17 July Wednesday

വിട്ടുനൽകാനുള്ള ഉത്തരവിൽ ഒപ്പിട്ടു: അസാൻജെ കേസ‌് യുകെ കോടതി ഇന്ന‌് പരിഗണിക്കും

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019

ലണ്ടൻ
വിക്കിലീക‌്സ‌് സ്ഥാപകൻ ജൂലിയൻ അസാൻജെയെ അമേരിക്കയ‌്ക്ക‌് വിട്ടുനൽകാനുള്ള നടപടി യുകെ കോടതി വെള്ളിയാഴ‌്ച പരിഗണിക്കും. അസാൻജെയെ അമേരിക്കയ‌്ക്ക‌് കൈമാറുന്നതിനുള്ള ഉത്തരവ‌ിൽ ബ്രിട്ടീഷ‌് ആഭ്യന്തര സെക്രട്ടറി സജിദ‌് ജാവിദ‌് ഒപ്പിട്ടു. അന്തിമ തീരുമാനം ബ്രിട്ട‌ീഷ‌് കോടതിയാണെടുക്കുകയെന്ന‌് ആഭ്യന്തര സെക്രട്ടറി പറഞ്ഞു. യുഎസ‌് സൈന്യത്തിന്റെ ആഭ്യന്തരരേഖകൾ പുറത്തുവിട്ടതിനെത്തുടർന്ന‌് അമേരിക്കയുടെ അറസ്റ്റ‌് ഒഴിവാക്കാൻ ലണ്ടനിലെ

ഇക്വഡോർ എംബസിയിൽ  കഴിയുന്നതിനിടെയാണ‌് അസാൻജെയെ അറസ്റ്റ‌് ചെയ‌്തത‌്. അമേരിക്കയുടെ ആവശ്യം ന്യായമായതിനാലാണ‌് ഉത്തരവിൽ ഒപ്പുവച്ചതെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ കൂടുതലൊന്നും പറയാൻ കഴിയില്ലെന്നും ആഭ്യന്തര സെക്രട്ടറി പറഞ്ഞു. ആരോഗ്യനില മോശമായതിനാൽ കഴിഞ്ഞ മാസത്തെ വാദത്തിന‌് അസാൻജെയ‌്ക്ക‌് ഹാജരാകാനായിട്ടില്ല. അദ്ദേഹത്തെ തടവിലിട്ടിരിക്കുന്ന ലണ്ടനിലെ ബെൽമാർഷ‌് ജയിലിൽ കനത്ത സുരക്ഷാ മുന്നൊരുക്കങ്ങളോടെയാണ‌് വെള്ളിയാഴ‌്ചത്തെ വാദം. വിജയ‌് മല്യയുടെയും നീരവ‌് മോഡിയുടെയും കേസ‌് പരിഗണിക്കുന്ന മുഖ്യ മജിസ‌്ട്രേട്ട‌് എമ്മ

അർബത‌്നോട്ട‌ുതന്നെയാണ‌് അസാൻജെയുടെ കേസും പരിഗണിക്കുന്നത‌്.  ഇന്ത്യ–- യുകെ വിടുതൽ കരാറിനേക്കാൾ ലളിതമായ നിയമ നടപടിക‌ളാണ‌് യുഎസ‌് –- യുകെ കരാറിന്റേത‌്. ഇരുരാജ്യങ്ങളുടെയും നടപടി മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റമാണെന്ന‌് അസാൻജെയെ പിന്തുണയ‌്ക്കുന്നവർ വിമർശമുന്നയിച്ചു. സമാനതകളില്ലാത്ത രീതിയിലാണ‌് വേട്ടയാടുന്നതെന്നും അസാൻജെ കടുത്ത മാനസിക പീഡനത്തിന‌് വിധേയനായതായും യുഎൻ വിദ‌ഗ‌്ധരുടെ പഠനം വെ‌ളിപ്പെടുത്തി. ആദ്യഘട്ടത്തിൽ അസാൻജെയ‌്ക്കെതിരെ കംപ്യൂട്ടർ ഹാക്കിങ‌് ഗൂഢാലോചന കേസ‌് മാത്രമാണ‌് അമേരിക്ക ചുമത്തിയിരുന്നത‌്. എന്നാൽ, വിടുതൽ നടപടി ഊർജിതമാക്കാനായി കഴിഞ്ഞ മാസം 17 പുതിയ കുറ്റംകൂടി ചുമത്തി. അസാൻജെയെ വിട്ടുനൽകാൻ സ്വീഡൻ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി തള്ളി.


പ്രധാന വാർത്തകൾ
 Top