15 October Tuesday

ഇസ്രയേൽ: പ്രസിഡന്റ്‌ കൂടിക്കാഴ്‌ച തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2019

ജെറുസലേം> ഇസ്രയേൽ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ സർക്കാർ രൂപീകരണത്തിന്‌ ആരെ ക്ഷണിക്കണമെന്ന്‌ തീരുമാനിക്കാൻ പ്രസിഡന്റ്‌ റ്യൂവെൻ റിവ്‌ലിൻ വിവിധ കക്ഷികളുമായി കൂടിക്കാഴ്‌ച ആരംഭിച്ചു. അഞ്ചു മാസം മുമ്പുനടന്ന തെരഞ്ഞെടുപ്പിലും ആർക്കും ഭൂരിപക്ഷം ലഭിക്കാത്തതിനാലാണ്‌ വീണ്ടും തെരഞ്ഞെടുപ്പ്‌ നടത്തേണ്ടിവന്നത്‌.രണ്ടു ദിവസത്തെ കൂടിക്കാഴ്‌ചയ്‌ക്കുശേഷം പ്രസിഡന്റ്‌ വിളിക്കുന്നയാൾക്ക്‌ ഭരിക്കാൻ ആവശ്യമായ സഖ്യമുണ്ടാക്കുന്നതിന്‌ ആറാഴ്‌ച ലഭിക്കും. ആ സമയത്തിനകം സഖ്യമുണ്ടാക്കുന്നതിൽ പരാജയപ്പെട്ടാൽ പ്രസിഡന്റ്‌ മറ്റൊരാളെ വിളിക്കും. അയാൾക്ക്‌ ഭൂരിപക്ഷമുറപ്പിക്കാൻ 28 ദിവസം ലഭിക്കും. ആ ശ്രമവും പരാജയപ്പെട്ടാൽ മൂന്നാമതും തെരഞ്ഞെടുപ്പ്‌ നടത്തേണ്ടിവരും.
 
120 അംഗ നെസ്റ്റിലേക്ക്‌ 18നു നടന്ന പുനർതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ലിക്കുഡ്‌ പാർടിക്ക്‌ 31 സീറ്റ്‌ മാത്രമാണ്‌ ലഭിച്ചത്‌. വലതുപക്ഷ മത യാഥാസ്ഥിതിക കക്ഷികളുടെ പിന്തുണ ചേർത്താലും 55 സീറ്റേ ഉള്ളൂ. മധ്യപക്ഷ കക്ഷിയായ ബ്ലൂ ആൻഡ്‌ വൈറ്റിനാണ്‌ (33) ഏറ്റവും കൂടുതൽ സീറ്റ്‌. അതിന്റെ നേതാവായ മുൻ സേനാ നായകൻ ബെന്നി ഗാന്റ്‌സ്‌ മന്ത്രിസഭയുണ്ടാക്കാൻ രംഗത്തുണ്ട്‌. തന്നോടൊപ്പം ചേരണമെന്ന നെതന്യാഹുവിന്റെ ക്ഷണം ഗാന്റ്‌സ്‌ തള്ളിയിരുന്നു.

നെതന്യാഹു അഴിമതിക്കേസുകളിൽ കുറ്റം ചുമത്തപ്പെടാൻ ഇടയുള്ളതിനാൽ അദ്ദേഹത്തിന്‌ സഖ്യത്തിനു പുറത്തുള്ള കക്ഷികളുടെ പിന്തുണ
ലഭിക്കില്ലെന്നാണ്‌ സൂചന. ഏപ്രിലിലെ തെരഞ്ഞെടുപ്പു കഴിഞ്ഞ്‌ പ്രസിഡന്റ്‌ നെതന്യാഹുവിനെ ക്ഷണിച്ചെങ്കിലും ഭൂരിപക്ഷം ഉറപ്പാക്കാനാകാത്തതിനാൽ വീണ്ടും തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുകയായിരുന്നു.


പ്രധാന വാർത്തകൾ
 Top