02 June Tuesday

ഇസ്രയേലിൽ ഗാന്റ്‌സിന്‌ സാധ്യത

വെബ് ഡെസ്‌ക്‌Updated: Wednesday Mar 11, 2020

ജെറുസലെം
ഇസ്രയേലിൽ പ്രതിപക്ഷ ബ്ലൂ ആൻഡ്‌ വൈറ്റ്‌ പാർടിയുടെ നേതാവ്‌ ബെന്നി ഗാന്റ്‌സ്‌ സർക്കാരുണ്ടാക്കാൻ ശ്രമം ആരംഭിച്ചു. ജൂത ദേശീയവാദി നേതാവ്‌ അവിഗ്‌ദോർ ലീബർമാനുമായും അറബ്‌ സഖ്യത്തിന്റെ നേതാവ്‌ അയ്‌മാൻ ഉദേയുമായും ഗാന്റ്‌സ്‌ ചർച്ച നടത്തി. 11 മാസത്തിനിടെ നടത്തിയ മൂന്നാമത്തെ തെരഞ്ഞെടുപ്പിലും ആർക്കും ഭൂരിപക്ഷമില്ലാതെ അനിശ്ചിതത്വം തുടരുന്നതിനിടെയാണ്‌ പുതിയ നീക്കം.

അറബ്‌ കക്ഷികളുടെ പിന്തുണ സ്വീകരിക്കില്ലെന്ന്‌ പ്രചാരണവേളയിൽ ഗാന്റ്‌സ്‌ പറഞ്ഞിരുന്നു. എന്നാൽ, ആ സാഹചര്യം മുതലാക്കി  പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അധികാരത്തിൽ തുടരുന്നത്‌ തടയാനാണ്‌ ഉദേയുമായി ചർച്ച നടത്തിയത്‌. അറബ്‌ ജോയിന്റ്‌ ലിസ്‌റ്റിലെ മറ്റ്‌ ചില നേതാക്കളുമായും ഗാന്റ്‌സ്‌ ചർച്ച നടത്തി.
മാർച്ച്‌ രണ്ടിന്‌ നടന്ന തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ ലിക്കുഡ്‌ പാർടിക്കും(36) സഖ്യകക്ഷികൾക്കുംകൂടി 58 സീറ്റാണ്‌ ലഭിച്ചത്‌.

120 അംഗ പാർലമെന്റിൽ ഭൂരിപക്ഷത്തിന്‌ മൂന്ന്‌ സീറ്റ്‌ കുറവ്‌. ഗാന്റ്‌സിന്റെ പാർടിക്ക്‌ 33 സീറ്റാണ്‌. അറബ്‌ കക്ഷികളുടെ ജോയിന്റ്‌ ലിസ്‌റ്റിന്‌ 15 സീറ്റുണ്ട്‌.ഇതിനിനിടെ അഴിമതിക്കേസുകളിൽ നെതന്യാഹുവിനെതിരെ 17ന്‌ ആരംഭിക്കാനിരുന്ന വിചാരണ മാറ്റിവയ്‌ക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം കോടതി തള്ളി. കേസിൽനിന്ന്‌ രക്ഷപ്പെടാൻ അധികാരം അത്യാവശ്യമായ നെതന്യാഹു വിചാരണ വൈകിക്കാനുള്ള ശ്രമത്തിലായിരുന്നു.


പ്രധാന വാർത്തകൾ
 Top