07 July Thursday

ജനകീയ പ്രക്ഷോഭം ; മുട്ടുമടക്കി ലങ്കന്‍ സർക്കാർ

വെബ് ഡെസ്‌ക്‌Updated: Monday May 9, 2022


കൊളംബോ
വർഷങ്ങൾ നീണ്ട ദുർഭരണത്തോടും സാമ്പത്തികപ്രതിസന്ധി സൃഷ്ടിച്ച ദുരിതങ്ങളോടുമുള്ള ലങ്കൻ ജനതയുടെ അടങ്ങാത്ത പ്രതിഷേധമാണ്‌ മഹിന്ദ രജപക്‌സെ സർക്കാരിനെ ഒടുവിൽ താഴെയിറക്കിയത്‌. സർക്കാരിന്റെ വികലനയങ്ങളാണ്‌ സ്വാതന്ത്ര്യത്തിനുശേഷമുള്ള ഏറ്റവും വലിയ സാമ്പത്തികപ്രതിസന്ധിയിലേക്ക്‌ രാജ്യത്തെ തള്ളിവിട്ടതെന്ന്‌ ധനമന്ത്രി അലി സാബ്രിതന്നെ കഴിഞ്ഞ ദിവസം ലങ്കൻ പാർലമെന്റിൽ തുറന്നുപറഞ്ഞിരുന്നു. എല്ലാ പാർടികൾക്കും പ്രാതിനിധ്യമുള്ള ദേശീയ സർക്കാരെന്ന പ്രസിഡന്റ്‌ ഗോതബായ രജപക്‌സെയുടെ വാഗ്‌ദാനം തെരുവിൽ പ്രതിഷേധിക്കുന്ന പതിനായിരങ്ങളുടെ അമർഷം അടക്കാൻ പോന്നതായിരുന്നില്ല. രജപക്‌സെ കുടുംബവാഴ്ച അവസാനിപ്പിക്കണമെന്നും സമൂലമാറ്റം അനിവാര്യമെന്നുമുള്ള മുദ്രാവാക്യങ്ങളിൽ ഉറച്ചുനിന്നു ലങ്കൻ ജനത. സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന്‌ നോട്ടീസ്‌ നൽകിയ പ്രതിപക്ഷവും ഒത്തുതീർപ്പിന് തയാറായില്ല.

മാർച്ച്‌ 16 മുതൽതന്നെ പ്രതിപക്ഷ പാർടിയായ എസ്‌ജെബിയുടെ നേതൃത്വത്തിൽ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട്‌ സമരം ആരംഭിച്ചിരുന്നു. ഏപ്രിൽ രണ്ടിന്‌ പ്രസിഡന്റ്‌ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൂന്നിന്‌ രാജ്യത്ത്‌ ഇന്റർനെറ്റിനും സമൂഹമാധ്യമങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി. മഹിന്ദ മന്ത്രിസഭയിലെ നിരവധി മന്ത്രിമാർ രാജിവച്ചു. മൂത്ത സഹോദരൻ ചമലിനെയും മരുമകൻ നമലിനെയും മന്ത്രിസഭയിൽനിന്ന്‌ ഒഴിവാക്കാൻ പ്രസിഡന്റ്‌ നിർബന്ധിതനായി.  സെൻട്രൽ ബാങ്ക്‌ ഗവർണർ അജിത്‌ നിവാർദ്‌ കബ്രാലും രാജിവച്ചു. നാലിന്‌ അലി സാബ്രിയെ ധനമന്ത്രിയാക്കി പ്രസിഡന്റ്‌ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ഏപ്രിൽ അഞ്ച്‌ അർധരാത്രിക്ക്‌ അടിയന്തരാവസ്ഥ പിൻവലിച്ചു. പ്രതിപക്ഷത്തിനെ ചർച്ചയ്‌ക്ക്‌ വിളിച്ചു. ഏപ്രിൽ ഒമ്പതിനാണ്‌ രാജ്യത്ത്‌ വ്യാപക പ്രതിഷേധം ആരംഭിച്ചത്‌. രാജ്യത്തെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ ക്രിസ്തീയ, ബുദ്ധ പുരോഹിതർ ഉൾപ്പെടെ സർക്കാരിനെതിരെ രംഗത്തെത്തി.

