28 May Thursday

ഒമാനില്‍ മലയാളിക്ക് കോവിഡ് ; സൗദിയില്‍ പൊതുഗതാഗതം നിരോധിച്ചു

അനസ് യാസിന്‍Updated: Friday Mar 20, 2020

മസ്‌ക്കറ്റ്‌>  ഒമാനില്‍ മലയാളിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സലാലയില്‍ ജോലി ചെയ്യുന്ന തലശ്ശേരി സ്വദേശിയാണ്‌ ചികിത്സയില്‍ കഴിയുന്നത്. അവധി കഴിഞ്ഞ് മാര്‍ച്ച് 13നുള്ള വിമാനത്തിലാണ് ഇദ്ദേഹം തിരിച്ചെത്തിയത്. 16 ന് പനിയും ചുമയും അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയില്‍ ചികിത്സ നല്‍കി പരിശോധനാ സാമ്പിളുകള്‍ എടുത്തിരുന്നതായി നാട്ടിലുള്ള സുഹൃത്ത് പറഞ്ഞു.

ആദ്യമായാണ് ഗള്‍ഫില്‍ മലയാളിക്ക് കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്. നേരത്തെ യുഎഇയില്‍ നാല് ഇന്ത്യക്കാര്‍ക്കും ബഹ്‌റൈനില്‍ രണ്ട് ഇന്ത്യക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഖത്തറില്‍ കോവിഡ് സ്ഥിരീകരിച്ച 460 പേരില്‍ 412 പേരും പ്രവാസികളാണ്. എന്നാല്‍, ഇവര്‍ ഏത് രാജ്യക്കാരാണെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

കേരളത്തില്‍ സൗദിയില്‍ നിന്നും ഉംറ കഴിഞ്ഞെത്തിയ മൂന്നു പേര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.മലയാളിയുടേതടക്കം ഒമ്പത് കൊറോണ കേസാണ് ഒമാനില്‍ പുതുതായി സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കേസുകള്‍ 48 ആയി. 13 പേര്‍ക്ക് അസുഖം ഭേദമായി.
അതിനിടെ, ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു. സൗദിയില്‍ കോവിഡ് രോഗ ബാധിതര്‍ 274 ആയിഉയര്‍ന്നു. പുതുതായി 36 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണിത്. ബുധനാഴ്ച മാത്രം 67 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.


യുഎഇയില്‍ വ്യാഴാഴ്ച 27 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ വൈറസ് ബാധിതര്‍ 140 ആയി. 31 പേര്‍ക്ക് രോഗം ഭേദമായി.
ബഹ്‌റൈനില്‍ കൊറോണ രോഗികള്‍ 168 ആയി കുറഞ്ഞു. വ്യാഴാഴ്ച 177 പേര്‍ക്കായിരുന്നു രോഗബാധ. കുവൈത്തില്‍ വ്യാഴാഴ്ച ആറു പുതിയ കേസുകള്‍ സ്ഥിരീകരിച്ചതോടെ രോഗബാധിതര്‍ 148 ആയി. 22 പേര്‍ക്ക് രോഗം ഭേദമായി.

സൗദിയില്‍ പൊതു ഗതാഗതം നിരോധിച്ചു
കൊറോണവൈറസ് വ്യാപനം തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദിയില്‍ ആഭ്യന്തര മന്ത്രാലയം പൊതു ഗതാഗതം നിരോധിച്ചു. ശനിയാഴ്ച രാവിലെ ആറു മുതല്‍ രണ്ടാഴ്ചത്തേക്കാണ് നിരോധനം. ആഭ്യന്തര വിമാനങ്ങള്‍, ട്രെയ്ന്‍, ബസ്, ടാക്‌സി എന്നിവ സര്‍വീസ് നടത്താന്‍ പാടില്ല. എന്നാല്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് സര്‍വീസിന് അനുമതിയുണ്ട്. കാര്‍ഗോ വിമാനങ്ങള്‍ക്കും വിലക്കില്ല.


പ്രധാന വാർത്തകൾ
 Top