21 September Saturday

കശ്‌മീർ: ‘മധ്യസ്ഥ’നായി ട്രംപ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019

വാഷിങ്‌ടൺ
ജമ്മു കശ്‌മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ നടപടി ആഭ്യന്തരവിഷയമാണെന്ന നിലപാട്‌ ഇന്ത്യ ആവർത്തിക്കവേ വിഷയത്തിൽ ഇടപെട്ട്‌ അമേരിക്ക. പ്രശ്‌നം അന്താരാഷ്ട്രതലത്തിൽ ഉയർത്താൻ പാകിസ്ഥാൻ ശ്രമിക്കവെയാണ്‌ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ ഇരു പ്രധാനമന്ത്രിമാരുമായും ടെലിഫോണിൽ ‘മധ്യസ്ഥചർച്ച’ നടത്തിയത്‌. കശ്‌മീർവിഷയത്തിൽ ഇടപെടാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നോട്‌ ആവശ്യപ്പെട്ടതായി നേരത്തെ ട്രംപ്‌ വെളിപ്പെടുത്തിയത്‌ വിവാദമായിരുന്നു. ഇക്കാര്യത്തിൽ മോഡി പ്രതികരിച്ചിട്ടില്ല. കശ്‌മീരിൽ എല്ലാം ശാന്തമാണെന്ന മോഡി സർക്കാരിന്റെ വാദം തള്ളി സ്ഥിതി ദുഷ്‌കരമാണെന്നും ട്രംപ്‌ അഭിപ്രായപ്പെട്ടു.

കശ്‌മീരിൽ സ്ഥിതി ദുഷ്‌കരമാണെന്ന്‌ പ്രധാനമന്ത്രിമാരുമായുള്ള ചർച്ചയ്‌ക്കുശേഷം  ട്രംപ്‌ അഭിപ്രായപ്പെട്ടു. മേഖലയിൽ സംഘർഷാവസ്ഥ ലഘൂകരിക്കാൻ സംയമനത്തോടെ പ്രവർത്തിക്കണമെന്ന്‌ നരേന്ദ്ര മോഡിയോടും ഇമ്രാൻ ഖാനോടും ട്രംപ്‌ ആവശ്യപ്പെട്ടു. മോഡിയുമായി ട്രംപ്‌ അരമണിക്കൂർ സംഭാഷണം നടത്തി. ഇന്ത്യാവിരുദ്ധ അതിക്രമങ്ങളെ ചില  പാക്‌ നേതാക്കൾ പ്രോത്സാഹിപ്പിക്കുകയാണെന്ന്‌ മോഡി ട്രംപിനോട്‌ പറഞ്ഞു. പാകിസ്ഥാന്റെ പ്രകോപനകരമായ പരാമർശങ്ങളും ചൂണ്ടിക്കാട്ടി. ഇതിനു പിന്നാലെയാണ്‌ ട്രംപ്‌  ഇമ്രാൻ ഖാനെ വിളിച്ചത്‌. ഇന്ത്യയുടെ നടപടികളെ വിമർശിക്കുമ്പോൾ മിതത്വം പാലിക്കാൻ ഇമ്രാൻ ഖാനോട്‌ ട്രംപ്‌ നിർദേശിച്ചു. ഇന്ത്യയുമായി സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താനുള്ള നടപടികൾ ചർച്ചചെയ്‌തെന്നും ഇരു നേതാക്കളും വീണ്ടും കൂടിക്കാഴ്‌ച നടത്തുമെന്നും വൈറ്റ്‌ഹൗസ്‌ വക്താവ്‌ ഹോഗൻ ഗിഡ്‌ലി പറഞ്ഞു.

ഭീകരപ്രവർത്തനവും അതിക്രമങ്ങളുമില്ലാത്ത അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യം ട്രംപ്‌ ചൂണ്ടിക്കാട്ടിയതായി പ്രധാനമന്ത്രിയുടെ ഓഫീസ്‌ ന്യൂഡൽഹിയിൽ പ്രസ്‌താവനയിൽ അറിയിച്ചു. അതേസമയം, കശ്‌മീരിലെ സ്ഥിതി നേരിടുന്നതിൽ അമേരിക്കൻ പ്രസിഡന്റ്‌ പങ്ക്‌ വഹിക്കണമെന്ന്‌ ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടതായി പാക്‌ വിദേശമന്ത്രി ഷാ മഹ്‌മൂദ്‌ ഖുറേഷി പറഞ്ഞു. കശ്‌മീരിൽ കർഫ്യൂ പിൻവലിക്കണമെന്നും ജനങ്ങൾക്ക്‌ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം നീക്കണമെന്നും ഇമ്രാൻഖാൻ ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു.

അന്താരാഷ്ട്രതലത്തിൽ തർക്കപ്രദേശമായി അംഗീകരിക്കപ്പെട്ട സ്ഥലത്ത്‌ ഇന്ത്യ ഏകപക്ഷീയമായി തീരുമാനമെടുത്തത്‌ ശരിയായില്ലെന്നും ട്രംപുമായുള്ള ചർച്ചയിൽ ഇമ്രാൻ ഖാൻ ആവർത്തിച്ചു. ഉഭയകക്ഷി ചർച്ചയിലൂടെ കശ്‌മീർ വിഷയം പരിഹരിക്കണമെന്ന്‌ പാക്‌ പ്രധാനമന്ത്രിയോട്‌ കഴിഞ്ഞദിവസം ട്രംപ്‌ നിർദേശിച്ചിരുന്നു. തന്റെ രണ്ട്‌ നല്ല സുഹൃത്തുക്കളോട്‌ സംസാരിച്ചെന്നും വ്യാപാരം, തന്ത്രപരമായ സഹകരണം എന്നിവയ്ക്കൊപ്പം കശ്‌മീർ വിഷയവും ചർച്ചചെയ്‌തെന്നും ട്രംപ്‌ ട്വീറ്റ്‌ ചെയ്‌തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top