20 July Saturday

ഇറാന്‍ സംഘര്‍ഷം: അടിയന്തര ഗള്‍ഫ്, അറബ് ഉച്ചകോടികള്‍ മക്കയില്‍ തുടങ്ങി

അനസ് യാസിൻUpdated: Friday May 31, 2019

മനാമ
മധ്യേഷ്യന്‍ മേഖലയില്‍ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ അടിയന്തര ഗൾഫ്, അറബ് ഉച്ചകോടികൾക്ക് വ്യാഴാഴ്ച മക്കയിൽ തുടക്കം. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിലാണ് ഉച്ചകോടികൾ. പതിനാലാമത് ഇസ്ലാമിക രാജ്യ ഉച്ചകോടി വെള്ളിയാഴ്ചയും നടക്കും.ഇറാനുമായുള്ള പ്രശ്നങ്ങള്‍ വിശകലനം ചെയ്യാനും പൊതുനിലപാട് രൂപീകരിക്കാനുമായി സൽമാൻ രാജാവ് മുൻകൈയെടുത്ത് വിളിച്ചുചേർത്തതാണ്  ഉച്ചകോടികൾ. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് രാഷ്ട്രനേതാക്കൾ സൗദിയിൽ എത്തി. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽഥാനി ഉച്ചകോടിക്കെത്തി. സൗദി നേതൃത്വത്തിൽ ഉപരോധം നിലവിൽ വന്നശേഷം ആദ്യമായാണ് ഉയർന്ന ഖത്തർ പ്രതിനിധി സൗദിയിൽ എത്തുന്നത്. ഇസ്ലാമിക രാജ്യങ്ങളുടെ സംഘടന (ഒഐസി)യിൽ അംഗമാണെങ്കിലും വെള്ളിയാഴ്ച നടക്കുന്ന ഒഐസി ഉച്ചകോടിയിൽ ഇറാൻ പങ്കെടുക്കുമോയെന്ന് വ്യക്തമല്ല.

ഉച്ചകോടികൾക്കു മുന്നോടിയായി ഒഐസി വിദേശമന്ത്രിമാരുടെ യോഗം ബുധനാഴ്ച ജിദ്ദയിൽ ചേർന്നു. മറ്റു രാഷ്ട്രങ്ങളുടെ കാര്യങ്ങളിലുള്ള ഇറാന്റെ  ഇടപെടലിനെ ഇസ്ലാമിക രാഷ്ട്രങ്ങൾ ഒറ്റക്കെട്ടായി എതിർക്കണമെന്ന് യോഗത്തിൽ സൗദി വിദേശമന്ത്രി ഇബ്രാഹിം അൽ സഫ് പറഞ്ഞു. യുഎഇ തീരത്ത് എണ്ണക്കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണങ്ങളും സൗദിയിൽ കിഴക്കു-പടിഞ്ഞാറ് എണ്ണ പൈപ്പ‌് ലൈനിലെ രണ്ടു പമ്പിങ് നിലയങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങളും അതിന്റെ പ്രത്യാഘാതവും ഉച്ചകോടികൾ ചർച്ച ചെയ്യും. അറബ് ലീഗ് ഉച്ചകോടി വിശകലനം ചെയ്യുന്ന പ്രധാന വിഷയം സൗദിയിലെ എണ്ണ പൈപ്പ‌് ലൈനുകളിലെ പമ്പിങ‌് നിലയങ്ങൾക്കു നേരെയുണ്ടായ ഡ്രോൺ ആക്രമണമാണെന്ന് അറബ് ലീഗ് വക്താവ് അംബാസഡർ മഹ‌്മൂദ് അഫീഫി അറിയിച്ചു.

ഭാവിയിലേക്ക് ഒരുമിച്ച് എന്ന പ്രമേയത്തിലാണ് ഒഐസി ഉച്ചകോടി. ഇസ്ലാമിക് ലോകത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായകമാകുന്ന സുപ്രധാന തീരുമാനങ്ങൾ ഒഐസി ഉച്ചകോടിയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സെക്രട്ടറി ജനറൽ യൂസുഫ് അൽഉസൈമിൻ പറഞ്ഞു. ഇസ്ലാമിക രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലുകൾ, ഭീകരത, തീവ്രവാദം, ഇസ്ലാം ഭീതി അടക്കമുള്ള പ്രശ്നങ്ങൾ ഉച്ചകോടിയിൽ വിശകലനം ചെയ്യുമെന്നും സെക്രട്ടറി ജനറൽ പറഞ്ഞു.

അതിനിടെ, യുഎഇ തീരത്ത് എണ്ണ ടാങ്കറുകൾ ആക്രമിക്കാൻ ഉപയോഗിച്ചത് കടൽ മൈനുകളാണെന്നും ഇത് തീർച്ചയായും ഇറാനിൽനിന്നുള്ളതാണെന്നും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ ആരോപിച്ചു.


പ്രധാന വാർത്തകൾ
 Top