24 October Thursday

സൗദി ആക്രമണത്തിന്‌ പിന്നിൽ ഇറാനെന്ന്‌ അമേരിക്ക; മുന്നറിയിപ്പുമായി ഇറാൻ

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019

തെഹ്‌റാൻ
സൗദി അറേബ്യയിൽ ആരോംകോയുടെ രണ്ട്‌ എണ്ണ ശുദ്ധീകരണശാലകളിൽ യമനിലെ ഹൂതി വിമതർ നടത്തിയ ഡ്രോൺ ആക്രമണത്തിനുപിന്നിൽ ഇറാനാണെന്ന്‌ അമേരിക്ക. ആരോപണം ഇറാൻ നിഷേധിച്ചു. ഇസ്ലാമിക്‌ റിപ്പബ്ലിക്കിനെ ആക്രമിക്കാൻ പഴുത്‌ തേടുകയാണ്‌ അമേരിക്കയെന്ന്‌ ഇറാൻ വിദേശമന്ത്രാലയ വക്താവ്‌ അബ്ബാസ്‌ മൂസവി കുറ്റപ്പെടുത്തി.
അമേരിക്കയുടെ അന്ധമായ ആരോപണങ്ങൾ അവിശ്വസനീയവും അർഥമില്ലാത്തതുമാണ്‌.

ഒരു രാജ്യത്തിന്റെ യശസ്സ്‌ തകർക്കാനും ‘ഭാവി നടപടികൾക്ക്‌’  വഴിയൊരുക്കാനും ചാരസംഘടനകൾ നടത്തുന്ന ഗൂഢാലോചന പോലെയുള്ളതാണ്‌ അമേരിക്കൻ ആരോപണമെന്നും ഇറാൻ വക്താവ്‌ പറഞ്ഞു. അമേരിക്കക്കാർ പരമാവധി സമ്മർദമെന്ന നയം സ്വീകരിച്ചിരിക്കുകയാണ്‌. അത്‌ പരാജയപ്പെട്ടതിനാൽ പരമാവധി നുണയായി മാറിയിരിക്കുയാണ്‌. പൂർണതോതിലുള്ള യുദ്ധത്തിനും ഇറാൻ സദാ സജ്ജമാണെന്ന്‌  ഇറാൻ വിപ്ലവസേനാ കോറിന്റെ വ്യോമ–-ബഹിരാകാശവിഭാഗം തലവൻ ബ്രിഗേഡിയർ ജനറൽ അമീറലി ഹാജിസാദി മുന്നറിയിപ്പ്‌ നൽകി. സൗദി എണ്ണ ശുദ്ധീകരണശാലകളിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം യമനിലെ

ഹൂതി വിമതർ ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഇറാനാണ്‌ ആക്രമണത്തിന്‌ പിന്നിലെന്നാണ്‌ അമേരിക്കൻ നിലപാട്‌.
യമനിൽനിന്നാണ്‌ ആക്രമണമുണ്ടായത്‌ എന്നതിന്‌ തെളിവില്ലെന്നാണ്‌ അമേരിക്കൻ സ്‌റ്റേറ്റ്‌ സെക്രട്ടറി മൈക്‌ പോംപിയോയുടെ വാദം. ആക്രമണത്തിന്‌ ഇറാനെക്കൊണ്ട്‌ കണക്ക്‌ പറയിക്കുമെന്നും പോംപിയോ ഭീഷണി മുഴക്കി. ഇതിന്‌ പ്രതികരണമായാണ്‌ ഇറാൻ സർക്കാർ–-സൈനിക വക്താക്കൾ നിലപാട്‌ വ്യക്തമാക്കിയത്‌.

അമേരിക്കയിൽ അടുത്തവർഷം പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ ട്രംപ്‌ ഭരണകൂടം യുദ്ധഭ്രാന്ത്‌ വളർത്തുന്നതിനെതിരെ ഡെമോക്രാറ്റിക്‌ നേതാക്കളിൽനിന്ന്‌ പ്രതികരണമുണ്ട്‌. ഹൂതികൾക്ക്‌ ഇറാന്റെ പിന്തുണയുണ്ടെന്ന്‌ കരുതി ഹൂതികളെ ഇറാന്‌ സമമായി കാണാനാകില്ലെന്ന്‌ ഡെമോക്രാറ്റിക്‌ സെനറ്റർ ക്രിസ്‌ മർഫി പറഞ്ഞു. എന്നാൽ, ഇറാനിലെ എണ്ണശുദ്ധീകരണശാലകളിൽ ആക്രമണം നടത്തണമെന്ന്‌ റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്‌സെ ഗ്രഹാം ആവശ്യപ്പെട്ടു.
2015ൽ ഇറാനുമായി  വൻശക്തികൾ ഉണ്ടാക്കിയ ആണവകരാറിൽനിന്ന്‌ കഴിഞ്ഞ വർഷം ജൂണിൽ അമേരിക്ക ഏകപക്ഷീയമായി പിന്മാറി ഉപരോധം കർക്കശമാക്കിയിരുന്നു. തുടർന്ന്‌ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്‌.


പ്രധാന വാർത്തകൾ
 Top