ലാഹോർ
താൻ ഏതുനിമിഷവും വീണ്ടും അറസ്റ്റിലായേക്കാമെന്ന് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പൊതുതെരഞ്ഞെടുപ്പ് നടത്തിയാൽ തന്റെ പാർടിയായ പാകിസ്ഥാൻ തെഹരീക് ഇ ഇൻസാഫ് (പിടിഐ) വീണ്ടും അധികാരത്തിൽ എത്തുമെന്ന ഭയത്തിലാണ് സർക്കാർ നീക്കമെന്നും വിദേശ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഇമ്രാൻ പറഞ്ഞു.
സമാൻ പാർക്കിലെ ഇമ്രാന്റെ വസതിയിൽ ഒളിച്ചുകഴിയുന്ന നാൽപ്പതോളം ഭീകരവാദികളെ 24 മണിക്കൂറിനുള്ളിൽ വിട്ടുനൽകണമെന്ന് പഞ്ചാബ് പ്രവിശ്യയില കാവൽ സർക്കാർ ഇമ്രാനോട് ആവശ്യപ്പെട്ടിരുന്നു. സമയപരിധി അവസാനിച്ചതോടെ വ്യാഴം വൈകിട്ട് വൻ പൊലീസ് സന്നാഹമെത്തി ഇമ്രാന്റെ വസതി വളഞ്ഞു. അൽ ഖാദിർ ട്രസ്‌റ്റുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ ഇമ്രാന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ഹാജരാകുന്നതിന് പകരം പ്രസ്താവന എഴുതി നൽകി വീട്ടിൽ തുടർന്ന ഇമ്രാൻ വിദേശമാധ്യമങ്ങൾക്ക് അഭിമുഖം നൽകുകയായിരുന്നു.
സമാൻ പാർക്കിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച എട്ടുപേരെ അറസ്റ്റുചെയ്തതായി പൊലീസ് അവകാശപ്പെട്ടിരുന്നു. ഇത് പിടിഐ നിഷേധിച്ചിട്ടുണ്ട്. മുൻ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ സംഘർഷം ഒഴിവാക്കാൻ വീട്ടിലേക്കുള്ള വഴികളെല്ലാം പൊലീസ് ബാരിക്കേഡ് കെട്ടി അടച്ചിട്ടുണ്ട്. മൊബൈൽ, ഇന്റർനെറ്റ് ബന്ധവും വിച്ഛേദിച്ചു. അടുത്തിടെ ഇമ്രാനെ വസതിയിൽനിന്ന് അറസ്റ്റുചെയ്യാൻ എത്തിയ പൊലീസിനെ പിടിഐ പ്രവർത്തകർ തടഞ്ഞതിനെ തുടർന്നുണ്ടായ ഏറ്റുമുട്ടൽ രാജ്യത്തെ കലാപഭൂമിയാക്കിയിരുന്നു.
നേരത്തേ രാജ്യത്തെ അഭിസംബോധന ചെയ്ത ഇമ്രാൻ, തട്ടിപ്പുകാരും കൊള്ളക്കാരുമാണ് ഇപ്പോൾ പാകിസ്ഥാൻ ഭരിക്കുന്നതെന്നും ആരോപിച്ചിരുന്നു. രാജ്യം വലിയ ദുരന്തത്തിലേക്കാണ് പോകുന്നതെന്നും ഇദ്ദേഹം മുന്നറിയിപ്പുനൽകി.
അതേസമയം, പിടിഐക്കുള്ളിലും കലാപം രൂക്ഷമാകുകയാണ്. പ്രധാന നേതാവായ മാലിക് അമീൻ അസ്‌ലം പാർടി വിട്ടതായി പ്രഖ്യാപിച്ചു. കൂടുതൽ നേതാക്കൾ രാജിവയ്ക്കാനുള്ള സാധ്യതയും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..