18 October Friday

ആക്രമിക്കുന്ന രാജ്യത്തെ യുദ്ധക്കളമാക്കും; അമേരിക്കയ്‌ക്ക്‌ മുന്നറിയിപ്പുമായി ഇറാൻ

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2019

തെഹ്‌റാൻ >  ഇറാനെ ആക്രമിക്കുന്ന രാജ്യം പ്രധാന യുദ്ധക്കളമായി മാറുമെന്ന്‌ റെവല്യൂഷണി ഗാർഡ്‌സ്‌ കോർ കമാൻഡർ മേജർ ജനറൽ ഹൊസെയ്‌ൻ സലാമി. സ്വന്തം മണ്ണ്‌ യുദ്ധക്കളമാക്കണമെന്ന്‌ ആഗ്രഹമുള്ളവർക്ക്‌ മുന്നോട്ടുപോകാം.

 ഗൾഫ്‌ മേഖലയിലേക്ക്‌ അമേരിക്ക കൂടുതൽ സൈന്യത്തെയും പടക്കോപ്പുകളും അയക്കുന്നതായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ്‌ ഇറാൻ സേനയുടെ മുന്നറിയിപ്പ്‌.
സൗദി അറേബ്യയിൽ 14ന്‌ ആക്രമണം നടത്തിയത്‌ ഇറാനാണെന്ന കഥ സൗദിപോലും വിശ്വസിക്കുന്നില്ലെന്ന്‌ സലാമി പറഞ്ഞു. ഇറാൻ വെള്ളിയാഴ്‌ച യമനിലെ ഹൂതി കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണം ഇതിന്‌ തെളിവാണ്‌.

 സൗദിയിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികൾ ഏറ്റെടുത്തിരുന്നു. എന്നാൽ, ഇതിന്റെ പേരിലാണ്‌ ഇറാനെ ലഷ്യമിട്ട്‌ സൗദിയിലേക്കും യുഎഇയിലേക്കും അമേരിക്ക കൂടുതൽ സേനയെ അയക്കുന്നത്‌.

 ഇറാനെതിരെ പുതിയ ഉപരോധവും അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്‌. ഏതെങ്കിലും രാജ്യത്തിനെതിരെ അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ള ഏറ്റവും കടുത്ത ഉപരോധമാണ്‌ ഇറാൻ കേ‌ ന്ദ്ര ബാങ്കിനെതിരെ പ്രഖ്യാപിച്ചിട്ടുള്ളത്‌ എന്ന്‌ യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top