സിറിയയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ ; തിങ്കളും ചൊവ്വയുമായി വിവിധ ഭാഗങ്ങളിൽ 310 വ്യോമാക്രമണം
ഡമാസ്‌കസ്
സിറിയയിലെ അസ്ഥിരതയും അരക്ഷിതാവസ്ഥയും മുതലെടുത്ത് ഇസ്രയേൽ കടന്നാക്രമണം തുടരുന്നു. തിങ്കളും ചൊവ്വയുമായി സിറിയയുടെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ 310 വ്യോമാക്രമണം നടത്തി. വ്യോമപ്രതിരോധ സംവിധാനത്തെയും സിറിയൻ നാവിക കപ്പലുകളെയും ലക്ഷ്യമിട്ടാണ് ആക്രമണം. തലസ്ഥാനമായ ഡമാസ്‌കസിലും പരിസരങ്ങളിലുമുള്ള സൈനിക സ്ഥാപനങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ, ഇലക്‌ട്രോണിക്‌സ്–-സാങ്കേതികവിഭാഗം അഡ്മിനിസ്ട്രേഷൻ, ശാസ്‌ത്രഗവേഷണ കേന്ദ്രങ്ങൾ എന്നിവയ്‌ക്ക് കനത്ത നാശനഷ്‌ടമുണ്ടായി.
ഹോംസ്, ഖാമിഷ്‌ലി, ഡമാസ്‌കസ് എന്നിവിടങ്ങളിലെ മൂന്ന് പ്രധാന വിമാനത്താവളങ്ങളും ആയുധ സംഭരണശാലകളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. വിമാനത്താവളങ്ങളും വെയർഹൗസുകളും എയർക്രാഫ്റ്റ്, ഡ്രോൺ സംവിധാനങ്ങളും റഡാറുകളും സൈനിക സിഗ്നൽ സ്റ്റേഷനുകളും തകർന്നു. സിറിയയുടെ കരുതൽ ആയുധങ്ങളും വെടിമരുന്ന് ശേഖരണ കേന്ദ്രങ്ങളും ഇസ്രയേൽ നശിപ്പിച്ചതായി യുദ്ധ നിരീക്ഷകരായ സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് (എസ്ഒഎച്ച്ആർ) സ്ഥിരീകരിച്ചു.
പ്രസിഡന്റ് അസദ് രാജ്യംവിട്ട സാഹചര്യത്തിൽ തങ്ങൾക്കെതിരെ ഭീകരാക്രമണം ഉണ്ടാകാതിരിക്കാനും അസദിന്റെ രാസായുധങ്ങൾ ഭീകരർക്ക് ലഭിക്കാതിരിക്കാനുമാണ് ബഫർസോൺ പിടിച്ചെടുത്തതും ആക്രമണം നടത്തിയതുമെന്നാണ് ഇസ്രയേൽ പറയുന്ന ന്യായം. കൂടുതൽ മുന്നേറ്റത്തിനായി ഇസ്രയേൽ സിറിയ അതിർത്തിയിൽ കൂടുതൽ സെെന്യത്തെ വിന്യസിച്ചു.മൊഹമ്മദ് അൽ ബാഷിർ താൽക്കാലിക പ്രധാനമന്ത്രി രാജ്യത്തിന്റെ താത്‌കാലിക പ്രധാനമന്ത്രിയായി എച്ച്ടിഎസ് നേതൃയോഗം മൊഹമ്മദ് അൽ ബാഷിറിനെ നിയമിച്ചു. 2025 മാർച്ച് ഒന്നുവരെയാണ് കാലാവധി. അസദ് സർക്കാറിലെ പ്രധാനമന്ത്രി മൊഹമ്മദ് അൽ ജലാലിയുമായി ഹയാത് തഹരീർ അൽഷാം നേതാവ് അബു മൊഹമ്മദ് അൽ ജൊലാനി കൂടിക്കാഴ്‌ച നടത്തി. പുതിയസർക്കാറിന് അധികാരം കൈമാറാൻ തയ്യാറാണെന്ന് മൊഹമ്മദ് അൽ ജലാലി അറിയിച്ചിരുന്നു. അസദ് ഭരണകൂടത്തിലെ മുഴുവൻ ഉദ്യോഗസ്ഥർക്കുമെതിരെ യുദ്ധക്കുറ്റം ചുമത്തുമെന്ന് എച്ച്‌ടിഎസ് അറിയിച്ചു.
അതിനിടെ സിറിയ വിഷയംകൈകാര്യം ചെയ്യാൻ യുഎൻ രക്ഷാസമിതി യോഗം ചേർന്ന് സിറിയയുടെ എക്യത്തിനും അഖണ്ഡതയ്‌ക്കും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ഒപ്പം നിൽക്കാൻ തീരുമാനിച്ചു. സിറിയയിൽനിന്ന് പലായനം ചെയ്‌തെത്തിയവർക്ക് അഭയംനൽകുന്നതിനുള്ള അപേക്ഷ സ്വിറ്റ്‌സർലൻഡ്, ജർമനി, ഇറ്റലി, സ്വീഡൻ, നോർവേ, ഡെന്മാർക്ക്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ താത്‌കാലികമായി നിർത്തിവച്ചു.
0 comments