20 September Friday

ബ്രിട്ടിഷ് നാവികസേന പിടിച്ചെടുത്ത ഇറാന്‍ എണ്ണ കപ്പല്‍ ജിബ്രാള്‍ട്ടര്‍ മോചിപ്പിച്ചു; ജീവനക്കാര്‍ക്കും മോചനം

അനസ് യാസിന്‍Updated: Friday Aug 16, 2019

മനാമ> ബ്രിട്ടിഷ് നാവികസേന പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ മോചിപ്പിച്ചു. ജിബ്രാള്‍ട്ടര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസിന്റെ ഉത്തരവിനെ തുടര്‍ന്നാണ് തീരുമാനം. അമേരിക്കയുടെ ശക്തമായ എതിര്‍പ്പ് അവണിച്ചാണ് ആറാഴ്ചക്കു ശേഷം കപ്പല്‍ മോചിച്ചത്. കപ്പലിലെ എണ്ണ സിറിയയില്‍ ഇറക്കില്ലെന്ന് ഇറാന്‍ രേഖാമൂലം ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ്  ഗ്രേസ് -1 എന്ന എണ്ണ ടാങ്കര്‍ മോചിപ്പിച്ചതെന്ന് ജിബ്രാള്‍ട്ടര്‍ മുഖ്യമന്ത്രി ഫാബിയാന്‍ പിക്കാര്‍ഡോ അറിയിച്ചു.

ബ്രിട്ടന്റെ പരമാധികാരത്തിനും നിയമ വ്യവസ്ഥക്കും കിഴില്‍ വരുന്ന പ്രദേശമാണ് ജിബ്രാള്‍ട്ടര്‍. എന്നാല്‍, കപ്പല്‍ എപ്പോള്‍ ജിബ്രാള്‍ട്ടര്‍ വിടുമെന്ന് വ്യക്തമല്ല. കപ്പല്‍ വിട്ടയക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് അമേരിക്ക വ്യാഴാഴ്ച ജിബ്രാള്‍ട്ടര്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. അമേരിക്കന്‍ ആരോപണങ്ങള്‍ വെള്ളിയാഴ്ച വൈകീട്ട് കോടതി പരിഗണനക്ക് എടുത്തിട്ടുണ്ട്. 

ഗ്രേസ് -1 ലെ ജീവനക്കാരെ കഴിഞ്ഞ ദിവസം മോചിപ്പിച്ചു. മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 24 ഇന്ത്യക്കാര്‍ മോചിതരായതായി ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈകമീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. കേസ് പിന്‍വലിക്കാന്‍ ബ്രിട്ടന്‍ തയ്യാറായതോടെയാണ് കപ്പലിലെ ജീവനക്കാരുടെ മോചനം സാധ്യമായത്.
യൂറോപ്യന്‍ യൂണിയന്‍ ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ജുലായ് നാലിനാണ് ഗ്രേസ് -1 എണ്ണക്കപ്പല്‍ ബ്രിട്ടീഷ് നാവിക സേന ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍നിന്ന് പിടിച്ചെടുത്തത്.

21 ലക്ഷം ബാരല്‍ എണ്ണയായിരുന്നു കപ്പലിലുണ്ടായിരുന്നത്. കപ്പല്‍ പിടികൂടിയത് കടല്‍കൊള്ള എന്നായിരുന്നു ഇറാന്‍ വിശേഷിപ്പിച്ചത്. ബ്രിട്ടന്റെ നടപടിക്കു പിന്നാലെ ബ്രിട്ടിഷ് എണ്ണ കപ്പലായ സ്റ്റെന ഇംപോറൊ ഹോര്‍മുസ് കടലിടുക്കിനു സമീപത്തുനിന്നും ജൂലായ് 19ന് ഇറാന്‍ പിടികൂടി. അന്താരാഷ്ട്ര സമുദ്രഗതാഗത ചട്ടങ്ങള്‍ ലംഘിച്ചതിനാണ് കപ്പല്‍ പിടികൂടയതെന്ന് ഇറാനും അറിയിച്ചു. ഇതോടെ മേഖലയില്‍ സംഘര്‍ഷം രൂക്ഷമായി.

കപ്പലുകള്‍ പരസ്പരം വെച്ചുമാറാമെന്ന നിര്‍ദ്ദേശം ഇറാന്‍ മുന്നോട്ടുവെച്ചെങ്കിലും ബ്രിട്ടന്‍ തങ്ങളുടെ കപ്പലുകള്‍ക്ക് യുദ്ധ കപ്പല്‍ അകമ്പടി നല്‍കുന്ന കാര്യവുമായി മുന്നോട്ടു പോയി. ഇതിനായി മേഖലയില്‍ രണ്ട് യുദ്ധ കപ്പലുകള്‍ ബ്രിട്ടന്‍ വിന്യസിക്കുകയും ചെയ്തു.

ഗ്രേസ് -1 മോചിപ്പിച്ചതോടെ, ഇറാന്‍ പിടിച്ചെടുത്ത സ്‌റ്റെനോ ഇംപോറൊയെയും അതിലെ ജീവനക്കാരെയും മോചിപ്പിച്ചേക്കും. ബ്രിട്ടന്‍ ആദ്യം കപ്പല്‍ വിട്ടുനല്‍കുകയും ജീവനക്കാരെ മോചിപ്പിക്കുകയും ചെയ്യണമെന്നായിരുന്നു ഇറാന്റെ ആവശ്യം. ഇത് സാധ്യമായതോടെയാണ് ബ്രിട്ടീഷ് കപ്പലിലെ ജീവനക്കാര്‍ക്കും മോചന സാധ്യത തെളിഞ്ഞത്.

കളമശേരി സ്വദേശി ഡിജോ പാപ്പച്ചന്‍ ഉള്‍പ്പെടെ മൂന്നു മലയാളികളക്കം 18 ഇന്ത്യക്കാരാണ് സ്‌റ്റെനോ ഇംപോറയില്‍ ഉള്ളത്.  നേരത്തെ ഇറാന്‍ പിടികൂടിയ എംടി റീഹ കപ്പലില്‍ മൂന്നു ഇന്ത്യക്കാരും ഇറാന്‍ കസ്റ്റഡിയിലുണ്ട്. എംടി റീഹയിലെ 12 ഇന്ത്യക്കാരില്‍ ഒന്‍പതുപേരെ കഴിഞ്ഞ മാസം 25ന് മോചിപ്പിച്ചിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top