19 August Monday

കടലില്‍ കുടുങ്ങിയ 14 ഇന്ത്യന്‍ നാവികരെ ദുബായ് പൊലിസ് രക്ഷപ്പെടുത്തി

അനസ് യാസിന്‍Updated: Friday Feb 22, 2019

ദുബായ് പാം ദെയ്‌റക്ക് സമീപം കടലില്‍ കുടുങ്ങിയ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തുന്നു

മനാമ> പുലിമുട്ടില്‍ ഇടിച്ച് എന്‍ജിന്‍ തകരാറിലായി കടലില്‍ കുടങ്ങിയ കപ്പലിലെ 14 ഇന്ത്യന്‍ നാവികരെ ദുബായ് പൊലിസ് രക്ഷപ്പെടുത്തി. 35 മിനിറ്റു നീണ്ട രക്ഷാ പ്രവര്‍ത്തനത്തിനുശേഷം നാവികരെ സുരക്ഷിതമായി ദുബായ് ഷെയ്ഖ് റാഷിദ് തുറമുഖത്ത് എത്തിച്ചതായി ദുബായ് പൊലിസ് അറിയിച്ചു.

ഒറാസ്സിയ ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഖദീജ എന്ന കപ്പലാണ് പാം ദെയ്‌റക്ക് സമീപം പുലിമൂട്ടിലെ പാറക്കല്ലുകളില്‍ ഇടിച്ച് കടലില്‍ കുടുങ്ങിയത്. ശനിയാഴ്ച രാത്രി ശകതമായ കാറ്റിലും കടല്‍ ക്ഷോഭത്തിലുംപെട്ടാണ് കപ്പല്‍ പുലിമുട്ടില്‍ ഇടിച്ചത്. തുടര്‍ന്ന് കപ്പലിലേക്ക് വെള്ളം കയറാന്‍ തുടങ്ങി. കപ്പലില്‍ വൈദ്യുതിയും നിലച്ചു. എന്‍ജിനും തകരാറിലായി. തുടര്‍ന്ന് ജീവനക്കാര്‍ ദുബായ് പൊലിസ് സഹായം തേടുകയായിരുന്നു.

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതിനെതുടര്‍ന്ന് കഴിഞ്ഞ കുറേ ആഴ്ചകളായി കപ്പല്‍ പുറം കടലില്‍ നങ്കൂരമിട്ടിരിക്കുകയായിരുന്നു. 22 നാവികരായിരുന്നു കപ്പലില്‍ ആദ്യം ഉണ്ടായിരുന്നത്. ഇതില്‍ എട്ടുപേര്‍ ഈയിടെ നാട്ടിലേക്ക് മടങ്ങി. ഒരാഴ്ച മുന്‍പ് കപ്പലില്‍ വൈദ്യുതി നിലച്ചിരുന്നു. ഇത് പിന്നീട് നേരയാക്കി.

കപ്പലില്‍ നിന്നും പുലിമുട്ടിലേക്ക് വടം കെട്ടിയാണ് ജീവനക്കാരെ രക്ഷിച്ചത്. മോശം കാലവസ്ഥയിലും രക്ഷാദൗത്യം ദുബായ് പൊലിസ് വിജയാകരമായി നിര്‍വഹിച്ചതായി പൊലിസ് മേധാവി അറിയിച്ചു. നാവികരെ രക്ഷപ്പെടുത്തിയ ദുബായ് പൊലിസിനെ ഇന്ത്യന്‍ കോണ്‍സുലേറ്റ് നന്ദി അറിയിച്ചു.


 


പ്രധാന വാർത്തകൾ
 Top