20 August Tuesday

ലോക‌്സഭാ തെരഞ്ഞെടുപ്പ‌്: ഇന്ത്യയിലെ മാധ്യമപ്രവർത്തകർ ഭീഷണിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 23, 2019

ലണ്ടൻ> ലോക‌്സഭാ തെരഞ്ഞെടുപ്പ‌് നടക്കുന്ന സാഹചര്യമായതിനാൽ ഇന്ത്യയിലെ മാധ്യമപ്രവർത്തകർ വലിയ ഭീഷണിനേരിടുന്ന സമയമാണിതെന്ന‌് പാരീസ‌് ആസ്ഥാനമായി പ്രവർത്തിക്കുന്ന റിപ്പോർട്ടേർസ‌് വിത്തൗട്ട്‌ ബോർഡേർസ‌്. കഴിഞ്ഞവർഷം മാത്രം തൊഴിലിനിടെ ആറ‌് മാധ്യമപ്രവർത്തകരാണ‌് ഇന്ത്യയിൽ കൊല്ലപ്പെട്ടത‌്. തെരഞ്ഞെടുപ്പിന‌് മുന്നോടിയായി ഭരണകക്ഷിയായ ബിജെപിയുടെ സഹായത്തോടെ അവരുടെ അണികൾ വ്യാപകമായ അതിക്രമങ്ങളാണ‌് പ്രാദേശിക, ദേശീയ മാധ്യമങ്ങൾക്ക‌ുനേരെ അഴിച്ചുവിടുന്നത‌്.

ആർഎസ‌്എസിന്റെ ഹിന്ദുത്വ അജൻഡയെ എതിർക്കുന്നവരെയും അതിനെതിരെ എഴുതുകയോ ശബ്ദിക്കുകയോ ചെയ്യുന്നവർക്കെതിരെയും വ്യാപകമായ അതിക്രമങ്ങളാണ‌് സോഷ്യൽ മീഡിയയിലൂടെ നടത്തുന്നത‌്. അതിക്രമങ്ങ‌ളിലധികവും സ‌്ത്രീകൾക്കെതിരെയാണ‌്. കശ‌്മീരിൽ മാധ്യമപ്രവർത്തകർക്ക‌് തൊഴിൽ ചെയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളത‌്. വിദേശ റിപ്പോർട്ടർമാരെ കശ‌്മീരിൽ നിരോധിച്ചിരിക്കുകയാണ‌്. ഇന്റർനെറ്റ‌് സംവിധാനം അധികസമയവും അവിടെ വിച്ഛേദിച്ചിരിക്കുകയാണെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. പൊലീസുകാരുടെ, മാവോയിസ്റ്റ‌ുകളുടെ, ക്രിമിനൽ സംഘങ്ങളുടെ, അഴിമതിക്കാരായ രാഷ‌്ട്രീയക്കാരുടെയടക്കം ആക്രമണങ്ങൾ അതീജിവിച്ചാണ‌് ഇന്ത്യയിൽ മാധ്യമപ്രവർത്തകർ തങ്ങളുടെ തൊഴിൽ നിർവഹിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട‌്.

|നോർവെ ഒന്നാമത‌്, ഇന്ത്യ 140 ാമത‌്


ആഗോള പത്രസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ 140–-ാമത‌് സ്ഥാനത്ത‌്. കഴിഞ്ഞ തവണ 138–-ാം സ്ഥാനത്തായിരുന്ന ഇന്ത്യ രണ്ട‌് സ്ഥാനം താഴെയിറങ്ങിയാണ‌് 140–-ാം സ്ഥാനത്തെത്തിയത‌്. പാകിസ്ഥാൻ 142–-ാം സ്ഥാനത്താണ‌്. 180 രാജ്യങ്ങളാണ‌് മൊത്തം പട്ടികയിലുള്ളത‌്. മൂന്നാംതവണയും സ്‌കാൻഡിനേവിയൻ രാഷ‌്ട്രമായ നോർവെയാണ‌് ഒന്നാമത‌്. ഫിൻലൻഡ‌് രണ്ടാമതും സ്വീഡൻ മൂന്നാമതുമാണ‌്. തർക്കമനിസ്ഥാനാണ‌് സൂചികയിൽ 180–-ാം സ്ഥാനത്ത‌്‌‌‌, ഉത്തരകൊറിയ 179–-ാം സ്ഥാനത്തും വിയറ്റ‌്നാം 176–-ാം സ്ഥാനത്തുമാണ‌്. മാധ്യമപ്രവർത്തകർക്ക‌് സുരക്ഷിതമായി തൊഴിലെടുക്കാനുള്ള സാഹചര്യം രാജ്യങ്ങളിൽ കുറയുകയാണെന്നും മാധ്യമസ്വാതന്ത്ര്യത്തിന‌ുമേലുള്ള അധികൃതരുടെ ഇടപെടൽ വർധിക്കുകയാണെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.


പ്രധാന വാർത്തകൾ
 Top