04 August Wednesday
ഗാസ: നാളെ യുഎൻ പൊതുസഭ

അയയാതെ 
ഇസ്രയേൽ ; ഗാസയിലെ ആശുപത്രികളിൽ മരുന്നിന്റെയും രക്തത്തിന്റെയും സ്‌റ്റോക്ക്‌ കുറഞ്ഞു

വെബ് ഡെസ്‌ക്‌Updated: Wednesday May 19, 2021


-ഗാസ
ഡെമോക്രാറ്റിക്‌ പാർടിക്കുള്ളിൽനിന്നുതന്നെ സമ്മർദമുയർന്നതിനെ തുടർന്ന്‌ ഗാസയിൽ വെടിനിർത്തൽ വേണമെന്ന്‌ ആവശ്യപ്പെട്ട്‌ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ രംഗത്തുവന്നിട്ടും വ്യോമാക്രമണം തുടർന്ന്‌ ഇസ്രയേൽ. ഗാസയിലേക്ക്‌ ചൊവ്വാഴ്ച 12ലധികം തവണ വ്യോമാക്രമണം നടത്തിയ ഇസ്രയേൽ ലബനനെയും ആക്രമിച്ചു. 65 കേന്ദ്രത്തിലേക്കായി 60 യുദ്ധ വിമാനം ഉപയോഗിച്ച്‌ ചൊവ്വാഴ്ച നൂറിൽപ്പരം ആക്രമണം നടത്തിയെന്ന്‌ ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ഹമാസ്‌ 90 റോക്കറ്റ്‌ അയച്ചതായും സൈന്യം ആരോപിച്ചു.

മേയ്‌ 10ന്‌ ഇസ്രയേൽ ആക്രമണം ആരംഭിച്ചശേഷം മൂന്നാംതവണയാണ്‌ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ ബൈഡൻ ഫോണിൽ വിളിച്ചത്‌. ഇസ്രയേലിന്‌ പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന നിലപാട്‌ മയപ്പെടുത്താൻ നിർബന്ധിതനായെങ്കിലും ആക്രമണം പൂർണമായി നിർത്തണമെന്ന്‌ ആവശ്യപ്പെടാൻ തയ്യാറായില്ല. ഒൻപത്‌ ദിവസത്തിനിടെ 213 പലസ്തീൻകാർ ഗാസയിൽ കൊല്ലപ്പെട്ടു. വെസ്‌റ്റ്‌ബാങ്കിലും 15 പേർ കൊല്ലപ്പെട്ടു.

ഗാസയിൽ മരിച്ചവരിൽ 61 കുട്ടികളും 36 സ്ത്രീകളുമുണ്ട്‌. 1500ൽപ്പരം ആളുകൾക്ക്‌ പരിക്കേറ്റു. 47,000 പലസ്തീൻകാർ ഭവനരഹിതരായി. 41 വിദ്യാലയവും തകർന്നു. 132 കെട്ടിട സമുച്ചയങ്ങൾ പൂർണമായും തകർന്നു. ഇസ്രയേൽ ആക്രമണത്തിൽ 18 ആശുപത്രിയും തകർന്നതായി ലോകാരോഗ്യ സംഘടന റിപ്പോർട്ട്‌ ചെയ്തു. ആശുപത്രികളിലേക്കുള്ള വഴികളും ഇസ്രയേൽ ബോംബിട്ട്‌ തകർത്തു. ആശുപത്രികളിൽ മരുന്നിന്റെയും രക്തത്തിന്റെയും സ്‌റ്റോക്ക്‌ കുറഞ്ഞു വരുകയാണ്‌.

ഭക്ഷണവും മരുന്നും ഉൾപ്പെടെ ഗാസയിലേക്കുള്ള അന്താരാഷ്ട്ര സഹായങ്ങളുമായി എത്തിയ ട്രക്കുകൾ പ്രവേശിക്കാൻ കരം അബു സലെം പാതയിലെ ആക്രമണം താൽക്കാലികമായി നിർത്തിവച്ച ഇസ്രയേൽ, ട്രക്കുകൾ കടന്നുപോയ ഉടൻ പ്രദേശത്ത്‌ വീണ്ടും ബോംബിട്ടു. പത്തുപേർക്ക്‌ പരിക്കേറ്റു. നാല്‌ പേരുടെ നില ഗുരുതരം. ഗാസയിൽ ആറുനില കെട്ടിടം നിലംപൊത്തി. ഇസ്ലാമിക്‌ സർവകലാശാലയുടെ ലൈബ്രറി ഉൾപ്പെടെയുള്ള കെട്ടിടങ്ങളും തകർത്തു.

