26 September Saturday

യുഎസ്‌ ‘പൗരാവകാശ സിംഹം’ ജോൺ ലൂയിസ്‌ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 19, 2020

അറ്റ്‌ലാന്റ
അമേരിക്കൻ പൗരാവകാശ പ്രസ്ഥാനത്തിലെ ഒരു സിംഹമായി അറിയപ്പെട്ട ജോൺ ലൂയിസ്‌ അന്തരിച്ചു. 80 വയസ്സായിരുന്നു. 1965ൽ അലബാമ ഹൈവേ പൊലീസുകാരുടെ(സ്‌റ്റേറ്റ്‌ ട്രൂപ്പർമാർ) അടിയേറ്റ്‌ ലൂയിസിന്റെ തലയോട്ടി പൊട്ടിയതാണ്‌ പൗരാവകാശ പ്രക്ഷോഭത്തെ കാട്ടുതീപോലെ പടർത്തിയതും അമേരിക്കയിൽ കറുത്തവർക്ക്‌ വോട്ടവകാശം ലഭിക്കുന്നതിൽ കലാശിച്ചതും.

മാർട്ടിൻ ലൂഥർ കിങ്‌ ജൂനിയറടക്കം പൗരാവകാശ പ്രക്ഷോഭം നയിച്ച ആറ്‌ നായകരിൽ ഏറ്റവും ഇളയ ആളും വിടവാങ്ങുന്ന അവസാനത്തെയാളുമാണ്‌ ജോൺ ലൂയിസ്‌. 1986ൽ യുഎസ്‌ കോൺഗ്രസിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട ലൂയിസ്‌ മരണംവരെ അംഗമായി തുടർന്നു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും മഹാന്മാരായ വീരനായകരിൽ ഒരാളായിരുന്നു ലൂയിസ്‌ എന്ന്‌ പ്രതിനിധിസഭാ സ്‌പീക്കർ നാൻസി പെലോസി പറഞ്ഞു. ബറാക്‌ ഒബാമ, ബിൽ ക്ലിന്റൺ തുടങ്ങിയ മുൻ പ്രസിഡന്റുമാരടക്കം നിരവധി നേതാക്കൾ അനുശോചിച്ചു.

ആഗ്നേയഗ്രന്ഥിക്ക്‌(പാൻക്രിയാസ്‌) അർബുദം ബാധിച്ചതായി കഴിഞ്ഞ ഡിസംബറിലാണ്‌ കണ്ടെത്തിയത്‌. തുടർന്നും പഴയ വീറോടെ ട്രംപ്‌ സർക്കാരിന്റെ വംശീയ വിഭാഗീയ നടപടികൾക്കെതിരെ പോരാട്ടത്തിൽ സജീവമായിരുന്നു.‘എനിക്കൊരു സ്വപ്‌നമുണ്ട്‌’ എന്ന സുപ്രസിദ്ധമായ പ്രസംഗം 1963ൽ കിങ്‌ നടത്തിയ വേദിയിൽ തൊട്ടുമുമ്പ്‌ പ്രസംഗിച്ചത്‌ അന്ന്‌ 23 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ലൂയിസാണ്‌. അന്ന്‌ മുതിർന്നവരുടെ നിർബന്ധത്തിന്‌ വഴങ്ങിയാണ്‌ ലൂയിസ്‌ പല തീപ്പൊരി പ്രയോഗങ്ങളും പ്രസംഗത്തിൽനിന്ന്‌ ഒഴിവാക്കിയത്‌. കറുത്തവർക്ക്‌ വോട്ടവകാശത്തിനുവേണ്ടി  1965ൽ  സെൽമയിൽനിന്ന്‌ മോണ്ട്‌ഗോമറിയിലേക്ക്‌ നടത്തിയ മാർച്ചിന്റെ നായകനായിരുന്നു. കൈകൾ കോട്ടിന്റെ കീശയിൽ തിരുകി അറുനൂറോളം പ്രക്ഷോഭകരെ നയിച്ച്‌ നീങ്ങിയ ലൂയിസിനെ പൊലീസ്‌ ക്രൂരമായി മർദിച്ചു. അടിയേറ്റ്‌ തലയോട്ടി പിളർന്നു. ടെലിവിഷനിലൂടെ ഈ ദൃശ്യം പരന്നതോടെ ജനങ്ങളാകെ ഇളകി. കിങ്‌ നേരിട്ടെത്തി സംസ്ഥാനത്ത്‌ മാർച്ചുകൾ നയിച്ചു. വോട്ടവകാശ നിയമം പാസാക്കാൻ പ്രസിഡന്റ്‌ ലിൻഡൻ ജോൺസൺ കോൺഗ്രസിനുമേൽ സമ്മർദം ചെലുത്തി. ഒടുവിൽ ആ വർഷംതന്നെ നിയമം പാസാക്കി. അങ്ങനെ 55വർഷംമുമ്പ്‌ അമേരിക്കയിൽ കറുത്തവർക്കും വോട്ടവകാശം ലഭിച്ചു.

അലബാമയിൽ പൈക്‌ കൗണ്ടിയിലെ ട്രോയ്‌ പട്ടണത്തിൽ 1940ലായിരുന്നു ജനനം. കറുത്തവർക്കായുള്ള സ്‌കൂളുകളിലായിരുന്നു പഠനം. ട്രോയ്‌ സ്‌റ്റേറ്റ്‌ സർവകലാശാലയിൽ പ്രവേശനം ലഭിക്കുന്ന ആദ്യ കറുത്തവംശക്കാരനാകാൻ സഹായം തേടിയാണ്‌ ആദ്യമായി കിങ്ങിനെ കണ്ടത്‌. എന്നാൽ, അമേരിക്കൻ ബാപ്‌റ്റിസ്‌റ്റ്‌ തിയോളജിക്കൽ സെമിനാരിയിലും നാഷ്‌വിലെയിലെ ഫിസ്‌ക്‌ സർവകലാശാലയിലുമായിരുന്നു തുടർപഠനം. പുരോഹിതനാകാൻ ആഗ്രഹിച്ച ലൂയിസ്‌ അനീതികളോട്‌ കലഹിച്ചാണ്‌ പ്രക്ഷോഭകനും നേതാവുമായത്‌. ഒബാമ പ്രസിഡന്റായിരിക്കെ പരമോന്നത ബഹുമതിയായ സ്വാതന്ത്ര്യ പതക്കം നൽകി ആദരിച്ചു. ഭാര്യ ലില്യൻ മൈൽസ്‌ 2012ൽ മരിച്ചു. ജോൺ മൈൽസ്‌ ലൂയിസ്‌ ഏകമകൻ.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top