത്താന്‍ മക്കയിിെ എല്ലാ റോഡിലും സിവില്‍ ഡിഫന്‍സിനെ വിന്യസിച്ചതായി ഹജജ് സിവില്‍ ഡിഫന്‍സ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഡോ. ഹമൂദ് ബിന്‍ സുലൈമാന്‍ അല്‍ഫറജ് വ്യക്തമാക്കി. തീര്‍ഥാടകര്‍ കടന്നുപോകുന്ന റോഡുകളുടെയും താമസസ്ഥലങ്ങളുടെയും സുരക്ഷാപരിശോധനക്കും അഗ്‌നിപ്രതിരോധ സംവിധാനങ്ങള്‍ ഉറപ്പുവരുത്താനും പ്രത്യേക സംഘങ്ങളുണ്ടാകും. അനുമതിയില്ലാതെ മക്കയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് 10,000 റിയാല്‍ പിഴയുണ്ടാകും.

കനത്ത ചൂടിലാണ് ഇത്തവണ ഹജ്ജ്. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ പകല്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസ്‌വരെ എത്തി. ഇന്ത്യയില്‍ നിന്നുള്ള അവസാന തീര്‍ഥാടകരും ഞായറാഴ്ച വൈകീട്ടോടെ ജിദ്ദയില്‍ എത്തി. ഇന്ത്യയില്‍നിന്ന് 79,362 തീര്‍ഥാടകര്‍ക്കാണ് അവസരം. ഇതില്‍ ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ 56,637 തീര്‍ഥാകരാണ് ഹജ്ജ് നിര്‍വഹിക്കുന്നത്. 190 വിമാനങ്ങളിലായാണ് മുഴുവന്‍ തീര്‍ഥാടകരെയും സൗദിയില്‍ എത്തിച്ചത്. ഇതില്‍ കേരളത്തില്‍ നിന്ന് 5,758 മലയാളി തീര്‍ഥാടകരും ഉള്‍പ്പെടും. ഇന്ത്യന്‍ ഹജ്ജ് മിഷന്‍ പൂര്‍ണസജ്ജമാണ്. ഇന്ത്യന്‍ ഹാജിമാരെ നയിക്കാനായി 370 ഖാദിമുല്‍ ഹുജാജുമാരും (നാട്ടില്‍ നിന്നും വന്ന വളന്റിയര്‍മാര്‍) 387 മെഡിക്കല്‍ പാരാമെഡിക്കല്‍ ജീവനക്കാരും ഉള്‍പ്പെടെ 750 ഓളം ഉദ്യോഗസ്ഥരുണ്ട്. ഇന്ത്യയില്‍നിന്നുള്ള ഹജ്ജ് പ്രതിനിധി സംഘം തിങ്കളാഴ്ച എത്തും. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top