16 June Sunday

മാർക‌്സിന്റെ ശവകുടീരം വീണ്ടും ആക്രമിച്ചു; അക്രമികളെ പിടികൂടാതെ പൊലീസ‌്

വെബ് ഡെസ്‌ക്‌Updated: Monday Feb 18, 2019

ലണ്ടൻ > രണ്ടാഴ‌്ചയ‌്ക്കിടെ രണ്ടാം തവണയും ലണ്ടൻ ഹൈഗേറ്റ‌് സെമിത്തേരിയിലെ കാൾ മാർക‌്സിന്റെ ശവകുടീരം തകർക്കാൻ ശ്രമമുണ്ടായിട്ടും അക്രമികളെ പിടികൂടാനാകാതെ പൊലീസ‌്.ഫെബ്രുവരി നാലിനും 16നുമാണ‌് ശവകുടീരം ആക്രമിക്കപ്പെട്ടത‌്. അതീവപ്രാധാന്യമുള്ള ഗ്രേഡ‌് വൺ ലിസ‌്റ്റിൽ ഉൾപ്പെടുത്തി ഇംഗ്ലണ്ട‌് ഭരണകൂടം സംരക്ഷിക്കുന്ന ശവകുടീരമാണ‌് തുടർച്ചയായി ആക്രമിക്കപ്പെട്ടത‌്. ഫെബ്രുവരി നാലിന‌ുണ്ടായ ആദ്യ ആക്രമണത്തിൽ ശവകുടീരത്തിൽ സ്ഥാപിച്ചിരുന്ന മാർബിൾ ഫലകം ചുറ്റികകൊണ്ട‌് അടിച്ചുതകർത്തിരുന്നു.

മാർബിൾ പാളിയിൽ കൊത്തിവച്ച മാർക‌്സിന്റെയും കുടുംബത്തിന്റെയും പേര‌് വികൃതമാക്കാനും ശ്രമിച്ചു. ഫെബ്രുവരി 16ന‌് ശവകുടീരത്തിന‌് മുകളിലെ മാർബിൾ ഫലകവും സ‌്മാരകവുമാണ‌് ആക്രമിച്ചത‌്. ‘ഡോക്ടറിൻ ഓഫ‌് ഹെയ‌്റ്റ‌്’ (വെറുപ്പിന്റെ വക്താവ‌്), ‘ആർകിടെക്ട‌് ഓഫ‌് ജെനോസൈഡ‌്’(വംശഹത്യയുടെ ശിൽപ്പി) എന്നീ വാചകങ്ങൾ ശവകുടീരത്തിന‌് ചുറ്റും ചുവന്ന പെയിന്റ‌് കൊണ്ടെഴുതി വികൃതമാക്കി.

രണ്ടാമതും ആക്രമണമുണ്ടായ സാഹചര്യത്തിൽ സ‌്മാരകത്തിന‌് സംരക്ഷണം ഏർപ്പെടുത്താനും പ്രതികൾക്കായി തെരച്ചിൽ ശക്തമാക്കാനും പൊലീസ‌് തീരുമാനിച്ചു. അധിക്ഷേപവാക്കുകൾ മാഞ്ഞുപോകാമെങ്കിലും മാർക‌്സിനെപ്പോലുള്ള ചരിത്രപുരുഷന്റെ സ‌്മാരകവും ശവകുടീരവും ആക്രമിക്കപ്പെടുന്നത‌് നല്ല പ്രവണതയല്ലെന്ന‌് ബ്രിട്ടീഷ‌് മ്യൂസിയം പ്രതിനിധി പ്രതികരിച്ചു. ഹൈഗേറ്റ‌് സെമിത്തേരിയുടെ പ്രശസ‌്തി തന്നെ മാർക‌്സിന്റെ ശവകുടീരമാണെന്നും അത‌് ആക്രമിക്കപ്പെടുന്നത‌് രാജ്യത്തിന‌് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു. 1883ൽ കാൾ മാക‌്സിനെ സംസ‌്കരിച്ച സ്ഥലത്ത‌്നിന്ന‌് ശരീരാവശിഷ‌്ടങ്ങൾ ശേഖരിച്ച‌് 1956ലാണ‌് ശവകുടീരം സ‌്മാരകമാക്കി അർധകായപ്രതിമ സ്ഥാപിച്ചത‌്.


പ്രധാന വാർത്തകൾ
 Top