14 August Friday

ഇസ്രയേല്‍ കയ്യേറ്റത്തിനെതിരെ മുന്നറിയിപ്പുമായി യുഎഇ

അനസ് യാസിന്‍Updated: Saturday Jun 13, 2020

മനാമ> ജോര്‍ദ്ദാന്‍ താഴ്വരയും അധിനിവേശ വെസ്റ്റ് ബാങ്കിന്റെ മറ്റ് ഭാഗങ്ങളും ഏകപക്ഷീയമായി കൂട്ടി ചേര്‍ക്കാനുള്ള ഇസ്രയേല്‍ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി യുഎഇ. അറബ് രാജ്യങ്ങളുമായി മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കാനുള്ള ഇസ്രയേല്‍ നീക്കങ്ങള്‍ക്ക് ഇത് തിരിച്ചടിയാകുമെന്ന് അമേരിക്കയിലെ യുഎഇ അംബാസഡര്‍ യൂസഫ് അല്‍ ഒതൈബ പറഞ്ഞു.

ഇസ്രായേലിലെ പ്രമുഖ പത്രമായ 'യെഡിയറ്റ് അഹരോനോട്ടി'ല്‍ എബ്രായ (ഹീബ്രൂ) ഭാഷയില്‍ എഴുതിയ ലേഖനത്തിലാണ് ഇസ്രായേലിന്റെ കൈയേറ്റത്തിനെതിരെ രംഗത്ത് വന്നത്. ആദ്യമായാണ് ഒരു ഗള്‍ഫ് നയതന്ത്ര പ്രതിനിധി ഇസ്രയേല്‍ പത്രത്തില്‍ ഇത്തരമൊരു അഭിപ്രായം എഴുതുന്നത്. പത്രത്തിന്റെ ഒന്നാം പേജിലാണ് ഇസ്രയേല്‍ ജനതയോടുള്ള ആഹ്വാനമായി ലേഖനം പ്രസിദ്ധീകരിച്ചത്.

ഇസ്രയേല്‍ പ്രഖ്യാപിച്ച കൂട്ടിച്ചേര്‍ക്കല്‍ പ്രക്രിയ അക്രമവും തീവ്രവാദവും വളര്‍ത്തുമെന്ന് ഒതൈബ ലേഖനത്തില്‍ മുന്നറിയിപ്പ് നല്‍കി. ഇത് പ്രദേശത്ത് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും, പ്രത്യേകിച്ചും ജോര്‍ദാനില്‍. അവരുടെ സ്ഥിരത മേഖലക്ക്, പ്രത്യേകിച്ച് ഇസ്രായേലിന് ഗുണം ചെയ്യുന്നതാണ്-ഒതൈബ ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.

അറബ് ലോകവുമായും യുഎഇയുമായും മെച്ചപ്പെട്ട സുരക്ഷ, സാമ്പത്തിക, സാംസ്‌കാരിക ബന്ധം സ്ഥാപിക്കുകയെന്ന ഇസ്രായേലിന്റെ അഭിലാഷങ്ങളേ കയ്യേറ്റം തീര്‍ച്ചയായും പെട്ടെന്ന് തകിടം മറിക്കും-ലേഖനം തുടര്‍ന്നു.  വെസ്റ്റ് ബാങ്കിന്റെ 30 ശതമാനം പ്രദേശം പിടിച്ചെടുക്കാന്‍ ഇസ്രായേലിനെ അനുവദിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യ ന്‍ സമാധാന പദ്ധതി പലസ്തീന്‍കാര്‍ തള്ളിയിരുന്നു. വെസ്റ്റ് ബാങ്കിന്റെ നാലിലൊന്ന് വരുന്ന ജോര്‍ദ്ദാന്‍ താഴ്വരയും ഇസ്രായേലിന്റെ വിദൂര ജൂത വാസ സ്ഥലങ്ങളും പിടിച്ചെടുക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു.

ജൂലൈ ഒന്നു മുതല്‍ കൂട്ടിച്ചേര്‍ക്കല്‍ പ്രക്രിയ ആരംഭിക്കുമെന്നും പ്രസ്താവിച്ചു. അതേസമയം, സുരക്ഷാ ആവശ്യങ്ങള്‍ക്കായി ജോര്‍ദ്ദാന്‍ താഴ്വരയുടെ നിയന്ത്രണം ഇസ്രായേല്‍ നിലനിര്‍ത്തണം എന്ന വാദം അസംബന്ധമാണെന്ന് മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി എഹുദ് ഒല്‍മെര്‍ട്ട് പ്രസ്താവിച്ചു.

ലേഖനം യുഎഇ വിദേശകാര്യ മന്ത്രാലയം ഹീബ്രൂ ഭാഷയില്‍ ട്വീറ്റ് ചെയ്തു. ഇസ്രായേലിന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ലിയര്‍ ഹയാത്ത് ഈ പോസ്റ്റ് റീട്വീറ്റ് ചെയ്തിട്ടുണ്ട്. ട്വീറ്റ് എബ്രായ ഭാഷയില്‍ വായിച്ചതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ അദ്ദേഹം  സമാധാനം മുഴുവന്‍ പ്രദേശത്തിനും ഒരു അവസരമാണെന്നും യുഎസ് പദ്ധതി ഈ ദര്‍ശനം സാക്ഷാത്കരിക്കാനുള്ള ഒരു തുടക്കമാണെന്നും അഭിപ്രായപ്പെട്ടു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top