Deshabhimani

ചർച്ചകൾക്കും ഇടപെടലുകൾക്കും പുല്ലുവില; ​ഗാസയിൽ നരഹത്യ തുടരുമെന്ന് ഇസ്രയേൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 10, 2024, 10:17 AM | 0 min read

ജറുസലേം > ഗാസയിൽ നരഹത്യ തുടരാൻ തന്നെയാണ് തീരുമാനമെന്ന് ഇസ്രയേൽ. യുദ്ധം അവസാനിപ്പിക്കില്ലെന്നും അങ്ങനെ ചെയ്താൽ ഹമാസ് മടങ്ങി വരുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പറഞ്ഞു. വെടി നിർത്തൽ ചർച്ചകൾ സജീവമായി തുടരുന്നതിനിടെ ജറുസലേമിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം.

ഇസ്രയേൽ യുദ്ധം അവസാനിപ്പിച്ചാൽ ഹമാസ് വീണ്ടും ശക്തമാകും. തങ്ങൾക്കെതിരെ വീണ്ടും ആക്രമണം നടക്കും. ഭാവിയിലെ ആക്രമണങ്ങൾ തടയുന്നതിനായി ഹമാസിനെ ഉന്മൂലനം ചെയ്യുകയും അതിന്റെ സൈനികവും ഭരണപരമായ കഴിവുകൾ ഇല്ലാതാക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഇസ്രയേലിനുള്ളത്. ആ ലക്ഷ്യം ഇതുവരെ പൂർത്തിയായിട്ടില്ലെന്നും ആക്രമണം തുടരുമെന്നും നെതന്യാഹു പറഞ്ഞു.

ഹമാസിന്റെ സൈനിക ശേഷി തകർക്കാൻ ഇസ്രയേലിന് കഴിഞ്ഞുവെന്നും നേതൃത്വത്തെ ഇല്ലാതാക്കിയെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഒക്ടോബർ 23ന് പറഞ്ഞിരുന്നു. ഇനി ബന്ദികളുടെ മോചനം ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചുള്ള ധാരണയിലെത്തി യുദ്ധം അവസാനിപ്പിക്കാനുള്ള സമയമായി എന്നും അദ്ദേഹം പറഞ്ഞിരുന്നു. മാസങ്ങൾ നീണ്ടുനിന്ന വെടിനിർത്തൽ ചർച്ചകൾ ഫലം കാണുമെന്ന സൂചനകൾ സമീപ ദിവസങ്ങളിൽ ഉണ്ടായിട്ടുണ്ട്.

ചർച്ചകൾക്ക് വേ​ഗം കൈവന്നിട്ടുണ്ടെന്ന് പ്രധാന മധ്യസ്ഥനായ ഖത്തർ ശനിയാഴ്ചയാണ് അറിയിച്ചത്. തുർക്കിയും ഈജിപ്തും ഖത്തറും യുദ്ധം അവസാനിപ്പിക്കാൻ ശക്തമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും പുതിയ റൗണ്ട് ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നും ഹമാസ് പ്രതിനിധികളും വ്യക്തമാക്കിയിരുന്നു. യുദ്ധം അവസാനിപ്പിച്ചുകൊണ്ടുള്ള കരാറിലേക്ക് ഇസ്രയേൽ എത്രയും വേ​ഗം എത്തണമെന്ന് ഹമാസ് ബന്ദികളാക്കിയവരുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. ഇതിനിടെയാണ് ഉടൻ യുദ്ധം അവസാനിപ്പിക്കില്ലെന്ന നെതന്യാഹുവിന്റെ പ്രതികരണം.

2023 ഒക്ടോബർ ഏഴിന് ഇസ്രയേൽ ​ഗാസയിൽ ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ 44,758 പലസ്തീനികൾ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോ​ഗിക കണക്കുകൾ. ഹമാസിനെ നശിപ്പിക്കാനെന്ന പേരിൽ നടത്തുന്ന യുദ്ധത്തിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാ​ഗവും സാധാരണക്കാരാണ്.



deshabhimani section

Related News

0 comments
Sort by

Home