25 August Sunday

യുറേനിയം സമ്പുഷ്ടീകരണം: മണിക്കൂറുകൾക്കകം പരിധി മറികടക്കുമെന്ന‌് ഇറാൻ

വെബ് ഡെസ്‌ക്‌Updated: Monday Jul 8, 2019

തെഹ‌്റാൻ
അനുവദനീയമായ അളവിൽകവിഞ്ഞുള്ള യുറേനിയം സമ്പുഷ്ടീകരണം മണിക്കൂറുകൾക്കകം ആരംഭിക്കുമെന്ന‌് ഇറാൻ. 2015-ലെ ആണവ കരാറിലെ വ്യവസ്ഥകൾപ്രകാരം അനുവദനീയമായ അളവിനപ്പുറം യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള നീക്കം ആരംഭിച്ചതായി ഇറാൻ വ്യക്തമാക്കി. ആണവകരാർ പ്രകാരമുള്ള 3.67 ശതമാനം യുറേനിയം സമ്പുഷ്ടീകരണം മണിക്കുറുകൾക്കുള്ളിൽ  മറികടക്കുമെന്ന‌് ഇറാൻ അറ്റോമിക‌് ഏജൻസി വക്താവ‌് ബെഹ‌്റൗസ‌് കമൽവാണ്ടി  ഞായറാഴ‌്ച പറഞ്ഞു. തിങ്കളാ‌ഴ‌്ച രാവിലെ ഐക്യരാഷ്ട്ര സംഘടനയുടെ ആണവ നിരീക്ഷകൻ പരിശോധിക്കുമ്പോൾ യുറേനിയം സമ്പുഷ്ടീകരണം 3.67 ശതമാനം പിന്നിട്ടിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാന‌് ആണവകരാർ സംരക്ഷിക്കാൻ ഇപ്പോഴും താൽപ്പര്യമുണ്ടെന്നും അമേരിക്കയുടെ ഉപരോധത്തിനെതിരെ മറ്റ‌് ഘടകകക്ഷിക്കൾ ഒന്നും ചെയ‌്തില്ലെന്നും ഇറാൻ ഉപവിദേശമന്ത്രി അബ്ബാസ‌് അരാഖ‌്ചി പറഞ്ഞു.  ഉപരോധങ്ങളിൽനിന്ന‌് ഇറാനെ സംരക്ഷിക്കാൻ അവർക്ക‌് രണ്ട‌ുമാസത്തെ സമയം നൽകുന്നതായും അബ്ബാസ‌് വ്യക്തമാക്കി. ചൈന, റഷ്യ, ഫ്രാൻസ‌്‌‌, ബ്രിട്ടൻ, ജർമനി, യൂറോപ്യൻ യൂണിയൻ എന്നിവരാണ‌് അമേരിക്കയും ഇറാനും കൂടാതെ ആണവകരാറിലെ മറ്റ‌് കക്ഷികൾ.

കരാറിൽനിന്ന‌് കഴിഞ്ഞ വർഷം ട്രംപ‌് ഏകപക്ഷീയമായി പിന്മാറുകയും ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധമേർപ്പെടുത്തുകയും ചെയ്തതോടെയാണ‌് കൂടുതൽ യുറേനിയം സമ്പുഷ്ടീകരണത്തിന‌് ഇറാൻ മുതിരുന്നത‌്. തങ്ങൾക്ക് ഇഷ്ടമുള്ളത്ര യുറേനിയം സമ്പുഷ്ടീകരിക്കാനാണ് തീരുമാനമെന്ന് കഴിഞ്ഞ ദിവസം ഇറാൻ പ്രസിഡന്റ‌് ഹസ്സൻ റൂഹാനി വ്യക്തമാക്കിയിരുന്നു.
കരാറില്ലാതായാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച‌് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ റൂഹാനിയുമായി ഫോണിൽ ചർച്ച നടത്തി.
മറ്റ് രാജ്യങ്ങളുമായി കൂടിയാലോചിച്ച് ചർച്ചകൾ പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് മാക്രോൺ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top