19 September Saturday

കുവൈത്തില്‍ നിന്നും ഇന്ത്യക്കാരെ കൊണ്ടുവരുന്നത് 10 മുതല്‍ പുനരാരംഭിക്കും

അനസ് യാസിന്‍Updated: Thursday Aug 6, 2020

മനാമ> കുവൈത്തില്‍ നിന്നും നാട്ടിലേക്ക് പോകുന്നവര്‍ക്കായി വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ കുവൈത്തുമായി ഇന്ത്യ ധാരണയിലെത്തി. ആഗസ്ത് പത്തു മുതല്‍ ഒക്ടോബര്‍ 24 വരെയാണ് സര്‍വീസ് നടത്തുക.

ഇന്ത്യ ഉള്‍പ്പെടെ 31 ഹൈ റിസ്‌ക് രാജ്യങ്ങളിലേക്ക് കുവൈത്ത് വിമാന സര്‍വീസ് നിര്‍ത്തിവെച്ചതോടെയാണ് ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ മടക്കം വഴിമുട്ടിയത്. തുടര്‍ന്ന് ഇരു രാജ്യങ്ങളിലെയും സിവില്‍ ഏവിയേഷന്‍ അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് സര്‍വീസ് പുനരാരംഭിക്കാന്‍ ധാരണയായത്. കുവൈത്ത് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നല്‍കിയ അനുമതി പ്രകാരം പ്രതിദിനം ആയിരം ഇന്ത്യക്കാര്‍ക്ക് കുവൈത്തില്‍ നിന്ന് തിരിച്ചു പോകാം. ഇവരെ തുല്യമായി കുവൈത്ത് വിമാന കമ്പനികള്‍ക്കും ഇന്ത്യന്‍ വിമാന കമ്പനികള്‍ക്കും കൊണ്ടുപോകാം.

ഇന്ത്യയില്‍ നിന്ന് വരുന്ന വിമാനങ്ങള്‍ക്ക് നാട്ടില്‍ നിന്നും പ്രവാസികളെ കൊണ്ടുവരാന്‍ അനുമതിയില്ലെന്ന് കുവൈത്ത് അധികൃതര്‍ വ്യക്തമാക്കി. പ്രവേശന വിലക്ക് നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്. അവധിക്ക് നാട്ടിലെത്തി ലോക്ഡൗണ്‍ കാരണം തിരിച്ചു വരാന്‍ കഴിയാതെ മലയാളികളടക്കം ആയിരകണക്കിന് കുവൈത്ത് വിസക്കാര്‍ ഇന്ത്യയില്‍ കുടുങ്ങി കിടക്കുകയാണ്. ഇവരുടെ കാര്യത്തില്‍ അടിയന്തിര തീരുമാനം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

നാട്ടില്‍ കുടുങ്ങിയ പ്രവാസികളെ തിരിച്ചുകൊണ്ടുപോകാന്‍ യുഎഇയുമായി ഇന്ത്യ കരാര്‍ ഒപ്പിട്ടിട്ടുണ്ട്. നിശ്ചിത കാലാവധിയില്‍ ഇരു രാജ്യത്തെയും വിമാനങ്ങളില്‍ ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് തിരിച്ചു പോകാന്‍ കഴിയുന്നതാണ് ഈ സംവിധാനം. ഇതേ മാതൃകയില്‍ കുവൈത്ത്, ബഹ്റൈന്‍ , സൗദി എന്നിവയുമായും ധാരണവേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.



 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top