19 September Saturday
വിജയിച്ചാൽ ആദ്യ വനിതാ വൈസ്‌ പ്രസിഡന്റാകും

ബൈഡൻ വിജയിച്ചാൽ കമല വൈസ്‌ പ്രസിഡന്റ്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020


വാഷിങ്‌ടൺ
ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായാൽ വൈസ്‌ പ്രസിഡന്റായി ഇന്ത്യൻ വംശജ കമല ഹാരിസും വൈറ്റ്‌ഹൗസിലേക്ക്‌. നിലവിൽ കലിഫോർണിയയിൽനിന്നുള്ള സെനറ്ററായ കമലയെ ഡമോക്രാറ്റിക്‌ സ്ഥാനാർഥിയായ ബൈഡൻ തന്റെ മത്സരപങ്കാളിയായി പ്രഖ്യാപിച്ചു.

പിതാവ്‌ വഴി കറുത്തവംശജയാണ്‌ അമ്പത്തിയഞ്ചുകാരിയായ കമല. അമേരിക്കയിൽ വംശീയത പ്രധാന ചർച്ചാ വിഷയങ്ങളിൽ ഒന്നായിരിക്കുന്ന സന്ദർഭത്തിൽ കമലയുടെ സ്ഥാനാർഥിത്വം ഇന്ത്യൻ വംശജരും കറുത്തവംശജരും സ്വാഗതം ചെയ്‌തു.

തമിഴ്‌നാട്ടിൽനിന്ന്‌ അമേരിക്കയിലെത്തിയ അർബുദ ഗവേഷക ശ്യാമള ഗോപാലന്റെയും വെസ്‌റ്റിൻഡീസ്‌ രാജ്യങ്ങളിൽ ഒന്നായ ജമൈക്കയിൽനിന്നുള്ള സാമ്പത്തിക ശാസ്‌ത്രജ്ഞൻ ഡോണൾഡ്‌ ഹാരിസിന്റെയും രണ്ട്‌ പെൺമക്കളിൽ മൂത്തയാളാണ്‌ കമല. അമേരിക്കയിൽ ഒരു പ്രധാനകക്ഷിയുടെ വൈസ്‌പ്രസിഡന്റ്‌ സ്ഥാനാർഥിയാകുന്ന ആദ്യ ഇന്ത്യൻ വംശജയും ഏഷ്യൻ വംശജയും കറുത്ത വംശജയുമാണ്‌. ഇവരെ പോലെ സങ്കരവംശജനായ ബറാക്‌ ഒബാമ 2008ൽ പ്രസിഡന്റ്‌ സ്ഥാനാർഥിയായതിന്‌ സമാനം ചരിത്രപ്രധാനമായ തീരുമാനം എന്നാണ്‌ കമലയുടെ രംഗപ്രവേശം അമേരിക്കയിൽ വിശേഷിപ്പിക്കപ്പെടുന്നത്‌.


 

1984ൽ ജെറാൾദീൻ ഫെറാരോയും 2008ൽ സാറ പേലിനുമാണ്‌ ഇതിനു‌മുമ്പ്‌ പ്രധാന കക്ഷികളിൽ ഒന്നിന്റെ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാർഥിയായ വനിതകൾ. വിജയിച്ചാൽ ആദ്യ വനിതാ വൈസ്‌ പ്രസിഡന്റാകും കമല. യുഎസ്‌ സെനറ്റിലെ ആദ്യ ഇന്ത്യൻ വംശജയായ ഈ അഭിഭാഷക ഏറ്റവും ജനസംഖ്യയുള്ള അമേരിക്കൻ സംസ്ഥാനമായ കലിഫോർണിയയിലെ ആദ്യ വനിതാ അറ്റോർണി ജനറലാണ്‌. ഭർത്താവ്‌ ഡഗ്ലസ്‌ എംഹോൾഫ്‌. അനിയത്തി മായ ലക്ഷ്‌മി ഹാരിസ്‌.

ചൈനയുമായുണ്ടായ സംഘർഷത്തിന്റെ ഫലമായി ഇന്ത്യൻ വംശജരുടെ വോട്ട്‌ പൂർണമായി നേടാമെന്ന പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ ആശ വ്യാമോഹമാക്കുന്നതാണ്‌ ബൈഡന്റെ നീക്കം.

13 ലക്ഷം ഇന്ത്യക്കാർക്ക്‌ അമേരിക്കയിൽ വോട്ടുണ്ട്‌. ശക്തമായ മത്സരം നടക്കുന്ന എട്ട്‌ ‘പോർക്കള മണ്ഡലങ്ങ’ളിൽ ഉൾപ്പെടുന്ന പെൻസിൽവേനിയയിൽ രണ്ട്‌ ലക്ഷവും മിഷിഗണിൽ 1.25 ലക്ഷവുമാണ്‌ ഇന്ത്യൻ വോട്ടർമാർ. 2016ൽ ഇന്ത്യൻ വംശജരിൽ 77 ശതമാനവും ട്രംപിനെതിരെ ഹിലരിക്കാണ്‌ വോട്ട്‌ ചെയ്‌തത്‌. ട്രംപിന്റെ ജനപിന്തുണ വളരെ ഇടിഞ്ഞിരിക്കെ ബൈഡനാണ്‌ ഇപ്പോൾ സർവേകളിൽ മുന്നിൽ.

കമല ഹാരിസിനെ വിമർശിച്ച്‌ ട്രംപ്‌
ഡെമോക്രാറ്റിക്‌ സ്ഥാനാർഥി ജോ ബൈഡൻ കമലാ ഹാരിസിനെ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനെതിരെ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌. ഇത്‌ തന്നെ അത്ഭുതപ്പെടുത്തുന്നെന്നും നിന്ദയോടെ മര്യാദയില്ലാതെയാണ്‌ കമലാ ഹാരിസ്‌ ബൈഡനോട്‌ പെരുമാറിയിരുന്നതെന്ന്‌ ട്രംപ്‌ ആരോപിച്ചു. 


 

പ്രൈമറികളിൽ രണ്ട്‌ ശതമാനം വോട്ടിൽ താഴെയാണ്‌ കമലയ്ക്ക് ‌ലഭിച്ചതെന്ന്‌ ട്രംപ്‌ പരിഹസിച്ചു. നികുതി വർധിപ്പിക്കുന്നതിലും സൈന്യത്തിനുള്ള തുക വെട്ടിച്ചുരുക്കുന്നതിനുമാണ്‌ കമല മുൻഗണന കൊടുക്കുന്നതെന്നും- ട്രംപ്‌ പറഞ്ഞു. കലിഫോർണിയ അറ്റോണി ജനറൽ തെരഞ്ഞെടുപ്പിന്‌ കമലയ്‌ക്ക്‌ ട്രംപ്‌ 6000 ഡോളർ സംഭാവന നൽകിയിരുന്നു. അതേസമയം അമേരിക്കൻ മാധ്യമങ്ങൾ ബൈഡന്റെ തീരുമാനത്തെ ഐതിഹാസികം എന്നാണ്‌ വിശേഷിപ്പിച്ചത്‌. ബറാക്ക്‌ ഒബാമ 2008ൽ പ്രസിഡന്റ്‌ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിന്‌ സമാനമായാണ്‌ മാധ്യമങ്ങൾ കമലയുടെ വാർത്ത നൽകിയത്‌. ജമൈക്കൻ മാധ്യമങ്ങളിലും കമല ഹാരിസിന്റെ സ്ഥാനാർഥിത്വം ഒന്നാംപേജിൽ ഇടംപിടിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top