23 November Saturday

സ്‌ഫോടനം: സഹായ വാഗ്‌ദാനം ഇറാന്‍ ടാങ്കര്‍ അവഗണിച്ചതായി സൗദി

അനസ് യാസിന്‍Updated: Monday Oct 14, 2019

മനാമ > ചെങ്കടലില്‍ കഴിഞ്ഞ ദിവസം അപകടത്തില്‍പെട്ട ഇറാന്‍ എണ്ണ കപ്പല്‍ തങ്ങളുടെ സഹായ വാഗ്ദാനം അവഗണിച്ചതായി സൗദി അതിര്‍ത്തി സുരക്ഷാ സേന.
ഫോണ്‍ വഴി ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ ഇറാന്‍ കപ്പല്‍ അവഗണിക്കുകയായിരുന്നുവെന്നും സേനാ വക്താവ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെയാണ് നാഷണല്‍ ഇറാന്‍ ഓയില്‍ കമ്പനിയുടെ സബിതി എന്ന എണ്ണ കപ്പലില്‍ സ്ഫോടനവും അഗ്നിബാധയും ഉണ്ടായത്. അപകടത്തില്‍ ആളാപായം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍, സ്ഫോടനത്തെ തുടര്‍ന്ന് എണ്ണ ചെങ്കടലിലേക്ക് ചോര്‍ന്നൊഴുകി.

കപ്പലിന്റെ മുന്‍ഭാഗത്ത് പൊട്ടലുണ്ടായതായും ഇതിന്റെ ഫലമായി എണ്ണ ചോര്‍ന്നതായും അറിയിച്ച് വെള്ളിയാഴ്ച രാവിലെ 11.47 ന് അതിര്‍ത്തി സുരക്ഷാ സേനക്ക് കപ്പല്‍ ക്യാപ്റ്റന്റെ ഇ-മെയില്‍ ലഭിച്ചിരുന്നു. എന്നാല്‍, കപ്പല്‍ യാത്ര തുടര്‍ന്നതായി കോ-‐ഓര്‍ഡിനേഷന്‍ സെന്ററിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ജിദ്ദ തുറമുഖത്തു നിന്ന് 67 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പലെന്നും വ്യക്തമായി. സഹായം നല്‍കാനായി കോ-‐ഓര്‍ഡിനേഷന്‍ സെന്ററില്‍ നിന്നുള്ള കോളുകള്‍ക്ക് കപ്പല്‍ മറുപടി നല്‍കിയില്ല. ദിശ അറിയാനുള്ള ട്രാക്കിംഗ് സംവിധാനം കപ്പല്‍ ഓഫാക്കിയിരുന്നു. സമുദ്ര ഗതാഗത സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഇക്കാര്യത്തിലുള്ള അന്താരാഷ്ട്ര ഉടമ്പടികളും മര്യാദകളും പാലിക്കാനും സൗദി പ്രതിജ്ഞാബദ്ധമാണെന്നും സേനാ വക്താവ് പറഞ്ഞു.

ജിദ്ദ തുറമുഖത്തുനിന്നും 97 കിലോമീറ്റര്‍ അകലെ പുറം കടലില്‍ രാവിലെ അഞ്ചോടെയായിരുന്നു കപ്പലില്‍ സ്‌ഫോടനം നടന്നത്. 20 മിനുട്ട് ഇടവിട്ട് രണ്ട് സ്ഫോടനങ്ങള്‍ കപ്പലിലുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. കപ്പലിന്റെ പ്രധാന അറകള്‍ക്ക് കേടുപറ്റി. മിസൈലേറ്റാണ് സ്‌ഫോടനം എന്നായിരുന്നു ആദ്യം ഇറാന്‍ മാധ്യമങ്ങള്‍ ആരോപിച്ചിരുന്നത്. എന്നാല്‍, ഇക്കാര്യം കപ്പല്‍ ഉടമയായ ഇറാന്‍ എണ്ണ കമ്പനി തള്ളിയിരുന്നു.


പ്രധാന വാർത്തകൾ
 Top