28 September Wednesday

അണപൊട്ടി ജനരോഷം ; പ്രക്ഷോഭകർക്കു നേരെ കണ്ണീർവാതകം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 13, 2022

കൊളംബോ
രാജിവയ്ക്കണമെന്ന രാജ്യത്തിന്റെയാകെ ആവശ്യം കാറ്റിൽ പറത്തി പ്രസിഡന്റ്‌ ഗോതബായ രജപക്‌സെ രാജ്യംവിട്ടതോടെ ശ്രീലങ്കയിൽ അണപൊട്ടി ജനരോഷം. പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും ഓഫീസടക്കം ജനങ്ങൾ കൈയേറി. പാർലമെന്റിനു ചുറ്റുമുള്ള ആദ്യനിര ബാരിക്കേഡ്‌ തകർത്തു. രാജ്യം വിടാൻ ഗോതബായയെ സഹായിച്ച വ്യോമസേനാ മേധാവിയുടെ വസതി വളഞ്ഞു.

പ്രധാനമന്ത്രിയുടെ ഓഫീസിനുള്ളിലേക്കും പാർലമെന്റിലേക്കും തള്ളിക്കയറിയ പ്രക്ഷോഭകർക്കു നേരെ പൊലീസ്‌ കണ്ണീർവാതകം പ്രയോഗിച്ചു. ബുധൻ വൈകിട്ടായതോടെ പ്രക്ഷോഭകർ പാർലമെന്റ്‌ സ്പീക്കർ മഹിന്ദ അബെവർധനയുടെ വസതിയിൽവരെ എത്തി. ഇവിടെയും കണ്ണീർവാതക പ്രയോഗമുണ്ടായി.

പ്രക്ഷോഭം കടുത്തതോടെ താൽക്കാലിക പ്രസിഡന്റ്‌ റനിൽ വിക്രമസിംഗെ പ്രധാനമന്ത്രിയുടെ ഓഫീസ്‌ ഉൾപ്പെടെയുള്ള മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ക്രമസമാധാനം പുനഃസ്ഥാപിക്കാൻ സൈന്യത്തിന്‌ പൂർണാധികാരം നൽകി. രാഷ്ട്രീയ ഇടപെടൽ ഉണ്ടാകില്ലെന്നും ഉറപ്പുനൽകി. എന്നാൽ, ഭീഷണികളിൽ പിന്തിരിയില്ലെന്നും രാജ്യത്തെ കടക്കെണിയിലാക്കിയ ഗോതബായയും വിക്രമസിംഗെയും രാജിവയ്ക്കുംവരെ പ്രതിഷേധം തുടരുമെന്നും പ്രക്ഷോഭകർ വ്യക്തമാക്കി.

പ്രക്ഷോഭം 
ലൈവാക്കി; 
ചാനല്‍ സംപ്രേഷണം നിര്‍ത്തി
പ്രക്ഷോഭകര്‍ ഓഫീസ് കെട്ടിടം കൈയേറിയതോടെ ശ്രീലങ്കന്‍ സര്‍ക്കാര്‍ ചാനലായ രൂപവാഹിനി ബുധാഴ്ച പ്രക്ഷേപണം അവസാനിപ്പിച്ചു. ഓഫീസും പരിസരവും കൈയേറിയവര്‍ പ്രതിഷേധ വാര്‍ത്ത മാത്രം സംപ്രേഷണം ചെയ്താല്‍ മതിയെന്ന് നിര്‍ദേശിക്കുകയും 15 മിനിറ്റോളം ചാനലില്‍ തത്സമയം സംസാരിക്കുകയും ചെയ്തു. തുടര്‍ന്നാണ് സംപ്രേ​ഷണം താൽക്കാലികമായി അവസാനിപ്പിച്ചതെന്ന് ശ്രീലങ്ക രൂപവാഹിനി കോര്‍പറേഷന്‍ അറിയിച്ചത്‌. പിന്നാലെ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു ചാനലും സംപ്രേഷണം അവസാനിപ്പിച്ചു.

ആദ്യം നിഷേധിച്ചു, പിന്നെ അനുമതി
ജനരോഷം ഭയന്ന്‌ രക്ഷപ്പെട്ടെത്തിയ ശ്രീലങ്കൻ പ്രസിഡന്റ്‌ ഗോതബായ രജപക്‌സെക്ക്‌ മാലദ്വീപിലിറങ്ങാൻ ആദ്യം അനുമതി കിട്ടിയില്ലെന്ന്‌ റിപ്പോർട്ട്‌. നിലവിലെ മാലദ്വീപ്‌ സ്പീക്കറും മുൻ പ്രസിഡന്റുമായ മൊഹമ്മദ്‌ നഷീദിന്റെ പ്രത്യേക ഇടപെടലിലാണ്‌ പിന്നീട്‌ ഗോതബായയും സംഘവുമായെത്തിയ പ്രത്യേക വിമാനത്തിന്‌ തലസ്ഥാനമായ മാലെയിൽ ഇറങ്ങാൻ അനുമതി ലഭ്യമായത്‌. നഷീദിന്റെ പ്രത്യേക ഇടപെടലിലാണ്‌ ഗോതബായക്ക്‌ മാലദ്വീപിലേക്ക്‌ കടക്കാൻ വഴിയൊരുങ്ങിയത്‌. ഇതുമായി ബന്ധപ്പെട്ട ഒരു വിവരവും മാലദ്വീപ്‌ പാർലമെന്റിനെ അറിയിച്ചിട്ടില്ലെന്ന്‌ പാർലമെന്റ്‌ സെക്രട്ടറിയറ്റ്‌ കമ്യൂണിക്കേഷൻസ്‌ ഡയറക്ടർ ഹസൻ സിയാവു പറഞ്ഞു. വിദേശ മന്ത്രാലയവും പ്രതികരിക്കാൻ വിസമ്മതിച്ചു.

