19 May Sunday

ശ്രീലങ്കയിൽ സ്ഫോടനങ്ങൾ ഉണ്ടായേക്കാമെന്ന് ഇന്ത്യ രണ്ടുമണിക്കൂർ മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 24, 2019

കൊളംബോ> ശ്രീലങ്കയിൽ സ്ഫോടനങ്ങൾ ഉണ്ടായേക്കാമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. മൂന്നു തവണ മുന്നറിയിപ്പ് നൽകിയിരുന്നു.  ആദ്യ സ്‌ഫോടനം നടക്കുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പാണ് ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം ശ്രീലങ്കയുടെ രഹസ്യാന്വേഷണ വിഭാഗത്തിന് മുന്നറിയിപ്പ് നല്‍കിയത്.

കൊളംബോയില്‍  ക്രിസ്ത്യന്‍ പള്ളികള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ആക്രമണം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ് നല്‍കിയത്. ഇക്കാര്യം ശ്രീലങ്കന്‍ അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രില്‍ നാല്, ഏപ്രില്‍ 20 എന്നീ ദിവസങ്ങളിലും ശ്രീലങ്കയ്ക്ക് സമാനമായ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നതായി ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി. എന്നാൽ ഈ മുന്നറിയിപ്പില്‍ നടപടി സ്വീകരിക്കാതിരുന്നതാണ് ആക്രമണം തടയാന്‍ സാധിക്കാതെവന്നതെന്ന് ശ്രീലങ്കന്‍ അധികൃതര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്.

ഇന്ത്യ നല്‍കിയ മുന്നറിയിപ്പ് കണക്കിലെടുത്ത് വേണ്ട സമയത്ത് നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ച പറ്റിയതായി ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ മാധ്യമങ്ങളോട് സമ്മതിച്ചു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ മേല്‍ത്തട്ടില്‍ മാത്രമാണ് മുന്നറിയിപ്പ് സംബന്ധിച്ച വിവരം ലഭിച്ചതെന്നും  അത് കൈമാറുന്നതിലും നടപടി സ്വീകരിക്കുന്നതിലും പിശക് സംഭവിച്ചതായും അദ്ദേഹം പറഞ്ഞു.

എന്നാല്‍, മുന്നറിയിപ്പ് സംബന്ധിച്ച് സിരിസേനയ്ക്ക് അറിവുണ്ടായിരുന്നോ എന്നകാര്യം വ്യക്തമല്ല. തങ്ങള്‍ക്കുലഭിച്ച വിവരമനുസരിച്ച് മുന്നറിയിപ്പ് പോലീസിനും മറ്റ് സുരക്ഷാ ഏജന്‍സികള്‍ക്കും കൈമാറിയിരുന്നുവെന്ന് സിരിസേനയുടെ മുതിര്‍ന്ന സുരക്ഷാ ഉപദേശകന്‍ ഷിരാല്‍ ലഖ്തിലക പറഞ്ഞു.


പ്രധാന വാർത്തകൾ
 Top