ഹമാസിന്റെ പ്രത്യാക്രമണത്തിൽ ഇതുവരെ 12 ഇസ്രയേലികൾ മരിച്ചു. തെക്കൻ ഇസ്രയേലിൽ ചൊവ്വാഴ്ച വൈകിട്ട്‌ ഹമാസ്‌ നടത്തിയ ആക്രമണത്തിൽ രണ്ടു തായ്‌ തൊഴിലാളികൾ മരിച്ചു. എട്ടുപേർക്ക്‌ പരിക്കേറ്റു. നാലുപേരുടെ സ്ഥിതി ഗുരുതരമാണ്‌.

സയണിസ്‌റ്റ്‌ അതിക്രമത്തിൽ പ്രതിഷേധിച്ച്‌ ഇസ്രയേലിലും പലസ്തീൻ പ്രദേശങ്ങളിലും പലസ്തീൻകാർ പണിമുടക്കി. വിദ്യാലയങ്ങളും വ്യവസായ കേന്ദ്രങ്ങളും അടഞ്ഞുകിടന്നു. ബത്‌ലഹേമിലും റമള്ളയിലും പലസ്തീൻകാർ നടത്തിയ പ്രതിഷേധത്തിനെതിരെ ഇസ്രയേൽ പൊലീസ്‌ കണ്ണീർവാതകം പ്രയോഗിച്ചു. നിരവധിയാളുകൾക്ക്‌ പരിക്കേറ്റു.

ഗാസ: നാളെ യുഎൻ പൊതുസഭ
ന്യൂയോർക്ക്‌
ഇസ്രയേൽ–- പലസ്തീൻ വിഷയം ചർച്ച ചെയ്യാൻ യുഎൻ പൊതുസഭ വ്യാഴാഴ്ച യോഗം ചേരും. പൊതുസഭ അധ്യക്ഷൻ വോൾകാൻ ബോസ്‌കിറാണ്‌ ഇക്കാര്യം അറിയിച്ചത്‌. രക്ഷാസമിതി യോഗം പോലെ പൊതുസഭാ യോഗവും പരസ്യമായി നടത്തണമെന്ന്‌ ഓർഗനൈസേഷൻ ഓഫ്‌ ഇസ്ലാമിക്‌ കോ–-ഓപറേഷൻ അധ്യക്ഷസ്ഥാനം പങ്കിടുന്ന നൈജറും അൾജീരിയയും ആവശ്യപ്പെട്ടിട്ടുണ്ട്‌. ന്യൂയോർക്കിലെ അറബ്‌ സംഘടനകളും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്‌.

പ്രശ്‌നപരിഹാരം തേടി ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവൽ മാഖോ ഈജിപ്‌ഷ്യൻ പ്രസിഡന്റ്‌ അബ്‌ദേൽ ഫത്താ അൽ സിസി, ജോർദാൻ രാജാവ്‌ അബ്ദുള്ള രണ്ടാമൻ എന്നിവരുമായി ചർച്ച നടത്തി. സംഘർഷത്തിന്‌ പരിഹാരം കാണാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന്‌ റഷ്യൻ പ്രസിഡന്റ്‌ വ്ലാഡിമിർ പുടിൻ ആഹ്വാനം ചെയ്തു. ചൊവ്വാഴ്ച യൂറോപ്യൻ യൂണിയനിലെ വിദേശമന്ത്രിമാരും യോഗം ചേർന്നു.

അതേസമയം, യുഎൻ രക്ഷാസമിതിയുടെ പൊതുപ്രസ്താവന തടഞ്ഞ അമേരിക്കൻ നടപടി ന്യായീകരിച്ച്‌ യുഎസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി ആന്റണി ബ്ലിങ്കൻ രംഗത്തെത്തി. സമാധാന ശ്രമങ്ങളിൽ പൊതുപ്രസ്താവന ഒരു പുരോഗതിയും ഉണ്ടാക്കുമായിരുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. പലസ്തീനിൻ നേതാക്കളുമായി ചർച്ച നടത്തിയ ബ്ലിങ്കൻ മൊറോക്കോ, ബഹ്‌റൈൻ വിദേശമന്ത്രിമാരുമായും സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top