24 May Friday

'എടോ വിഡ്ഢീ, ഞാന്‍ കമ്യൂണിസ്റ്റാണ്': ബ്രിട്ടണിലെ ചാനല്‍ ചര്‍ച്ചയില്‍ ട്രംപ് വിരുദ്ധ പ്രക്ഷോഭകയുടെ മറുപടി -Video

വെബ് ഡെസ്‌ക്‌Updated: Friday Jul 13, 2018

ലണ്ടന്‍ > ട്രംപിനെ എതിര്‍ക്കുന്നയാള്‍ ഒബാമയുടെ ആരാധികയെന്നുറപ്പിച്ച ടി വി അവതാരകന് ചര്‍ച്ചയ്ക്കെത്തിയ മാധ്യമ പ്രവര്‍ത്തകയുടെ പൊള്ളുന്ന മറുപടി. തന്നെ ആവര്‍ത്തിച്ച് ഒബാമ പക്ഷക്കാരിയായി അവതരിപ്പിച്ച അവതാരകന് അവര്‍ കൊടുത്ത മറുപടി ഇങ്ങനെ: ''എടോ വിഡ്ഢീ, ഞാനൊരു കമ്യൂണിസ്റ്റാണ്.".

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യുകെ സന്ദര്‍ശനത്തിനെതിരെ വ്യാപക പ്രതിഷേധം നടന്നുവരികയാണ്. നാല് ദിവസം നീണ്ടുനില്‍ക്കുന്ന ട്രംപിന്റെ പര്യടനവും പ്രതിഷേധവും ചര്‍ച്ച ചെയ്യുകയായിരുന്ന ബ്രിട്ടീഷ് ചാനലായ ഐടിവി. ചാനലില്‍ പിയേഴ്‌‌‌‌‌സ് മോര്‍ഗന്‍  അവതരിപ്പിക്കുന്ന 'ഗുഡ് മോണിംഗ് ബ്രിട്ടണ്‍' എന്ന ഷോയിലാണ് ചര്‍ച്ച നടന്നത്.

ബ്രിട്ടണിലെ മാധ്യമപ്രവര്‍ത്തകയും ട്രംപ് വിരുദ്ധ പ്രക്ഷോഭകയുമായ ആഷ് സര്‍ക്കാരിനെയും ചര്‍ച്ചയില്‍ ക്ഷണിച്ചിരുന്നു. ട്രംപ് വിരുദ്ധ പ്രക്ഷോഭത്തിന്റെ പ്രാധാന്യവും എന്തുകൊണ്ട് താന്‍ പങ്കെടുക്കുന്നുവെന്നും വിശദീകരിക്കുകയായിരുന്നു ആഷ്. എന്നാല്‍ ട്രംപ് അനുകൂലിയായ അവതാരകന്‍ പിയേഴ്‌‌‌‌‌‌‌സ് മോര്‍ഗന്‍ പ്രതിഷേധക്കാര്‍ക്കെതിരെ ആക്രോശിക്കുന്നുണ്ടായിരുന്നു.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ യുകെ സന്ദര്‍ശിച്ചപ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ എതിര്‍ത്തില്ലെന്നും നിങ്ങളുടെ 'ഹീറോ' ഒബാമയ്‌‌‌‌ക്കെതിരെ എന്തുകൊണ്ട് പ്രതിഷേധിച്ചില്ലെന്നും അവതാകരന്‍ ആഷിനോട് ചോദിച്ചു. എന്നാല്‍ ഒബാമ തന്റെ ഹീറോ അല്ലെന്നും താനൊരു കമ്യൂണിസ്റ്റ് ആണെന്നുമായിരുന്നു ആഷയുടെ മറുപടി.

