05 December Thursday

ബെയ്‌റൂട്ടിലേക്ക്‌ വീണ്ടും ആക്രമണം ; വെടിനിർത്തൽ നിർദേശം തള്ളി നെതന്യാഹു

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024


ടെൽ അവീവ്‌/ ബെയ്‌റൂട്ട്‌
ലബനനിൽ 21 ദിവസം വെടിനിർത്തണമെന്ന അമേരിക്കയുടെയും മറ്റ്‌ രാജ്യങ്ങളുടെയും നിർദേശം തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. സർവശക്തിയുമെടുത്ത്‌ ആക്രമണം തുടരാന്‍ നെതന്യാഹു സൈന്യത്തോട് നിർദേശിച്ചു. പിന്നാലെ ഇസ്രയേൽ  ബെയ്‌റൂട്ടിലേക്ക്‌ വ്യോമാക്രമണം തീവ്രമാക്കി. രണ്ടുപേർ കൊല്ലപ്പെട്ടു. ഹിസ്‌ബുള്ളയുടെ വ്യോമവിഭാ​ഗം മേധാവി മൊഹമ്മദ്‌ ഹുസൈൻ സുറുറിനെ വധിച്ചതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഹിസ്‌ബുള്ള പ്രതികരിച്ചിട്ടില്ല. രണ്ടായിരത്തിലേറെ കേന്ദ്രങ്ങളിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണത്തില്‍ ലബനനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 600 കടന്നു.

ഇസ്രയേൽ–- ഹിസ്‌ബുള്ള സംഘർഷം പൂർണയുദ്ധമായി മാറാൻ എല്ലാ സാധ്യതയുമുണ്ടെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കി. പിന്നാലെ മൂന്നാഴ്ച വെടിനിർത്തല്‍ ആവശ്യപ്പെട്ട് ബൈഡനും ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോണും  പ്രസ്താവനയിറക്കി. യൂറോപ്യൻ യൂണിയനും ബ്രിട്ടൻ, ജപ്പാൻ, യുഎഇ ഉൾപ്പെടെ 12 രാജ്യങ്ങളും പ്രസ്താവനയിൽ ഒപ്പിട്ടു. അതിർത്തി കടന്നുള്ള ആക്രമണത്തിൽ ഭവനരഹിതരായ ഇസ്രയേലുകാരെ തിരിച്ചെത്തിക്കാതെ ആക്രമണം നിർത്തില്ലെന്ന നിലപാടിലാണ് നെതന്യാഹു. കരയാക്രമണത്തിന്‌ സജ്ജരാകാൻ സൈനിക മേധാവി ഇസ്രയേൽ സൈനികർക്ക്‌ നിർദേശം നൽകി.

ഇന്ത്യക്കാർ ലബനൻ വിടണം
ലബനനിലേക്ക്‌ യാത്ര ഒഴിവാക്കണമെന്ന്‌ ബെയ്‌റൂട്ടിലെ ഇന്ത്യൻ എംബസി. ലബനനിലുള്ള ഇന്ത്യൻ പൗരർ അതീവ ജാഗ്രത പാലിക്കണമെന്നും എത്രയുംവേഗം രാജ്യംവിടണമെന്നും നിർദേശിച്ചു. അത്യാവശ്യമെങ്കിൽ  എംബസിയുമായി ബന്ധപ്പെടണമെന്നും നിർദേശത്തിലുണ്ട്‌.


‘മാതൃരാജ്യം വിട്ട്‌ പോകില്ല’ ; യു എന്നില്‍ പലസ്തീൻ പ്രസിഡന്റ്‌ മഹ്‌മൂദ്‌ അബ്ബാസ്‌
ജന്മദേശമായ പലസ്തീൻ വിട്ടുപോകില്ലെന്ന്‌ യു എൻ പൊതുസഭാ സമ്മേളനത്തിൽ പ്രഖ്യാപിച്ച്‌ പലസ്തീൻ പ്രസിഡന്റ്‌ മഹ്‌മൂദ്‌ അബ്ബാസ്‌. ‘ഞങ്ങളുടെ പൂർവികർ ജീവിച്ച സ്ഥലമാണത്‌. ആരെങ്കിലും അവിടം വിട്ടുപോകേണ്ടതുണ്ടെങ്കിൽ അത്‌ അധിനിവേശം നടത്തിയവരാണ്‌’–- അബ്ബാസ്‌ പറഞ്ഞു. ഗാസയിൽ സംഭവിക്കുന്നതിന്‌ ലോകം മുഴുവൻ ഉത്തരവാദികളാണ്‌. ഈ വംശഹത്യ അവസാനിച്ചേ മതിയാകൂ. ഇസ്രയേലിന്‌ ആയുധം നൽകുന്നത്‌ അവസാനിപ്പിക്കണം. ഗാസ മുനമ്പ്‌ ഇസ്രയേൽ പൂർണമായും തകർത്തു. എന്നാൽ, ഗാസയുടെ ഒരു സെന്റിമീറ്റർ പോലും ഇസ്രയേലിന്‌ നൽകാൻ ഞങ്ങൾ തയ്യാറല്ല’–- അബ്ബാസ്‌ പ്രഖ്യാപിച്ചു. യു എന്നിൽ പലസ്തീന്‌ പൂർണാംഗത്വം ലഭിക്കുന്നതിനെ എതിർത്ത ഒരേ രാജ്യം അമേരിക്കയാണെന്നും അബ്ബാസ്‌ ഓർമിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top