24 January Friday

ഗാസയിലെ ക്രൈസ്‌തവർക്ക്‌ ബെത്‌ലഹേമിൽ പ്രവേശനമില്ല

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2019

ജറുസലേം/ഗാസ >  ഗാസയിലെ ക്രിസ്‌ത്യൻ മതവിഭാഗക്കാർക്ക്‌ ക്രിസ്‌മസ്‌ വേളയിൽ വിശുദ്ധ നഗരങ്ങളായ ബത്‌ലഹേം, ജറുസലേം ഉൾപ്പെടെയുള്ളവ സന്ദർശിക്കാൻ വിലക്കേർപ്പെടുത്തി ഇസ്രയേൽ. ഇത്‌ സംബന്ധിച്ച തീരുമാനം വ്യാഴാഴ്ചയാണ്‌ അധികൃതർ അറിയിച്ചത്‌.

ഇവർക്ക്‌ വിദേശത്തേക്ക്‌ പോകാൻ ഒരു വിലക്കുമില്ല. എന്നാൽ, ഇസ്രയേലും  അധിനിവേശ വെസ്റ്റ്‌ ബാങ്കും സന്ദർശിക്കാൻ അനുമതിയില്ല. നിരവധി ക്രിസ്‌ത്യാനികളുടെ സ്വദേശംകൂടിയാണിത്‌. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിൽനിന്നുള്ള കടന്നുകയറ്റങ്ങൾ തടയാനെന്ന പേരിലാണ്‌ ക്രൈസ്‌തവർക്ക്‌ വിലക്ക്‌ ഏർപ്പെടുത്തിയത്‌. വിദേശയാത്രകൾക്കായി ഗാസക്കാർക്ക്‌ ഇസ്രയേലിലെ അലെൻബി പാലം തുറന്നുനൽകുമെങ്കിലും ഇസ്രയേൽ നഗരങ്ങളോ വെസ്റ്റ്‌ ബാങ്കോ സന്ദർശിക്കാൻ അവർക്ക്‌ അനുമതി നൽകില്ല. 

1000 ക്രൈസ്‌തവർ മാത്രമാണ്‌ ഗാസയിലുള്ളത്‌. അതിൽ ഭൂരിഭാഗവും ഗ്രീക്ക്‌ ഓർത്തഡോക്സ്‌ വിഭാഗക്കാരാണ്‌.  കഴിഞ്ഞ വർഷം 700 ഗാസൻ ക്രിസ്‌ത്യാനികൾക്ക്‌ വിശുദ്ധനഗരങ്ങളിലേക്കുള്ള സന്ദർശനം ഇസ്രയേൽ അനുവദിച്ചിരുന്നു. പലസ്‌തീൻ പ്രദേശങ്ങളായ ഗാസയെയും വെസ്റ്റ്‌ ബാങ്കിനെയും വിഭജിക്കാനുള്ള ഇസ്രയേൽ തന്ത്രമാണിതെന്ന്‌ സംഘടനകൾ പറഞ്ഞു.

ഗാസയിൽനിന്നുള്ളവർ നിയമവിരുദ്ധമായി വെസ്റ്റ്‌ ബാങ്കിൽ സ്ഥിരതാമസമാക്കുന്നുവെന്നാരോപിച്ച്‌ നേരത്തെയും ഇസ്രയേൽ വിലക്ക്‌ ഏർപ്പെടുത്തിയിരുന്നു. വെസ്‌റ്റ്‌ബാങ്കിലെ അനധികൃത ഇസ്രയേലി കുടിയേറ്റ വ്യാപനങ്ങളെ യുഎന്നും വിവിധ ലോകരാജ്യങ്ങളും വിമർശിക്കുമ്പോഴാണിത്‌.


പ്രധാന വാർത്തകൾ
 Top