17 February Sunday

ഫ്രഞ്ച് വാരികഓഫീസില്‍ ആക്രമണം; 12 മരണം

വെബ് ഡെസ്‌ക്‌Updated: Thursday Jan 8, 2015

പാരീസ്: മുഹമ്മദ് നബിയെ കുറിച്ചുള്ള വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച പാരീസിലെ "ചാര്‍ളി ഹെബ്ദോ' വാരികയുടെ ഓഫീസില്‍ ആക്രമണം. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും മാധ്യമപ്രവര്‍ത്തകരാണ്. രണ്ടു പൊലീസുകാരും കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മുഖ്യപത്രാധിപര്‍ സ്റ്റെഫാനി ചാര്‍ബോനിയര്‍, കാര്‍ട്ടൂണിസ്റ്റുകളായ കബു, തിഗ്നൗസ്, വോലിന്‍സ്കി എന്നിവര്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.നാലു പതിറ്റാണ്ടിനിടെ രാജ്യത്ത് നടന്ന ഏറ്റവും വിനാശകരമായ ആക്രമണത്തില്‍ ഫ്രാന്‍സ് വിറങ്ങലിച്ചു. പ്രാദേശികസമയം ബുധനാഴ്ച പകല്‍ പതിനൊന്നരയോടെ എഡിറ്റോറിയല്‍ യോഗം ചേര്‍ന്നുകൊണ്ടിരിക്കേ മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗസംഘം എകെ 47 തോക്കുകളും റോക്കറ്റ് ലോഞ്ചറുകളും അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് ആക്രമിച്ചത്.

ഓഫീസിന്റെ ജനല്‍ച്ചില്ലുകള്‍ വെടിയേറ്റു തകര്‍ന്നു. ആക്രമണത്തിനുശേഷം ഒരു കാര്‍ തട്ടിയെടുത്ത് കടന്നുകളഞ്ഞസംഘം ഇസ്ലാമിക മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. സംഭവസ്ഥലമാകെ പൊലീസ് വളഞ്ഞു. പാരീസിലാകെ ഏറ്റവും ഉയര്‍ന്നഘട്ടത്തിലുള്ള ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു.പ്രസിഡന്റ് ഫ്രാന്‍സ്വാ ഓളന്ദ് ഉടന്‍ സംഭവസ്ഥലത്തെത്തി. കിരാതമായ ഭീകരാക്രമണമാണ് ഇതെന്നും ആവിഷ്കാരസ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റമാണെന്നും പറഞ്ഞു.

കഴിഞ്ഞ ആഴ്ചകളില്‍ നിരവധി ഭീകരാക്രമണ ശ്രമങ്ങള്‍ പരാജയപ്പെടുത്തിയിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. ആക്രമണത്തെ ഏറ്റവും ശക്തമായ ഭാഷയില്‍ അപലപിക്കുന്നതായി വൈറ്റ്ഹൗസ് പ്രതികരിച്ചു. അസഹനീയമായ ആക്രമണമാണ് ഇതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ പറഞ്ഞു.ആക്രമണത്തെ അറബ്ലീഗ് മേധാവി നബില്‍ അല്‍ അറബി ശക്തമായ അപലപിച്ചു. ഇത് ക്രിമിനല്‍ പ്രവൃത്തിയാണെന്നും എല്ലാ അതിക്രമങ്ങള്‍ക്കും ഇസ്ലാം എതിരാണെന്നും സുന്നി ഇസ്ലാം പഠനകേന്ദ്രമായ അല്‍ അസര്‍ പ്രതികരിച്ചു.

മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് പ്രവാചകനിന്ദയുടെ പേരില്‍ ഏറെ പ്രതിഷേധം നേരിട്ട ആക്ഷേപഹാസ്യവാരികയാണ് ചാര്‍ളി ഹെബ്ദോ. ഡാനിഷ് പത്രമായ യില്ലാന്‍ഡ്സ്-പോസ്റ്റെണില്‍ വന്നതിനെ തുടര്‍ന്ന് വിവാദമായ കാര്‍ട്ടൂണ്‍ 2006 ഫെബ്രുവരിയില്‍ ഈ പത്രം പുനഃപ്രസിദ്ധീകരിച്ചു. ഇതേതുടര്‍ന്ന് പത്രത്തിനുനേരെ ഭീകരാക്രമണഭീഷണി ഉയര്‍ന്നു. 2011 നവംബറില്‍ ഓഫീസിനുനേരെ ബോംബേറുണ്ടായി. വധഭീഷണിയെ തുടര്‍ന്ന് എഡിറ്റര്‍ ചാര്‍ബോനിയര്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. വിവാദ ഫ്രഞ്ച് എഴുത്തുകാരനായ മൈക്കല്‍ ഹൂലെബെക്കിന്റെ പുതിയ പുസ്തകമായ "സബ്മിഷ'നെ കുറിച്ചുള്ള കവര്‍സ്റ്റോറിയുമായാണ് ഈയാഴ്ച വാരിക ഇറങ്ങിയത്്. സമീപഭാവിയില്‍ ഫ്രാന്‍സില്‍ ഇസ്ലാമിക സര്‍ക്കാര്‍ വരുമെന്ന സങ്കല്‍പ്പകഥ പറയുന്നതാണ് പുസ്തകം.1995ല്‍ അള്‍ജീരിയന്‍ തീവ്രവാദികള്‍ പാരീസിലെ മെട്രോ ട്രെയിനില്‍ നടത്തിയ സ്ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടതാണ് ഇതിനുമുമ്പ് ഫ്രാന്‍സിലുണ്ടായ വലിയ ഭീകരാക്രമണം.

പ്രധാന വാർത്തകൾ
 Top