24 May Friday

ശ്രീലങ്കയിലെ സ്ഫോടന പരമ്പര: ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു

വെബ് ഡെസ്‌ക്‌Updated: Tuesday Apr 23, 2019

കൊളംബോ> ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ സ‌്ഫോടനപരമ്പരയുടെ ഉത്തരവദിത്വം ഐഎസ് ഏറ്റെടുത്തു. അമാഖ് ന്യൂസ്‌ ഏജന്‍സി ആണ് വിവരം പുറത്തുവിട്ടത്. ഉത്തരവാദിത്വം ഏറ്റെടുതെങ്കിലും തെളിവുകള്‍ ഒന്നും നല്‍കിയിടില്ല. സംഭവത്തില്‍ മുന്നൂറിലധികം ആളുകള്‍ മരിച്ചെന്ന‌് ഔദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ച‌് വാർത്താ ഏജൻസി റിപ്പോർട്ട‌് ചെയ‌്തു.

അഞ്ഞൂറോളം പേർക്ക‌് പരിക്കേറ്റു. പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാനിടയുണ്ടെന്ന‌് അധികൃതർ വ്യക്തമാക്കി. മരിച്ചവരില്‍ 36 പേർ വിദേശികളാണ‌്. ഇവരുടെ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്ന‌് പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട‌് 24 പേരെ അറസ്റ്റ‌് ചെയ‌്തു. തലസ്ഥാനമായ കൊളംബോയിലെ രണ്ടിടങ്ങളിൽനിന്ന‌് 13 പേർ പിടിയിലായി. പിടിയിലായവരെല്ലാം സ്വദേശികളാണ‌്. ആക്രമണത്തിന‌് വിദേശബന്ധമുണ്ടോയെന്ന‌് പരിശോധിച്ചുവരികയാണെന്ന‌് പ്രധാനമന്ത്രി അറിയിച്ചു. പിടിയിലായവരുടെ പേരുവിവരങ്ങൾ പുറത്തുവിടരുതെന്ന‌് കർശന നിർദേശം നൽകിയതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രസിഡന്റ‌് മൈത്രിപാല സിരിസേനയുടെ അധ്യക്ഷതയിൽ ദേശീയ സുരക്ഷാ കൗൺസിൽ യോഗം ചേർന്നു.


പ്രധാന വാർത്തകൾ
 Top