22 September Sunday

ഇറാൻകപ്പല്‍ വിടാതെ പിടികൂടാന്‍ അമേരിക്ക

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2019

ന്യുയോര്‍ക്ക്
ആഴ്ചകളോളം തടഞ്ഞുവച്ചശേഷം ജിബ്രാള്‍ട്ടര്‍ വിട്ടുകൊടുത്ത ഇറാൻ കപ്പല്‍ ഗ്രേസ് വണ്‍ പിടിച്ചെടുക്കാന്‍ അമേരിക്കന്‍ നീക്കം. കപ്പല്‍ വിട്ടുകൊടുക്കാന്‍ ജിബ്രാള്‍ട്ടര്‍ കോടതി ഉത്തരവിട്ടതിനു തൊട്ടുപിന്നാല കപ്പല്‍ പിടിച്ചെടുക്കാന്‍ അമേരിക്ക നീതിന്യായവകുപ്പ് ഉത്തരവിറക്കി. മൂന്ന് മലയാളികളടക്കം 24 ഇന്ത്യക്കാരാണ് കപ്പലില്‍ ഉള്ളത്‌. ഇവരുടെ മോചനത്തിനായി ബന്ധുക്കള്‍ നാട്ടില്‍ കാത്തിരിക്കുമ്പോഴുള്ള അമേരിക്കന്‍ ഇടപെടല്‍ വീണ്ടും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുകയാണെന്ന് ആരോപിച്ച്  ജൂലൈ നാലിന്  ബ്രട്ടീഷ് നാവികസേനയാണ് കപ്പല്‍ തടഞ്ഞത്.
മെഡിറ്ററേനിയന്‍ മേഖലയില്‍ ബ്രിട്ടീഷ് അധീനമേഖലയിലുള്ള കപ്പല്‍ കണ്ടുകെട്ടാനും എണ്ണ പിടിച്ചെടുക്കാനുമാണ് ഉത്തരവ്‌. കപ്പലുമായി ബന്ധമുള്ള ഇറാനിയന്‍ കമ്പനിയുടെ അമേരിക്കന്‍ ബാങ്കിലുള്ള  995,000 ഡോളര്‍ മരവിപ്പിക്കാനും ഉത്തരവില്‍ പറയുന്നു.

കപ്പല്‍ വിട്ടുകൊടുക്കരുതെന്ന അമേരിക്കയുടെ നിര്‍ദേശം ജിബ്രാള്‍ട്ടര്‍ സുപ്രീംകോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. കപ്പല്‍ ജിബ്രാള്‍ട്ടര്‍ തീരത്തുനിന്ന്‌ ഇറാനിലേക്ക് മടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ഗ്രേസ് വണ്‍ പിടിച്ചെടുത്ത് ആഴ്ചകള്‍ക്കുള്ളില്‍ ബ്രിട്ടന്റെ കപ്പല്‍ ഹോര്‍മൂസില്‍ ഇറാന്‍ പിടികൂടിയിരുന്നു. ഇറാനെതിരെ കടുത്ത ഉപരോധം അടിച്ചേല്‍പ്പിക്കുന്ന അമേരിക്കയുടെ പുതിയനീക്കം വീണ്ടും അന്താരാഷ്ട്ര കപ്പല്‍ ഗതാഗതം സംഘര്‍ഷഭരിതമാക്കും.


പ്രധാന വാർത്തകൾ
 Top