'എടോ വിഡ്ഢീ, ഞാനൊരു കമ്യൂണിസ്റ്റാണ്. ഒരു മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍, നിങ്ങളുടെ കഴിവില്ലാ‌യ്‌മ മറയ്ക്കാന്‍ നിങ്ങള്‍ ചാനല്‍ ഡസ്‌‌‌‌ക് ഉപയോഗിക്കുകയാണ്. ഞങ്ങള്‍ ഉന്നയിക്കുന്ന യഥാര്‍ത്ഥവിഷയങ്ങളില്‍ നിന്നും ഒഴിവായി നിങ്ങളുടെ വാക്കുകള്‍ ഞങ്ങളുടെ വായിലേക്ക് തള്ളുകയാണ്. ഞാന്‍ ഒബാമയുടെ വിമര്‍ശകയാണ്, ഡെമോക്രാറ്റിക് പാര്‍ടിയുടെ വിമര്‍ശകയാണ്. കാരണം ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ കമ്യൂണിസ്റ്റാണ്' ആഷ് സര്‍കാര്‍ പറഞ്ഞു.

'നൊവാര മീഡിയ' എന്ന മാധ്യമത്തിന്റെ സീനിയര്‍ എഡിറ്ററാണ് ആഷ് സര്‍കാര്‍. ബ്രിട്ടണിലെ ലേബര്‍ പാര്‍ടി പ്രവര്‍ത്തകയും പ്രതിപക്ഷ നേതാവ് ജെര്‍മി കോര്‍ബിന്റെ അനുയായിയുമാണ് ഇവര്‍. 1932 ചിറ്റഗോങ്ങ് സായുധമുന്നേറ്റത്തിന്റെ പോരാളികളികളില്‍ പ്രമുഖയാണ്‌ ആഷിന്റെ  മുതുമുത്തശ്ശിയായ പ്രതിലത വഡ്ഡേദ്ദാര്‍. 'നായകള്‍ക്കും ഇന്ത്യക്കാര്‍ക്കും പ്രവേശനമില്ലെ'ന്ന ബോര്‍ഡ് വെച്ച യൂറോപ്യന്‍  ക്ലബ്ബ് ആക്രമിച്ചത് പ്രതിലതയുടെ നേതൃത്വത്തിലായിരുന്നു. പട്ടാളം പിടികൂടുമെന്നായപ്പോള്‍ അവര്‍ സയനൈഡ് കഴിച്ചു മരിച്ചു.

നാല് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ട്രംപിനെതിരെ ശക്തമായ പ്രതിഷേധമാണ് ബ്രിട്ടീഷ് തെരുവുകളില്‍ ഉയരുന്നത്. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചപ്പോഴും ബ്രിട്ടനില്‍ വന്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ട്രംപിന്റെ സീറോ ടോളറന്‍സ് നയവും മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ കുട്ടികളെ തടവിലാക്കിയതും ചില രാജ്യങ്ങളില്‍ ന്ിന്നുള്ളവര്‍ക്ക് സഞ്ചാര വിലക്ക് ഏര്‍പ്പെടുത്തിയതുമെല്ലാം പ്രതിഷേധം ശക്തമാക്കുന്നുണ്ട്. പ്രതിഷേധം ഭയന്ന് ട്രംപിന്റെ പരിപാടികളെല്ലാം ലണ്ടന് പുറത്താണ് നടക്കുന്നത്.

50000 പേര്‍ പങ്കെടുക്കുന്ന വന്‍ പ്രകടനമാണ് പ്രതിഷേധ പരിപാടികളില്‍ ഏറ്റവും പ്രധാനം. ലണ്ടന്‍, കേബ്രിഡ്‌ജ്, ബ്രിസ്റ്റോള്‍, ന്യൂകാസില്‍ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം തെരുവുകള്‍ പ്രതിഷേധക്കാരെക്കൊണ്ട് നിറഞ്ഞു കഴിഞ്ഞു. ട്രംപ് രാത്രി തങ്ങുന്ന സ്ഥലത്തിനു സമീപം പ്രതിഷേധമുണ്ടാകുമെന്നതിനാല്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധം ഭയന്ന് പല തവണ മാറ്റിവെച്ചതിനു ശേഷമാണ് ട്രംപ് യുകെ സന്ദര്‍ശനത്തിന് എത്തിയത്.

ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനമെന്നതും പ്രധാനമാണ്. പ്രധാനമന്ത്രി തെരേസ മേയ്, എലിസബത്ത് രാജ്ഞി എന്നിവരുമായി ട്രംപ് കൂടിക്കാഴ്‌ച നടത്തും.
 

പ്രധാന വാർത്തകൾ
 Top