18 June Tuesday

ഇറാന്‍- അമേരിക്ക സംഘര്‍ഷം ലഘൂകരിക്കാന്‍ ഒമാന്‍ ശ്രമം

അനസ് യാസിന്‍Updated: Friday May 24, 2019

മനാമ> ഇറാൻ‐അമേരിക്ക സംഘർഷം ലഘൂകരിക്കാൻ ഒമാൻ ശ്രമം തുടങ്ങിയതായി ഒമാൻ വിദേശ മന്ത്രി യൂസഫ് ബിൻ അലവി അറിയിച്ചു. യുദ്ധമുണ്ടായാലുള്ള അപകടം മുഴുവൻ ലോകത്തിനും ഹാനികരമാകുമെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധത്തിലേക്ക് വഴുതിപ്പോയാലുണ്ടാകുന്ന ഗുരുതരാവസ്ഥയെ കുറിച്ച് ഇറാനും അമേരിക്കയും ബോധവാന്മാരാണെന്നും മന്ത്രിയെ ഉദ്ധരിച്ച് ലണ്ടനിൽനിന്നു പ്രസിദ്ധീകരിക്കുന്ന ‘ശർഖുൽ ഔസ്ത്ത്’ ദിനപത്രം റിപ്പോർട്ട് ചെയ്തു. ഇക്കാര്യം വെള്ളിയാഴ്ച ഒമാൻ വിദേശ മന്ത്രാലയവും ട്വീറ്റ് ചെയ്തു.

ഇറാനും അമേരിക്കയ‌്ക്കും ഇടയിൽ ഒമാൻ മധ്യസ്ഥശ്രമം വിദേശ മന്ത്രി സ്ഥിരീകരിക്കുകയോ തള്ളുകയോ ചെയ്തില്ല. എന്നാൽ, മറ്റു വിഭാഗങ്ങളുമായി ചേർന്ന് ഒമാൻ ഇരു രാജ്യത്തിനുമിടയ‌്ക്കുള്ള സംഘർഷം ശമിപ്പിക്കാനുള്ള എല്ലാ ശ്രമവും നടത്തുന്നതായി മന്ത്രി കൂട്ടിച്ചേർത്തു. യുദ്ധം ആരംഭിക്കുംമുമ്പ‌് അതു തടയാൻ ഒമാനുമായി ചേർന്ന് സംയുക്ത പരിശ്രമത്തിന് അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തെ ആഹ്വാനംചെയ്തു. ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് ഇറാൻ വിദേശ മന്ത്രി മുഹമ്മദ് ജാവദ് ഷരീഫ് വെളിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച ലണ്ടനിലേക്കുള്ള യാത്രയ‌്ക്കിടെയാണ് ഒമാൻ വിദേശ മന്ത്രി തെഹ്‌റാനിൽ ഇറാൻ വിദേശ മന്ത്രിയെ സന്ദർശിച്ചത്.
അമേരിക്കയും ഇറാനുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് ഒമാൻ. ഇറാഖും യുദ്ധം ഒഴിവാക്കാനുള്ള ശ്രമത്തിലാണ്. സംഘർഷം കുറയ്ക്കാനായി തെഹ്‌റാനിലേക്കും വാഷിങ‌്ടണിലേക്കും പ്രതിനിധി സംഘത്തെ അയക്കുമെന്ന് ഇറാഖ് പ്രസഡിന്റ് ആദെൽ അബ്ദുൽ മഹ്ദി പ്രസ്താവിച്ചു.

രണ്ടാഴ്ചയായി മേഖലയിൽ ഇറാൻ‐അമേരിക്കൻ സംഘർഷം രൂക്ഷമാണ്. പശ്ചിമേഷ്യയിൽ അമേരിക്ക പടയൊരുക്കവും ശക്തിപ്പെടുത്തിയിട്ടുണ്ട്. ബോംബിട്ടാലും അമേരിക്കൻ സമ്മർദത്തിന് അടിയറവയ‌്ക്കില്ലെന്നും ലക്ഷ്യങ്ങൾ ഉപേക്ഷിക്കില്ലെന്നും ഇറാൻ പ്രസിഡന്റ് ഹസ്സൻ റൗഹാനി വ്യാഴാഴ്ച വ്യക്തമാക്കി.

അതിനിടെ, യമനിലെ ഹൂതി വിമതരെ നിയന്ത്രിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് യുഎൻ സുരക്ഷാ സമിതിയിൽ സൗദി ആവശ്യപ്പെട്ടു. ബാലിസ‌്റ്റിക് മിസൈലുകളും ഡ്രോണുകളുമായി ജനവാസകേന്ദ്രങ്ങളെ ലക്ഷ്യമിടുകയാണ് ഇറാൻ പിന്തുണയുള്ള ഹൂതികൾ.
അന്താരാഷ്ട്ര നിയമങ്ങളുടെയും മനുഷ്യാവകാശ നിയമങ്ങളുടെയും നഗ്നമായ ലംഘനമാണിതെന്നും സുരക്ഷാസമിതിയിലെ സൗദി സ്ഥിരം പ്രതിനിധി ഡോ. ഖാലിദ് മൻസ്ലാവി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top