21 November Thursday
ഇടനാഴി ഉദ്‌ഘാടനം നാളെ

കർതാർപുർ തീർഥാടനം: പാസ്‌പോർട്ട്‌ വേണ്ടെന്ന്‌ പാക്‌ വിദേശമന്ത്രാലയം

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2019

ഇസ്ലാമാബാദ്‌
കർതാർപുർ സാഹിബ്‌ ഗുരുദ്വാര സന്ദർശിക്കുന്ന ഇന്ത്യൻ സിഖ്‌ തീർഥാടകർക്ക്‌ കർതാർപുർ ഇടനാഴി കടക്കാൻ പാസ്‌പോർട്ട്‌ വേണമോയെന്ന കാര്യത്തിൽ അവ്യക്തത. പാസ്‌പോർട്ട്‌ വേണമെന്ന്‌ പാക്‌ സേനാവക്താവ്‌ മേജർ ജനറൽ ഖഫൂർ വ്യാഴാഴ്‌ച പറഞ്ഞു. സുരക്ഷയുടെയും പരമാധികാരത്തിന്റെയും കാര്യത്തിൽ വിട്ടുവീഴ്‌ചയ്ക്ക്‌ തയ്യാറല്ലെന്നാണ്‌ സേനാ വക്താവ്‌ വിശദീകരിച്ചത്‌. എന്നാൽ ഒരു വർഷത്തേക്ക്‌ ഇന്ത്യൻ തീർത്ഥാടകർക്ക്‌ പാസ്‌പോർട്ട്‌ വേണ്ട എന്നതടക്കം മൂന്ന്‌ ഇളവുകൾ നൽകുന്നതായി പാക്‌ വിദേശമന്ത്രാലയ വക്താവ്‌ മുഹമ്മദ്‌ ഫൈസൽ പിന്നീട്‌ അറിയിച്ചു.

ഇന്ത്യൻ തീർഥാടകർക്ക്‌ പാസ്‌പോർട്ട്‌ വേണ്ടെന്നും ഏതെങ്കിലും തിരിച്ചറിയൽ രേഖ മതിയെന്നും പാക്‌ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഒരാഴ്‌ച മുമ്പ്‌  ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. എന്നാൽ അനിശ്ചിതത്വം നീക്കാൻ പാസ്‌പോർട്ടിന്റെ കാര്യത്തിൽ പാകിസ്ഥാന്റെ നിലപാട്‌ വ്യക്തമാക്കണമെന്ന്‌ ബുധനാഴ്ച ഇന്ത്യ ആവശ്യപ്പെട്ടു. പിന്നാലെയാണ്‌ പാക്‌ സേനാ വക്താവിന്റെയും അതിന്‌ ശേഷം വിദേശ മന്ത്രാലയ വക്താവിന്റെയും പ്രസ്‌താവന വന്നത്‌.ഗുരുനാനാക്കിന്റെ 550–-ാം ജന്മവാർഷികം 12നാണ്‌. ഇതോടനുബന്ധിച്ച്‌ ശനിയാഴ്ച ഇമ്രാൻ ഖാൻ കർതാർപുർ ഇടനാഴി  ഉദ്‌ഘാടനംചെയ്യും.  സൗഹൃദനടപടിയായി ഈ രണ്ട്‌ ദിവസവും ഇന്ത്യൻ തീർത്ഥാടകർക്ക്‌ 20 ഡോളറിന്റെ സർവീസ്‌ ചാർജ്‌ ഒഴിവാക്കുമെന്നും ഫൈസൽ അറിയിച്ചു. സന്ദർശനത്തിന്റെ 10 ദിവസം മുമ്പ്‌ രജിസ്‌റ്റർ ചെയ്യണമെന്ന നിബന്ധനയും ഒഴിവാക്കി.

ഇന്ത്യൻ തീർത്ഥാടകരുടെ സുരക്ഷയ്‌ക്ക്‌ ശനിയാഴ്‌ച മുതൽ പാകിസ്ഥാൻ പ്രത്യേക ടൂറിസം പൊലീസ്‌ സേനയെ വിന്യസിക്കുന്നുണ്ട്‌. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങ്‌ ശനിയാഴ്‌ച പഞ്ചാബിൽ നിന്നുള്ള സംഘത്തിലുണ്ടാവും. ക്രിക്കറ്റ്‌ താരവും പഞ്ചാബ്‌ മന്ത്രിയുമായിരുന്ന നവജ്യോത്‌ സിങ്ങ്‌ സിദ്ദുവിന്‌ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കാൻ പാകിസ്ഥാൻ വിസ അനുവദിച്ചു.നൂറ്റാണ്ടുകളോളം പൗരാണിക നാഗരികതയുടെ കളിത്തൊട്ടിലായിരുന്ന പാകിസ്ഥാനിലെ ഹിന്ദു, ബൗദ്ധ പുണ്യകേന്ദ്രങ്ങളുടെ പുനരുദ്ധാരണവും പരിഗണനയിലുണ്ടെന്ന്‌ വിദേശമന്ത്രാലയ വക്താവ്‌ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top