13 October Sunday

സർവനാശം വിതച്ച്‌ ഇസ്രയേൽ ജെനിനിൽനിന്ന്‌ പിന്മാറി

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024


റാമള്ള
സർവനാശം വിതച്ച പത്തുദിവസം നീണ്ട ആക്രമണത്തിനുശേഷം വെസ്‌റ്റ്‌ ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽനിന്ന്‌ പിൻവാങ്ങി ഇസ്രയേൽ സൈന്യം. വെള്ളി പുലർച്ചയോടെയാണ്‌ ബുൾഡോസറടക്കമുള്ള സന്നാഹങ്ങളുമായി സൈന്യം വെസ്‌റ്റ്‌ ബാങ്കിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പിൽനിന്ന്‌ പിന്മാറിയത്‌. 39 പലസ്തീൻകാരെയാണ്‌ വെസ്‌റ്റ്‌ ബാങ്കിൽ ഈ ദിവസങ്ങളിൽ ഇസ്രയേൽ സൈന്യം കൊന്നുതള്ളിയത്‌.

തീവ്രവാദികൾക്കും അവരുടെ വെടിക്കോപ്പുകൾക്കുമായുള്ള തിരച്ചിൽ എന്ന പേരിലാണ്‌ ഇസ്രയേൽ സൈന്യം ജെനിൻ ക്യാമ്പിൽ കടന്നുകയറിയത്‌. ബുൾഡോസറുകൾ ഉപയോഗിച്ച്‌ കെട്ടിടങ്ങൾ വ്യാപകമായി  തകർത്തു. നാലായിരത്തിൽപ്പരം ആളുകളെ കുടിയിറക്കി. വെസ്‌റ്റ്‌ ബാങ്കിലെ ബെയ്ത പട്ടണത്തിൽ അധിനിവേശവിരുദ്ധ സമരത്തിൽ പങ്കെടുത്ത അമേരിക്കൻ–- തുർക്കിയ വംശജയായ ഇരുപത്താറുകാരിയെഇസ്രയേൽ സൈന്യം വെടിവച്ച്‌ കൊന്നു.

അതിനിടെ, ഗാസയുടെ വടക്കൻ, മധ്യ മേഖലകളിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 20 പേർ കൊല്ലപ്പെട്ടു. തെക്കൻ ഗാസയിൽ പോളിയോ വാക്സിൻ വിതരണം ആരംഭിച്ചു. ഇതുവരെ ഗാസയിൽ 3.5 ലക്ഷം കുട്ടികൾക്ക്‌ വാക്സിൻ നൽകിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ​ഗാസ മുനമ്പിൽ മധ്യ, തെക്കൻ മേഖലകളിലെ പത്തുലക്ഷത്തിലധികം പേർക്ക്‌ ആഗസ്തിൽ ഭക്ഷ്യവസ്തുക്കൾ ലഭിച്ചിട്ടില്ലെന്ന്‌ യു എൻ സെക്രട്ടറി ജനറലിന്റെ വക്താവ്‌ സ്‌റ്റീഫൻ ദുജാറിക്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top