ജനങ്ങൾ പ്രസിഡന്റിന്റെ വസതിക്കുമുന്നിൽ തമ്പടിച്ച്‌ പ്രതിഷേധം ആരംഭിച്ചു. 17ന്‌ പ്രസിഡൻഷ്യൽ സെക്രട്ടറിയറ്റിൽ ‘ഗോ ഹോം ഗോത’ എന്ന മുദ്രാവാക്യവുമായി പ്രക്ഷോഭകർ വൈദ്യുതാലങ്കാരം ഒരുക്കി. ട്വിറ്ററിനുപകരം ഇലോൺ മസ്ക്‌ ശ്രീലങ്കയെ വിലയ്ക്കു വാങ്ങണമെന്ന മുദ്രാവാക്യംവരെ ഉയർന്നു. ജനങ്ങൾ പ്രസിഡന്റിന്റെ വസതിക്കുമുന്നിൽ തമ്പടിച്ച്‌ പ്രതിഷേധം ആരംഭിച്ചു.
24ന്‌ ഇന്റർ യൂണിവേഴ്‌സിറ്റി സ്‌റ്റുഡന്റ്‌സ്‌ ഫെഡറേഷൻ പ്രധാനമന്ത്രിയുടെ വസതി വളഞ്ഞു. വിമുക്ത ഭടന്മാർ ഉൾപ്പെടെയുള്ളവർ സർക്കാർ രാജി ആവശ്യപ്പെട്ട്‌ നിരത്തിലിറങ്ങി. മെയ്‌ ആറിന്‌ പ്രസിഡന്റ്‌ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. യുനിസെഫ്‌ ഉൾപ്പെടെ ഇതിനെതിരെ ആശങ്ക പ്രകടിപ്പിച്ചു.

ആരോഗ്യ, തുറമുഖ, വൈദ്യുതി, വിദ്യാഭ്യാസ, തപാൽ രംഗത്തെ ആയിരത്തിലേറെ തൊഴിൽ സംഘടനകളും പ്രക്ഷോഭത്തിൽ അണിനിരന്നതോടെയാണ്‌ മഹിന്ദ സർക്കാർ മുട്ടുമടക്കിയത്.

ജനകീയ പ്രക്ഷോഭം കനക്കുന്നു
കർഫ്യൂ പ്രഖ്യാപിച്ചിട്ടും ആയിരങ്ങളാണ്‌ ലങ്കയിൽ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്‌.   എംപിയുടെയും മുൻ മന്ത്രിമാരുടെയും വീടുകൾക്ക്‌ പ്രതിഷേധക്കാർ തീയിട്ടു. മുൻ മന്ത്രി ജോൺസൺ ഫെർണാഡോയുടെ വസതി മൗണ്ട്‌ ലവിനിയയും എംപി സനത്‌ നിഷാന്തയുടെ വീടുമാണ്‌ കത്തിച്ചത്‌. മേയർ സമൻ ലാൽ ഫെർണാഡോയുടെ വീടിനും തീയിട്ടു. മുൻ മന്ത്രി നിമൽ ലാൻസയുടെ വീടിനുനേരെ ആക്രമണമുണ്ടായി. സംഘർഷം രൂക്ഷമായതോടെ ബന്ദാരനായകെ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർ പ്രവേശന കവാടത്തിൽത്തന്നെ  ടിക്കറ്റും  പാസ്‌പോർട്ടും പരിശോധനയ്‌ക്കായി നൽകണമെന്ന്‌ ശ്രീലങ്കൻ എയർലൈൻസ്‌ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top