ശ്രീലങ്കയുടെ പ്രസിഡന്റ്‌ ഇപ്പോഴും ഗോതബായ തന്നെയാണെന്നും അദ്ദേഹം രാജിവച്ചിട്ടില്ലെന്നുമാണ്‌ മാലദ്വീപ്‌ സർക്കാരിന്റെ നിലപാട്‌.  ഗോതബായയെയും സംഘവും അവിടെനിന്ന്‌ ഇവർ സിംഗപ്പുരിലേക്ക്‌ പോകുമെന്നാണ്‌ വിവരം. അന്തിമലക്ഷ്യത്തിലെത്തിയശേഷം ബുധനാഴ്ചതന്നെ ഗോതബായ രാജിവയ്ക്കുമെന്ന്‌ സ്പീക്കർ മഹിന്ദ അബെവർധന വ്യക്തമാക്കിയിട്ടുണ്ട്‌.

അതേസമയം, ഗോതബായക്കും സംഘത്തിനും രാജ്യത്ത്‌ അനുമതി നൽകിയതിനെതിരെ മാലദ്വീപിൽ പ്രതിഷേധം രൂക്ഷമാണ്‌. ശ്രീലങ്കൻ ജനവികാരം മാനിക്കാതെയുള്ള സർക്കാർ നടപടി നിരാശപ്പെടുത്തുന്നതാണെന്ന്‌ മാൽദീവ്‌സ്‌ നാഷണൽ പാർടി പ്രസ്താവിച്ചു. ഇതിനെതിരെ പാർലമെന്റിൽ പ്രമേയം അവതരിപ്പിക്കും.

പ്രസിഡന്റിന്‌ ഭരണഘടന നൽകുന്ന പ്രത്യേകാധികാരം അനുസരിച്ചും മന്ത്രിസഭയുടെ പൂർണസമ്മതത്തോടെയുമാണ്‌ വിമാനം വിട്ടുനൽകിയതെന്ന്‌ ശ്രീലങ്കൻ വ്യോമസേന അറിയിച്ചു.
 

ഭരണഘടന അനുച്ഛേദം 37.1
ലങ്കന്‍ ഭരണഘടനയുടെ അനുച്ഛേദം 37.1ന് പ്രകാരമാണ് ​ഗോതബായ രജപക്സെ റെനില്‍ വിക്രമസിം​ഗെയെ താത്കാലികപ്രസിഡന്റാക്കിയത്.
 പ്രസിഡന്റിന് അസുഖം, ശ്രീലങ്കയില്‍ ഇല്ലാത്ത സാഹചര്യം അഥവാ മറ്റെന്തെങ്കിലും കാരണത്താല്‍ ചുമതലകള്‍ നിര്‍വഹിക്കാനോ അധികാരം വിനിയോ​ഗിക്കാനോ കഴിയാത്ത കാലയളവില്‍ പ്രധാനമന്ത്രിക്ക്‌ ഭരണാധികാരം നല്‍കാം. പ്രസിഡന്റ് അധികാരത്തിലുണ്ടെന്നതിന്റെ സൂചന കൂടിയാണിത്.

പ്രസിഡന്റ് രാജിവച്ചിരുന്നെങ്കില്‍ അനുച്ഛേദം 40 പ്രകാരം തെരഞ്ഞെടുപ്പുവരെ പ്രധാനമന്ത്രി താൽക്കാലിക പ്രസിഡന്റാകുമായിരുന്നു.  അനുച്ഛേദം 37.1ന് സമയപരിധിയില്ലാത്തതിനാല്‍ പ്രധാനമന്ത്രിക്ക് അനിശ്ചിതകാലം പ്രസിഡന്റായി തുടരാം.

ഗോതബായയെ സഹായിച്ചിട്ടില്ലെന്ന്‌ ഇന്ത്യ
ശ്രീലങ്കൻ പ്രസിഡന്റ്‌ ഗോതബായ രജപക്‌സെയെ മാലദ്വീപിലേക്ക്‌ രക്ഷപ്പെടാൻ ഇന്ത്യ സഹായിച്ചിട്ടില്ലെന്ന്‌ കൊളംബോയിലെ ഇന്ത്യൻ എംബസി. മറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ശ്രീലങ്കൻ ജനതയ്ക്ക്‌ പിന്തുണ നൽകുന്നത്‌ ഇന്ത്യ തുടരുമെന്നും എംബസി ട്വീറ്റ്‌ ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top