27 May Monday

ഇറാന്‍ റെവലൂഷണറി ഗാര്‍ഡ് ഭീകര പട്ടികയില്‍; എതിര്‍പ്പുമായി ഖത്തറും തുര്‍ക്കിയും

അനസ് യാസിന്‍Updated: Saturday Apr 13, 2019

മനാമ> ഇറാന്‍ സൈനിക വിഭാഗമായ ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ് കോപ്‌സി(ഐആര്‍ജിസി)നെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള അമേരിക്കന്‍ തീരുമാനത്തില്‍  എതിര്‍പ്പുമായി ഖത്തറും തുര്‍ക്കിയും. ഏകപക്ഷീയമായ തീരുമാനങ്ങളെ തങ്ങള്‍ പിന്തുണക്കില്ലെന്നും ഇത്തരം നടപടികള്‍ മേഖലയില്‍ അസ്ഥിരതയുണ്ടാക്കുമെന്നും ഇരു രാജ്യങ്ങളും വ്യക്തമാക്കി. 'സിറിയയില്‍ റെവല്യൂഷനറി ഗാര്‍ഡിന്റെ ഇടപെടലുകളെ തങ്ങള്‍ പിന്തുണക്കുന്നില്ല. എന്നാല്‍ മറ്റൊരു രാജ്യത്തിന്റെ സൈന്യത്തെ ഭീകര സംഘടനയായി പ്രഖ്യാപിക്കാന്‍ വേറൊരു രാജ്യത്തിന് കഴിയില്ല'-ഖത്തര്‍ വിദേശ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനിക്കൊപ്പം അങ്കറായില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ തുര്‍ക്കി വിദേശ മന്ത്രി മെവ്ലുത് ജവുസോഗ്ലു പറഞ്ഞു.

ഇറാനെതിരായ ശിക്ഷാ നടപടികളുടെയും സമ്മര്‍ദങ്ങളുടെയും ഭാഗമാണിത്. അമേരിക്കന്‍ തീരുമാനം ആഗോള സമൂഹത്തിന് അംഗീകരിക്കുന്നതിന് കഴിയില്ലെന്ന് തുര്‍ക്കി വിദേശ മന്ത്രി പറഞ്ഞു. ഇറാന്‍ സൈന്യത്തിന്റെ പെരുമാറ്റങ്ങളിലുള്ള വിയോജിപ്പുകള്‍ക്ക് വിലക്കുകള്‍ അടിച്ചേല്‍പിച്ചാവരുത്  പരിഹാരമെന്ന് ഖത്തര്‍ വിദേശ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി പറഞ്ഞു. രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ സംവാദത്തിലൂടെയാണ് പരിഹരിക്കേണ്ടത്. മേഖലാ രാഷ്ട്രീയത്തിലും ഭൂരാഷ്ട്രതന്ത്രപരമായും ഇറാന് വലിയ സ്ഥാനമുണ്ട്. നയങ്ങളില്‍ യോജിപ്പുണ്ടെങ്കിലും വിയോജിപ്പുകളുണ്ടെങ്കിലും വ്യത്യസ്ത പരിഗണനകള്‍ കണക്കിലെടുത്ത് ഇറാനെ നോക്കിക്കാണണമെന്നും ഖത്തര്‍ വിദേശ മന്ത്രി പറഞ്ഞു.

റെവല്യൂഷനറി ഗാര്‍ഡിനെ ഭീകര സംഘടനകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. ആദ്യമായാണ് ഒരു രാജ്യത്തിന്റെ സേനാ വിഭാഗത്തെ അമേരിക്ക ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നത്. ഇറാനെതിരെ സാമ്പത്തിക ഉപരോധം വീണ്ടും ഏര്‍പ്പെടുത്തുന്നതിനു മുന്നോടിയായാണ് അമേരിക്കന്‍ നീക്കം വിലയിരുത്തപ്പെടുന്നത്. യെമനില്‍ ഹുതി മിലിഷ്യകള്‍ക്കും ലബനണില്‍ ഹിസ്ബുള്ള മിലിഷ്യകള്‍ക്കും പിന്‍തുണ നല്‍കി മധ്യ പൗരസ്ത്യ മേഖലയെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണ് ഇറാന്‍ നടത്തുന്നതെന്നും പുതിയ തീരുമാനത്തിന കാരണമിതാണെന്നും അമേരിക്ക പറയുന്നു.

അമേരിക്കന്‍ തീരുമാനത്തിനു മറുപടിയായി മധ്യപൗരസ്ത്യദേശത്തും ഏഷ്യയിലും അമേരിക്കയുടെ സൈനിക നടപടികളുടെ ചുമതലയുള്ള യുഎസ് സെന്‍ട്രല്‍ കമാണ്ടിനെ ഭീകര പട്ടികയില്‍ ഉള്‍പെടുത്താന്‍ ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലും തീരുമാനിച്ചു.
1979ല്‍ രൂപീകരിച്ച റെവലൂഷനറി ഗാര്‍ഡ് ഇറാനിലെ ഏറ്റവും ശക്തമായ സായുധ സേനാ വിഭാഗമാണ്. രാജ്യത്തിന്റെ ആഭ്യന്തര രാഷ്ട്രീയത്തിലും സമ്പദ് വ്യവസ്ഥയിലും ഈ സേനാ വിഭാഗത്തിന് നിര്‍ണായക സ്വാധീനമുണ്ട്.


 


പ്രധാന വാർത്തകൾ
 Top