29 February Saturday

ഇന്ത്യയിൽ ‘ജനാധിപത്യവും’ ഇടിയുന്നു

സ്വന്തം ലേഖകൻUpdated: Friday Jan 24, 2020

ന്യൂഡൽഹി
ജനാധിപത്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം കൂപ്പുകുത്താൻ വഴിയൊരുക്കിയത്‌ കശ്‌മിരിന്റെ പദവി റദ്ദാക്കൽമുതൽ പൗരത്വ ഭേദഗതിനിയം പാസാക്കൽ വരെയുള്ള കേന്ദ്രസർക്കാർ നടപടികൾ. ആഗോള ജനാധിപത്യസൂചികയിൽ ഇന്ത്യയുടെ സ്ഥാനം  10 പോയിന്റ്‌ ഇടിഞ്ഞ്‌ ഇന്ത്യ 51 –-ാം സ്ഥാനത്താണ്‌.

2006നുശേഷമുള്ള ഏറ്റവും മോശം നിലയാണിത്‌. കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും അസമിൽ രൂപീകരിച്ച പൗരത്വപട്ടികയിൽനിന്ന്‌ 19 ലക്ഷം പേരെ പുറന്തള്ളിയതും പൗരത്വ ഭേദഗതി നിയമവും ഇന്ത്യയുടെ പ്രതിച്ഛായ ഇടിയാൻ കാരണമായി ഇക്കണോമിക് ഇന്റലിജന്റ്‌സിന്റെ റിപ്പോർട്ട്‌  വ്യക്തമാക്കുന്നു. 165 സ്വതന്ത്ര രാജ്യങ്ങളിലെയും മറ്റ് രണ്ട് ഭൂപ്രദേശങ്ങളിലെയും ജനാധിപത്യ സ്ഥിതിയാണ്‌ റിപ്പോർട്ട്‌ വിശകലനം ചെയ്‌തത്‌. 

തെരഞ്ഞെടുപ്പ് പ്രക്രിയ, ബഹുസ്വരത, സർക്കാരിന്റെ പ്രവർത്തനം, രാഷ്ട്രീയ പങ്കാളിത്തം, രാഷ്ട്രീയ സംസ്കാരം, പൗരസ്വാതന്ത്ര്യം എന്നിവയെ അടിസ്ഥാനപ്പെടുത്തിയതാണ് സൂചിക. ഏഷ്യ–-ഓസ്‌ട്രേലിയ മേഖലയിൽ തയ്‌വാനും പിന്നിൽ എട്ടാം സ്ഥാനത്താണ്‌ ഇന്ത്യ. രാഷ്‌ട്രീയ നേതൃത്വത്തെയടക്കം തടവിലിട്ടാണ്‌ കശ്‌മീരിന്റെ പദവി റദ്ദാക്കിയതെന്ന്‌ റിപ്പോർട്ടിൽ പറയുന്നു.  അസമിലെ  പൗരത്വ രജിസ്റ്ററിൽനിന്ന്‌ പുറത്തായ 19 ലക്ഷം പേരിൽ ഭൂരിപക്ഷവും മുസ്ലിങ്ങളാണ്‌.

പുറന്തള്ളപ്പെട്ടവർ ബംഗ്ലാദേശ്‌ സ്വദേശികളാണെന്ന്‌ ഭരണകക്ഷിയായ ബിജെപി ആരോപിക്കുന്നു. ബംഗ്ലാദേശ്‌ സർക്കാർ ഇത്‌ നിഷേധിക്കുന്നു. പൗരത്വ ഭേദഗതി നിയമം മുസ്ലിങ്ങളെ ഭയത്തിലാക്കി. വലിയ ജനകീയ പ്രതിഷേധത്തിന്‌ ഇത്‌ വഴിവച്ചെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top