24 February Sunday

ഇസ്രയേല്‍ പടനീക്കം ഗാസയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Jul 24, 2017

ജറുസലേം > മുസ്ളിങ്ങളുടെ പുണ്യകേന്ദ്രമായ ജറുസലേമിലെ അല്‍ അഖ്സ പള്ളിയില്‍ പ്രാര്‍ഥനാവിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ ലോകമെമ്പാടും രോഷം പടരുന്നതിനിടെ, പലസ്തീന്‍ മേഖലയായ ഗാസയിലേക്ക് ഇസ്രയേലിന്റെ സൈനികനീക്കം. ഗാസ മുനമ്പിലെ വിവിധ കേന്ദ്രങ്ങളിലേക്ക് തിങ്കളാഴ്ച ഇസ്രയേല്‍ ബോംബാക്രമണം നടത്തി. ഇസ്രയേല്‍ ടാങ്കറുകള്‍ ഗാസ മുനമ്പിന്റെ തെക്കന്‍ മേഖല വളഞ്ഞു.

ഗാസ നിയന്ത്രിക്കുന്ന പലസ്തീന്‍ പോരാട്ട സംഘടനയായ ഹമാസിന്റെ ഖാന്‍ യൂനിസ് താവളം ലക്ഷ്യമിട്ട് അഞ്ചുതവണ ബോംബാക്രമണമുണ്ടായി. മധ്യഗാസയിലെ കൃഷിയിടങ്ങളിലും ബോംബുകള്‍ പതിച്ചു. ജീവഹാനി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഗാസ മുനമ്പില്‍നിന്ന് മിസൈല്‍ ആക്രമണമുണ്ടായെന്ന് ആരോപിച്ചാണ് ഇസ്രയേലിന്റെ പടനീക്കം. ജൂലൈ 14 മുതല്‍ അല്‍ അഖ്സ പള്ളിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തിനിടെ ആറു പലസ്തീന്‍യുവാക്കളെ ഇസ്രയേല്‍ സേന വധിച്ചു. ആയിരങ്ങളാണ് പ്രാര്‍ഥനാവിലക്കില്‍ പ്രതിഷേധിച്ച് ജറുസലേം തെരുവില്‍ കൂട്ടപ്രാര്‍ഥന നടത്തുന്നത്. ഇസ്രയേല്‍ സേനയുടെ ആക്രമണത്തില്‍ പത്തുദിവസത്തിനിടെ തൊള്ളായിരം പലസ്തീന്‍ പൌരന്മാര്‍ക്ക് പരിക്കേറ്റു.

പലസ്തീന്‍ ആശുപത്രികള്‍ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞു. റബറുകൊണ്ട് പൊതിഞ്ഞ സ്റ്റീല്‍ ബുള്ളറ്റുകള്‍ ഏറ്റാണ് ഏറെപ്പേര്‍ക്കും പരിക്കേറ്റത്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ഇസ്രയേല്‍ സേന പലസ്തീന്‍കാര്‍ക്കെതിരെ ഇത്തരം ബുള്ളറ്റുകള്‍ പ്രയോഗിക്കുന്നത്.മേഖലയില്‍ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ ഐക്യരാഷ്ട്രസഭ രക്ഷാസമിതി അടിയന്തരയോഗം ചേരാനിരിക്കെയാണ് ഇസ്രയേലിന്റെ സൈനികനീക്കം. ഫ്രാന്‍സ്, സ്വീഡന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ അഭ്യര്‍ഥന മാനിച്ചാണ് യോഗം. അറബ് രാജ്യങ്ങളും അടിയന്തരയോഗം വിളിച്ചു. ഇസ്രയേല്‍ നടപടിയെ അപലപിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ട്റസ് രംഗത്തെത്തിയിരുന്നു.

അല്‍ അഖ്സയിലെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഇസ്രയേലും ജോര്‍ദാനും തമ്മിലുള്ള നയതന്ത്രബന്ധവും വഷളായി. അല്‍ അഖ്സയിലെ പള്ളിക്കുള്ളില്‍ നിരീക്ഷണക്യാമറ സ്ഥാപിച്ചതിനെതിരെ ജോര്‍ദാനില്‍ പ്രതിഷേധറാലികള്‍ അരങ്ങേറി. ഞായറാഴ്ച ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലെ ഇസ്രയേലി സ്ഥാനപതികാര്യാലയത്തിനുമുന്നില്‍ പ്രതിഷേധിച്ചവര്‍ക്കുനേരെ ഇസ്രയേലി സുരക്ഷാഗാര്‍ഡ് വെടിയുതിര്‍ത്തതിനെതുടര്‍ന്ന് രണ്ടുപേര്‍ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥനെ ചോദ്യംചെയ്യണമെന്ന ജോര്‍ദാന്റെ ആവശ്യം ഇസ്രയേല്‍ തള്ളി. സുരക്ഷാഗാര്‍ഡിന് നയതന്ത്രപരിരക്ഷയുണ്ടെന്നാണ് വാദം.

ഇയാളെ രാജ്യം വിടാന്‍ അനുവദിക്കില്ലെന്നാണ് ജോര്‍ദാന്റെ നിലപാട്. അല്‍ അഖ്സ പള്ളിയുടെ പ്രാര്‍ഥനാകാര്യങ്ങളുടെ ചുമതലയും പരിപാലന ഉത്തരവാദിത്തവും ജോര്‍ദാനിലെ മുസ്ളിം പണ്ഡിതസഭയ്ക്കാണ്. പള്ളിക്കുള്ളില്‍ ചാരക്യാമറകളും കവാടത്തില്‍ മെറ്റല്‍ ഡിറ്റക്ടറുകളും സ്ഥാപിച്ചതില്‍ ജോര്‍ദാന്‍ പണ്ഡിതസഭ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ജറുസലേമില്‍ പള്ളി നിലനില്‍ക്കുന്ന മേഖലയുടെ ഭരണാവകാശം അന്താരാഷ്ട്ര കരാര്‍പ്രകാരം യുഎന്നില്‍ നിക്ഷിപ്തമാണ്. ഈ മേഖല കൈയടക്കുന്നതിന്റെ ഭാഗമായാണ് ഇസ്രയേല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതെന്ന് പലസ്തീന്‍ പോരാട്ട സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. വിലക്ക് പിന്‍വലിക്കുന്നതുവരെ ഇസ്രയേലുമായുള്ള എല്ലാ ബന്ധവും പലസ്തീന്‍ വിച്ഛേദിച്ചിരിക്കുകയാണ്.

പ്രധാന വാർത്തകൾ
 Top