05 April Sunday

ഇംപീച്ച്‌മെന്റ്‌ നാടകം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Feb 7, 2020

വാഷിങ്‌ടൺ> അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ  ഇംപീച്ച്‌മെന്റ്‌ ലോകം  പ്രതീക്ഷിച്ചതുപോലെതന്നെ കഴിഞ്ഞു. രാഷ്‌ട്രീയപ്രതിയോഗിയെ കേസിൽ കുടുക്കാൻ വിദേശരാജ്യത്തിനുമേൽ സമ്മർദം ചെലുത്തി എന്ന ഗുരുതരമായ ആരോപണം നേരിട്ട ട്രംപിനെ സെനറ്റ്‌ കുറ്റവിമുക്തമാക്കി. അധികാരദുർവിനിയോഗം നടത്തി എന്ന കുറ്റാരോപണം 48നെതിരെ 52 വോട്ടിനും യുഎസ്‌ കോൺഗ്രസിന്റെ അന്വേഷണം തടസ്സപ്പെടുത്തി എന്ന കുറ്റാരോപണം  47നെതിരെ 53 വോട്ടിനുമാണ്‌ റിപ്പബ്ലിക്കൻ ഭൂരിപക്ഷ സെനറ്റ്‌ തള്ളിയത്‌. നിഷ്‌പക്ഷമായി നീതിപൂർവം വിധിയെഴുതും എന്ന്‌ കുറ്റവിചാരണ ആരംഭിക്കുന്നതിനുമുമ്പ്‌ പ്രതിജ്ഞചെയ്‌ത സെനറ്റർമാർ കക്ഷി അടിസ്ഥാനത്തിൽത്തന്നെ വോട്ട്‌ ചെയ്‌തതോടെ അമേരിക്കൻ സെനറ്റിന്റെ ചരിത്രത്തിലെ മൂന്നാമത്തെ ഇംപീച്ച്‌മെന്റ്‌  പ്രഹസനമായി.

മുൻ വൈസ്‌ പ്രസിഡന്റും വരുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്‌ പാർടി സ്ഥാനാർഥിയാകാൻ സാധ്യതയുള്ളയാളുമായ ജോ ബൈഡനെ കേസിൽ കുടുക്കാൻ ഉക്രെയ്‌ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കിക്കുമേൽ സമ്മർദം ചെലുത്തുകയും ആ രാജ്യത്തിന്‌ കോൺഗ്രസ്‌ അംഗീകരിച്ച ധനസഹായം തടഞ്ഞുവയ്‌ക്കുകയുംചെയ്‌ത സംഭവത്തിലാണ്‌ ട്രംപിനെ കോൺഗ്രസ്‌ ഇംപീച്ച്‌ ചെയ്‌തത്‌.

ഡെമോക്രാറ്റുകൾക്ക്‌ ഭൂരിപക്ഷമുള്ള  പ്രതിനിധിസഭ  ഡിസംബറിൽ ഇംപീച്ച്‌മെന്റ്‌ പ്രമേയം പാസാക്കി.  സെനറ്റിലെത്തിയപ്പോൾ കൂടുതൽ സാക്ഷികളെയും പുതിയ രേഖകളും അവതരിപ്പിക്കാനുള്ള ഡെമോക്രാറ്റുകളുടെ ശ്രമം റിപ്പബ്ലിക്കന്മാർ തടഞ്ഞു. ബുധനാഴ്‌ച നടന്ന അന്തിമ വോട്ടെടുപ്പിൽ രണ്ട്‌ കുറ്റാരോപണങ്ങളും തള്ളി. 100 പേരുള്ള സെനറ്റിൽ ഇംപീച്ച്‌മെന്റ്‌ പ്രമേയം പാസാകാൻ മൂന്നിൽ രണ്ട്‌ അംഗങ്ങളുടെ(67) പിന്തുണ വേണമായിരുന്നു. 53 റിപ്പബ്ലിക്കന്മാരിൽ മിറ്റ്‌ റോംനി മാത്രം ആദ്യ ആരോപണത്തെ അനുകൂലിച്ച്‌ ഡെമോക്രാറ്റുകൾക്കൊപ്പം വോട്ട്‌ ചെയ്‌തു. രണ്ടാമത്തെ കുറ്റത്തിൽ മിറ്റ്‌ റോംനിയും ട്രംപിനെ അനുകൂലിച്ചു. 2012ലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഒബാമയ്‌ക്കെതിരെ റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായിരുന്ന റോംനി ട്രംപിന്റെ കടുത്ത വിമർശകനാണ്‌.

ട്രംപിനെ കോൺഗ്രസ്‌ കുറ്റവിമുക്തനാക്കിയെന്ന്‌ വൈറ്റ്‌ഹൗസ്‌ അവകാശപ്പെട്ടു. എന്നാൽ, റിപ്പബ്ലിക്കന്മാർ വസ്‌തുതകളും ജനങ്ങളുടെ ഇച്ഛയും ഭരണഘടനയോടുള്ള ഉത്തരവാദിത്തവും അവഗണിച്ചെന്ന്‌ ഡെമോക്രാറ്റുകൾ കുറ്റപ്പെടുത്തി.


പ്രധാന വാർത്തകൾ
 Top