22 October Tuesday

അരാംകോ ആക്രമണം; മുന്നറിയിപ്പുമായി യുഎസിന്‌ ഇറാന്റെ കുറിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019

തെഹ്‌റാൻ >  സൗദി അറേബ്യയിലെ അരാംകോ എണ്ണസംസ്‌കരണ ശാലയിലും എണ്ണപ്പാടത്തുമുണ്ടായ ആക്രമണങ്ങളിൽ തങ്ങൾക്ക്‌ പങ്കില്ലെന്ന്‌ വ്യക്തമാക്കി ഇറാൻ അമേരിക്കയ്‌ക്ക്‌ നയതന്ത്ര കുറിപ്പയച്ചു. സൗദിയിലെ ഹൂതി ആക്രമണത്തിന്റെ പേരിൽ ഇറാനെതിരെ എന്തെങ്കിലും നടപടിയുണ്ടായാൽ ഉടൻ പ്രതികരണമുണ്ടാകുമെന്നും അത്‌ വെറും ഭീഷണിയിൽ ഒതുങ്ങില്ലെന്നും കുറിപ്പിൽ മുന്നറിയിപ്പ്‌ നൽകി.

 ഇറാനിൽ അമേരിക്കയുടെ നയതന്ത്രകാര്യങ്ങൾ നോക്കുന്ന സ്വീഡിഷ്‌ എംബസിവഴി തിങ്കളാഴ്‌ചയാണ്‌ കുറിപ്പ്‌ നൽകിയതെന്ന്‌ ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസി ഇർനാ ബുധനാഴ്‌ച അറിയിച്ചു. ഇക്കാര്യത്തിൽ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ വാദം ഇറാൻ നിഷേധിച്ചു.

 അതേസമയം, സൗദിയിൽ യമനിലെ ഹൂതികൾ നടത്തിയ ആക്രമണം മുന്നറിയിപ്പാണെന്ന്‌ ഇറാൻ പ്രസിഡന്റ്‌ ഹസ്സൻ റൂഹാനി പറഞ്ഞു. അമേരിക്കൻ പിന്തുണയോടെ സൗദി സഖ്യം യമനിൽ നടത്തുന്ന യുദ്ധത്തിന്‌ പ്രതികരണമായി കൂടുതൽ വ്യാപകമായ യുദ്ധമുണ്ടാകാമെന്ന മുന്നറിയിപ്പാണത്‌. ഈ മുന്നറിയിപ്പിൽനിന്ന്‌ പാഠങ്ങൾ പഠിക്കാനും മേഖലയിൽ യുദ്ധമുണ്ടാകാമെന്ന്‌ മനസ്സിലാക്കാനും റൂഹാനി ആവശ്യപ്പെട്ടു. ഇറാൻ മന്ത്രിസഭാ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ഇതിനിടെ സൗദി അറേബ്യ അമേരിക്കൻ നേതൃത്വത്തിലുള്ള സമുദ്ര സുരക്ഷാ സഖ്യത്തിൽ ചേർന്നു. അമേരിക്കയ്‌ക്കു പുറകെ ബ്രിട്ടൻ, ഓസ്‌ട്രേലിയ, ബഹ്‌റൈൻ എന്നിവയും അംഗങ്ങളായ അന്താരാഷ്ട്ര സമുദ്ര സുരക്ഷാ സഖ്യത്തിലാണ്‌ സൗദി ചേർന്നത്‌. പശ്ചിമേഷ്യയിലെ ജലപാതകളെ സംരക്ഷിക്കാനെന്ന പേരിലുള്ള സഖ്യം ഇറാനെ ലക്ഷ്യമിട്ടുള്ളതാണ്‌. പേർഷ്യൻ ഗൾഫ്‌ മേഖലയിലെ ഹോർമുസ്‌ കടലിടുക്ക്‌, ബാബെൽ മൻദെബ്‌ തുടങ്ങിയ ജലപാതകളിൽ നിയന്ത്രണം സ്ഥാപിച്ച്‌ ഇറാനെതിരെ ഉപരോധവും തങ്ങളുടെ വ്യാപാരവും ഉറപ്പാക്കുകയാണ്‌ അമേരിക്കൻ താൽപ്പര്യം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top